പുണ്യരാവിനെ എങ്ങനെ സ്വീകരിക്കാം

ആമുഖം

എല്ലാ സ്തുതിയും സർവ്വലോക പരിപാലകനായ അല്ലാഹുവിനാണ്. വിജ്ഞാനത്തിന്റെയും ഹിദായത്തിന്റെയും കവാടങ്ങൾ നമുക്ക് മുന്നിൽ തുറന്നു തന്നവനും, പരിശുദ്ധമായ റമദാനിന്റെ ഈ പുണ്യനിമിഷങ്ങളിൽ ജീവിക്കാൻ നമുക്ക് ആയുസ്സും ആരോഗ്യവും നൽകിയവനുമായ റബ്ബിനെ ഞാൻ സ്തുതിക്കുന്നു.!

ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ആ രാവിനെ (ലൈലത്തുൽ ഖദ്ർ) എങ്ങനെ ആവേശത്തോടെ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ലളിതമായ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാനും അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാനും സഹായിക്കുന്ന പ്രായോഗികമായ ചില നിർദ്ദേശങ്ങളും പ്രാർഥനകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്റെ ഈ ചെറിയ പരിശ്രമം അല്ലാഹു സ്വീകരിക്കട്ടെ. ഈ പുസ്തകം വായിക്കുന്നവർക്കും ഇതിലെ നന്മകൾ ജീവിതത്തിൽ പകർത്തുന്നവർക്കും ലൈലത്തുൽ ഖദ്റിന്റെ പൂർണ്ണമായ പ്രതിഫലം അവൻ നൽകി അനുഗ്രഹിക്കട്ടെ.

എന്താണ് ലൈലത്തുൽ ഖദ്ർ?

പലരും ലൈലത്തുൽ ഖദ്റിനെ ഒരു സാധാരണ രാത്രിയായിട്ടാണ് കാണുന്നത്. എന്നാൽ ക്വുർആനിലും ഹദീസിലും ഇതിന്റെ മഹത്വം വിവരിക്കാനാവാത്തത്ര വലുതാണ്.

1. ക്വുർആനിലെ വിവരണം:

അല്ലാഹു ഈ രാത്രിയെക്കുറിച്ച് ഒരു സൂറത്ത് തന്നെ അവതരിപ്പിച്ചു (സൂറത്തുൽ ഖദ്ർ) തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) ലൈലത്തുൽ ഖദ്റിൽ അവതരിപ്പിച്ചു. ലൈലത്തുൽ ഖദ്ർ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ ഉത്തമമാണ്."

ആയിരം മാസങ്ങൾ: ഒരു രാത്രിയിലെ ആരാധന ഏകദേശം 83 വർഷവും 4 മാസവും തുടർച്ചയായി ആരാധിച്ചതിനേക്കാൾ പുണ്യകരമാണ്.അതായത്, ഈ രാത്രിയിൽ നിങ്ങൾ ഒരു തവണ 'സുബ്ഹാനള്ളാഹ്' എന്ന് പറഞ്ഞാൽ, അത് 83 വർഷം തുടർച്ചയായി ഓരോ നിമിഷവും സുബ്ഹാനള്ളാഹ് എന്ന് പറഞ്ഞതിനേക്കാൾ വലിയ പ്രതിഫലം നൽകുന്നു.

മലക്കുകളുടെ ഇറക്കം: അന്നേ ദിവസം ജിബ്രീൽ عليه السلام ഉം മലക്കുകളും ഭൂമിയിലേക്ക് ഇറങ്ങിവരികയും പ്രാർത്ഥിക്കുന്നവർക്ക് സലാം പറയുകയും ചെയ്യുന്നു.

വിധിയുടെ രാത്രി: വരാനിരിക്കുന്ന ഒരു വർഷത്തെ കാര്യങ്ങൾ (ആയുസ്സ്, ഭക്ഷണം, സംഭവങ്ങൾ) മലക്കുകൾക്ക് അല്ലാഹു കൈമാറുന്ന രാത്രിയാണിത്.

ബറക്കത്തിന്റെ രാത്രി

"തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയായിരുന്നു." (സൂറത്തു ദുഖാൻ: 3)

ലൈലത്തുൽ ഖദ്റിനെ അല്ലാഹു വിശേഷിപ്പിച്ചത് 'മുബാറകായ' അഥവാ ബറക്കത്തുള്ള രാത്രി എന്നാണ്. ഈ രാത്രിയിൽ ചെയ്യുന്ന ഇബാദത്തുകൾക്കും പ്രാർത്ഥനകൾക്കും മറ്റു സമയങ്ങളേക്കാൾ വലിയ പ്രതിഫലവും ബറക്കത്തുമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

2. ഹദീസിലെ വിവരണം:

പാപമോചനം: നബി പറഞ്ഞു: "ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി നിസ്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ ചെറിയ പാപങ്ങൾ പൊറുക്കപ്പെടും." (ബുഖാരി, മുസ്ലിം)  

സർവ്വ നന്മകളും നഷ്ടപ്പെടുന്നവൻ:ഈ രാത്രിയെ അശ്രദ്ധമായി കാണുന്നവർ വലിയ നഷ്ടത്തിലാണെന്ന് റസൂൽ മുന്നറിയിപ്പ് നൽകുന്നു.

നബി  പറഞ്ഞു: "റമദാൻ ഇതാ നിങ്ങളിൽ എത്തിയിരിക്കുന്നു. അതിൽ ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ഒരു രാത്രിയുണ്ട്. അതിലെ നന്മ ആർക്ക് തടയപ്പെടുന്നുവോ, അവന് എല്ലാ നന്മകളും തടയപ്പെട്ടിരിക്കുന്നു. ഭാഗ്യം കെട്ടവനല്ലാതെ ആ രാത്രിയിലെ നന്മ തടയപ്പെടുകയില്ല." (ഇബ്നു മാജ).

മലക്കുകളുടെ ആധിക്യം

 "മലക്കുകളും റൂഹും (ജിബ്രീൽ അലൈഹിസ്സലാം) അവരുടെ രക്ഷിതാവിൻ്റെ ഉത്തരവനുസരിച്ച് എല്ലാ കാര്യങ്ങൾക്കുമായി ആ രാത്രിയിൽ ഇറങ്ങിവരുന്നു." (സൂറത്തുൽ ഖദ്ർ: 4)

എപ്പോഴാണ് ഈ രാത്രി?: നബി(സ) പറഞ്ഞു: "റമദാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാത്രികളിൽ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കുക." (ബുഖാരി) - (21, 23, 25, 27, 29 രാത്രികൾ).

ആ രാത്രിയെ നമുക്ക് എങ്ങനെ തിരിച്ചറിയാം?

ലൈലത്തുൽ ഖദ്റിനെ തിരിച്ചറിയാൻ പ്രധാനമായും ആ രാത്രിയിലെ കാലാവസ്ഥയെയും പിറ്റേന്ന് പ്രഭതത്തിലെ സൂര്യനെയുമാണ് നബി അടയാളങ്ങളായി പറഞ്ഞിട്ടുള്ളത്.

1. ശാന്തവും മിതമായതുമായ കാലാവസ്ഥ

ആ രാത്രി അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത, ഹൃദയത്തിന് കുളിർമ്മ നൽകുന്ന ഒന്നായിരിക്കും.

قَالَ ﷺ: "لَيْلَةُ الْقَدْرِ لَيْلَةٌ طَلْقَةٌ سَمْحَةٌ، لَا حَارَّةٌ وَلَا بَارِدَةٌ" (رواه الطيالسي)

"ലൈലത്തുൽ ഖദ്ർ സുഖകരമായ, പ്രശാന്തമായ ഒരു രാത്രിയാണ്. അത് അമിതമായ ചൂടുള്ളതോ തണുപ്പുള്ളതോ ആയിരിക്കില്ല."

2. പിറ്റേന്നത്തെ സൂര്യോദയം (കിരണങ്ങളില്ലാത്ത സൂര്യൻ)

മലക്കുകൾ കൂട്ടത്തോടെ ആകാശത്തേക്ക് തിരിച്ചുപോകുന്നത് കൊണ്ട് സൂര്യന്റെ പ്രകാശ കിരണങ്ങൾക്ക് മങ്ങൽ ഏൽക്കുന്നതായി പണ്ഡിതന്മാർ വിശദീകരിക്കുന്നു.

عَنْ أُبَيِّ بْنِ كَعْبٍ رَضِيَ اللَّهُ عَنْهُ قَالَ ﷺ: "تَطْلُعُ الشَّمْسُ فِي صَبِيحَةِ يَوْمِهَا بَيْضَاءَ لَا شُعَاعَ لَهَا" (رواه مسلم)

"ഉബയ്യുബ്നു കഅ്ബ് (റ) നിവേദനം ചെയ്യുന്നു: നബി പറഞ്ഞു: "ലൈലത്തുൽ ഖദ്റിന് ശേഷമുള്ള പ്രഭാതത്തിൽ സൂര്യൻ ഉദിച്ചുയരുന്നത് വെളുത്ത നിറത്തിലായിരിക്കും, അതിന് (കണ്ണഞ്ചിപ്പിക്കുന്ന) പ്രകാശകിരണങ്ങൾ ഉണ്ടായിരിക്കുകയില്ല." (സ്വഹീഹ് മുസ്ലിം)

3. ചന്ദ്രന്റെ ആകൃതി (പാതി പിളർന്ന പാത്രം പോലെ)

ആ രാത്രിയിലെ ചന്ദ്രനെ കാണാൻ ഒരു പ്രത്യേക  ആകൃതിയുണ്ടാവുമെന്ന് നബി പറഞ്ഞിട്ടുണ്ട്:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: تذاكرنا ليلة القدر عند رسول الله ﷺ فقال: "أَيُّكُمْ يَذْكُرُ حِينَ طَلَعَ الْقَمَرُ وَهُوَ مِثْلُ شِقِّ جَفْنَةٍ؟" (رواه مسلم)

ഞങ്ങൾ നബി  യോടൊപ്പം ലൈലത്തുൽ ഖദ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: "ചന്ദ്രൻ ഉദിച്ചുയരുമ്പോൾ അത് ഒരു വലിയ പാത്രത്തിന്റെ പകുതി പോലെ (പാതി പിളർന്ന തളിക പോലെ) ഇരിക്കുന്നത് നിങ്ങളിൽ ആരാണ് ഓർക്കുന്നത്?"

4.ആകാശത്ത് ഉൽക്കാപതനങ്ങളുടെ അഭാവം

ആ രാത്രിയിൽ പിശാചുക്കൾക്ക് ആകാശത്തേക്ക് പ്രവേശനമില്ലാത്തതിനാൽ ഉൽക്കാപതനങ്ങൾ (Shooting stars) ഉണ്ടാവില്ലെന്ന് ചില റിവായത്തുകളിൽ വന്നിട്ടുണ്ട്.

قَالَ ﷺ: "إِنَّهَا لَيْلَةٌ سَادِجَةٌ بَلْجَةٌ، كَأَنَّ فِيهَا قَمَرًا سَاطِعًا، لَا يُرْمَى فِيهَا بِنَجْمٍ حَتَّى تُصْبِحَ" (رواه أحمد)

"അന്ന് പ്രകാശപൂർണ്ണമായ രാത്രിയായിരിക്കും. ഉദിച്ചുനിൽക്കുന്ന ചന്ദ്രനെപ്പോലെ തിളക്കമുള്ള രാത്രി. പ്രഭാതം വരെ നക്ഷത്രങ്ങൾ എറിയപ്പെടാത്ത (ഉൽക്കാപതനങ്ങളില്ലാത്ത) രാത്രിയായിരിക്കും അത്."

ലൈലത്തുൽ ഖദ്റിന്റെ മഹത്വം നാം മനസ്സിലാക്കി കഴിഞ്ഞു. എന്നാൽ ഈ പുണ്യം എങ്ങനെയാണ് നമ്മൾ സ്വന്തമാക്കേണ്ടത്? നമുക്ക് പലപ്പോഴും ആഗ്രഹം ഉണ്ടാകുമെങ്കിലും, ഈ രാത്രികൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാൻ ഉണ്ടാകാറില്ല.

  • ഏത് ദുആ ചൊല്ലണം?
  • എപ്പോൾ വിശ്രമിക്കണം?
  • എങ്ങനെ നന്മകൾ വർദ്ധിപ്പിക്കണം?

ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ലളിതമായ പ്രായോഗിക കർമ്മരേഖ.

ഭാഗം 1: ഇഫ്താർ മുതൽ മഗ്രിബ് വരെ

നോമ്പ് തുറക്കുന്ന സമയം പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്ന സുപ്രധാന നിമിഷമാണ്.

"മൂന്ന് ആളുകളുടെ പ്രാർഥന തള്ളപ്പെടുകയില്ല: നീതിമാനായ ഭരണാധികാരി, നോമ്പുകാരൻ നോമ്പ് തുറക്കുന്നത് വരെ, മർദ്ദിതന്റെ പ്രാർത്ഥന." (തിർമിദി)

അതിനാൽ ആ നിമിഷം പരമാവധി പ്രാർഥനയ്ക്കായി ഉപയോഗിക്കുക.

ബാങ്ക് കേൾക്കുമ്പോൾ തന്നെ നോമ്പ് തുറക്കാൻ ധൃതി കാണിക്കുക.അതോടൊപ്പം മുഅദ്ദിൻ പറയുന്നത് ഏറ്റുപറയുകയും ചെയ്യുക.

ഭക്ഷണത്തിന് മുൻപുള്ള മര്യാദകളും ദുആയും

بِسْمِ اللهِഎന്ന് പറഞ്ഞതിന് ശേഷം ഈ ദുആ കൂടി ചൊല്ലുന്നത് വലിയ പുണ്യമാണ്:

اللَّهُمَّ بَارِكْ لَنَا فِيمَا رَزَقْتَنَا وَقِنَا عَذَابَ النَّارِ

"അല്ലാഹുവേ, നീ ഞങ്ങൾക്ക് നൽകിയ ഭക്ഷണത്തിൽ (ഉപജീവനത്തിൽ) ബർക്കത്ത് (അഭിവൃദ്ധി) നൽകേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ."

മറ്റൊരു പ്രാർഥന:

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ

അല്ലാഹുവേ, ഈ ഭക്ഷണത്തിൽ ഞങ്ങൾക്ക് നീ ബർക്കത്ത് (അഭിവൃദ്ധി) നൽകേണമേ, ഇതിനേക്കാൾ ഉത്തമമായത് ഞങ്ങൾക്ക് നീ നൽകുകയും ചെയ്യേണമേ."

  •  ഭക്ഷണം കഴിക്കാൻ വലതുകൈ മാത്രം ഉപയോഗിക്കുക.

ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുന്നതാണ് ഏറ്റവും വലിയ സുന്നത്ത്. ഈത്തപ്പഴം ഇല്ലെങ്കിൽ വെള്ളം കൊണ്ട് തുറക്കുക.

ഒറ്റയക്കത്തിലുള്ള (1, 3, 5) എണ്ണത്തിൽ ഈത്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്.

  • മുന്നിൽ നിന്ന് കഴിക്കുക: പാത്രത്തിന്റെ തന്റെ അടുത്തുള്ള ഭാഗത്ത് നിന്ന് കഴിക്കുക.
  • ഇരുന്ന് കഴിക്കുക: നിലത്തോ മറ്റോ ഇരുന്ന് കഴിക്കുക.
  • ഭക്ഷണത്തെ പരിഹസിക്കുകയോ കുറ്റം പറയുകയോ ചെയ്യരുത്.
  • വയർ നിറയെ കഴിക്കാതെ ലഘുവായ ഭക്ഷണത്തോടെ തുടങ്ങുക.
  • കുടുംബത്തോടൊപ്പമോ മറ്റുള്ളവർക്കൊപ്പമോ ഇരുന്ന് തുറക്കുന്നത് ബർക്കത്തിന് കാരണമാകും.
  • മറ്റുള്ളവർക്ക് നോമ്പ് തുറക്കാൻ ഭക്ഷണം നൽകുക (അതിലൂടെ നോമ്പുകാരന്റെ അതേ പ്രതിഫലം നിങ്ങൾക്കും ലഭിക്കും)

നമ്മെ ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിക്കുകയോ, നമുക്ക് ഭക്ഷണം നൽകുകയോ ചെയ്താൽ അവർക്ക് വേണ്ടി ഈ ദുആ ചെയ്യാം:

اَللّٰهُمَّ أَطْعِمْ مَنْ أَطْعَمَنِي وَأَسْقِ مَنْ أَسْقَانِي

 "അല്ലാഹുവേ, എനിക്ക് ഭക്ഷണം നൽകിയവർക്ക് നീയും ഭക്ഷണം നൽകേണമേ, എനിക്ക് പാനീയം നൽകിയവർക്ക്  പാനീയം നൽകേണമേ."

നോമ്പ് തുറന്ന ഉടൻ ഈ ദുആ ചൊല്ലുകയും ചെയ്യുക

ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ الله 

"ദാഹം തീർന്നു, ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു."

ഭക്ഷണത്തിന് ശേഷം

ഭക്ഷണം കഴിഞ്ഞ് അൽഹംദുലില്ലാഹ് പറയുക. താഴെ പറയുന്ന ദുആ അതീവ പ്രാധാന്യമുള്ളതാണ്:

الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا، وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ

"എന്റെ യാതൊരു കഴിവോ കരുത്തോ കൂടാതെ എനിക്ക് ഈ ആഹാരം നൽകുകയും, ഇത് എനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും."

 നബി പറഞ്ഞു: "ആരെങ്കിലും ഭക്ഷണം കഴിച്ച ശേഷം ഈ ദുആ ചൊല്ലിയാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും." (അബൂദാവൂദ്, തിർമിദി).

വെള്ളം കുടിക്കുമ്പോഴുള്ള സുന്നത്തുകൾ

  • കുടിക്കുന്നതിന് മുൻപ് 'ബിസ്മില്ലാഹ്' എന്ന് പറയുക.
  • വെള്ളം കുടിക്കുമ്പോൾ ഇരിക്കാൻ ശ്രദ്ധിക്കുക.
  • വലതുകൈ കൊണ്ട് ഗ്ലാസ് പിടിക്കുക.
  • ഒറ്റയടിക്ക് കുടിക്കാതെ മൂന്ന് തവണയായി കുടിക്കുക
  • കുടിക്കുന്നതിനിടയിൽ ഗ്ലാസിലേക്ക് ശ്വാസം വിടരുത്.
  • കുടിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുക.

കുടിക്കുമ്പോൾ പ്രത്യേകമായി ഈ ദുആ കൂടി സുന്നത്തുണ്ട്:

اَللّٰهُمَّ بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ

"അല്ലാഹുവേ, ഇതിൽ ഞങ്ങൾക്ക് നീ ബർക്കത്ത് നൽകുകയും, ഇതിനേക്കാൾ ഉത്തമമായത് ഞങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകുകയും ചെയ്യേണമേ."

ബാങ്കിന് ശേഷം നബി പേരിൽ സ്വലാത്ത് ചൊല്ലുക ശേഷം വസീലയുടെ ദുആയും ചൊല്ലുക:

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ

"പരിപൂർണ്ണമായ ഈ വിളിയുടെയും നിസ്കാരത്തിന്റെയും രക്ഷിതാവായ അല്ലാഹുവേ! മുഹമ്മദ് നബി ക്ക് നീ 'വസീല'യും ശ്രേഷ്ഠതയും നൽകേണമേ. നീ വാഗ്ദാനം ചെയ്ത പുകഴ്ത്തപ്പെട്ട സ്ഥാനത്ത് അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്യേണമേ."

ശ്രദ്ധിക്കുക: ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന സമയമാണ്. സ്വന്തം കാര്യങ്ങൾക്ക് ശേഷം മാതാപിതാക്കൾ, മരണപ്പെട്ടുപോയ ബന്ധുക്കൾ, രോഗികൾ, കഷ്ടത അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മുസ്ലീം ഉമ്മത്ത് എന്നിവർക്കായി പ്രത്യേകം ദുആ ചെയ്യുക.

വുളൂഅ്

വുളൂവിന് മുൻപ് പല്ല് തേക്കുന്നത് വലിയ പുണ്യമാണ്. 

വുളൂ കഴിഞ്ഞ് ആകാശത്തേക്ക് നോക്കി ഈ ദുആ ചൊല്ലുക:

أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്ന്, അവൻ ഒറ്റയ്ക്കാണ്, അവന് പങ്കാളിയില്ല. മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അല്ലാഹുവേ, എന്നെ പശ്ചാത്തപിക്കുന്നവരിലും, ശുദ്ധി വരുത്തുന്നവരിലും ഉൾപ്പെടുത്തേണമേ.

നബി പറഞ്ഞു”:നിങ്ങളിൽ ആരെങ്കിലും മനോഹരമായ രീതിയിൽ വുദു എടുക്കുകയും ശേഷം ഈ ദുആ ചൊല്ലുകയും ചെയ്താൽ സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളും അയാൾക്കായി തുറക്കപ്പെടും." (സ്വഹീഹ് മുസ്ലിം).

  • വുളൂവിനു ശേഷം രണ്ട് റക്അത്ത് നിസ്കരിക്കുന്നതും സുന്നത്താണ്.

മഗ്രിബ് നിസ്കാരത്തിന് തൊട്ടുമുമ്പായി (അദാനിനും ഇഖാമത്തിനും ഇടയിൽ) രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരമുണ്ട്.  സുന്നത്ത് നിസ്കാരം പൂർത്തിയാക്കി പള്ളിയിലേക്ക് പോകാൻ തയ്യാറെടുക്കുക.

പള്ളിയിലേക്കുള്ള യാത്ര 

വീടിന്റെ പടിയിറങ്ങുമ്പോൾ: പ്രാർഥന ചൊല്ലുക:

 بِسْمِ اللّٰهِ، تَوَكَّلْتُ عَلَى اللّٰهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللّٰه

 "അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു. അല്ലാഹുവിൽ ഞാൻ സർവ്വവും ഭരമേൽപ്പിക്കുന്നു. അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല."

ഇത് ചൊല്ലുന്നതിലൂടെ അല്ലാഹുവിന്റെ സംരക്ഷണം ആ നിമിഷം മുതൽ നിങ്ങളെ പൊതിയുന്നു.

നിങ്ങളുടെ യാത്ര വാഹനത്തിലാണെങ്കിൽ, അതിൽ കയറി ഇരുന്ന ഉടനെ ദുആ ചൊല്ലുക:

سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنا لَمُنْقَلِبُونَ

ഈ വാഹനത്തെ ഞങ്ങൾക്ക് വിധേയമാക്കിത്തന്നവൻ എത്രയോ പരിശുദ്ധൻ! ഞങ്ങൾക്ക് ഇതിനെ കീഴ്പ്പെടുത്താൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങേണ്ടവരാണ്

  • പരമാവധി നടന്ന് പോകാൻ ശ്രമിക്കുക, നടന്നു പോവുകയാണെങ്കിൽ ഓരോ ചുവടിനും പ്രതിഫലമുണ്ടെന്ന് ഓർക്കുക.

വുളുവോടെ പള്ളിയിലേക്ക് നടന്നു പോകുന്നവന് ഓരോ ചുവടുകൾ വയ്ക്കുമ്പോഴും ഒരു പാപം പൊറുക്കപ്പെടുകയും ഒരു പദവി ഉയർത്തപ്പെടുകയും ചെയ്യുന്നു.(ബുഖാരി,മുസ്ലിം)

ടൗണിലൂടെയോ അങ്ങാടിയിലൂടെയോ ആണ് നിങ്ങളുടെ വഴി എങ്കിൽ,അവിടെ വെച്ച് പ്രവേശിക്കുമ്പോൾ:

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، وَهُوَ حَيٌّ لَا يَمُوتُ، بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. അവൻ ഏകനാണ്, അവന് പങ്കുകാരില്ല. സർവ്വ ആധിപത്യവും അവന്നാണ്, സ്തുതിയും അവന്നാണ്. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നും ജീവിച്ചിരിക്കുന്നവനാണ്, ഒരിക്കലും മരിക്കുകയില്ല. സർവ്വ നന്മകളും അവന്റെ കൈവശമാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.

നബി അരുളി: ആരെങ്കിലും അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലിയാൽ:

  • അയാൾക്ക് പത്തുലക്ഷം പുണ്യങ്ങൾ (നന്മകൾ) രേഖപ്പെടുത്തും.
  • അയാളുടെ പത്തുലക്ഷം പാപങ്ങൾ പൊറുക്കപ്പെടും.
  • അയാൾക്ക് സ്വർഗ്ഗത്തിൽ ഒരു കൊട്ടാരം നിർമ്മിക്കപ്പെടും.

ഭാഗം 2: പള്ളിയിൽ ശ്രദ്ധിക്കാൻ ചില സുന്നത്തുകൾ

പള്ളിക്ക് അരികിലെത്തുമ്പോൾ മനസ്സിൽ ഭക്തി നിറച്ച് വലതുകാൽ വെച്ച് പ്രവേശിക്കുക. 

പടികൾ കയറുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് ദിക്ർ ചൊല്ലുക.

 പള്ളിയിൽ നിൽക്കുന്ന സമയം മുഴുവൻ ഇബാദത്തായി മാറാൻ "ഈ പള്ളിയിൽ ഇരിക്കുന്ന സമയം മുഴുവൻ ഞാൻ ഇഅ്തികാഫ് ഇരിക്കാൻ കരുതി" എന്ന് മനസ്സിൽ നിയ്യത്ത് ചെയ്യുക.

നബി യുടെ മേൽ സ്വലാത്തും സലാമും ചൊല്ലി 

اَللّٰهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ.എന്ന് പ്രാർത്ഥിക്കുക. 

പള്ളിയിൽ കയറിയാൽ ഉടൻ ഇരിക്കാതെ രണ്ട് റക്അത്ത് 'തഹിയ്യത്ത്' നിസ്കരിക്കുക.

ജമാഅത്ത് നിസ്കാരത്തിലെ സുന്നത്തുകൾ

പള്ളിയിൽ ഒന്നാം നിരയിൽ നിൽക്കാൻ ശ്രമിക്കുക.

നബി പറഞ്ഞു: "ആളുകൾ ഒന്നാം നിരയുടെ മഹത്വവും അതിലേക്കുള്ള മുൻഗണനയും അറിയുമെങ്കിൽ അവർക്ക് അതിലേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വരും." (ബുഖാരി, മുസ്ലിം)

നബി പറഞ്ഞു: "ആദ്യത്തെ വരിയിലുള്ളവർക്ക് വേണ്ടി അല്ലാഹു റഹ്മത്ത് വർഷിക്കുന്നു, മലക്കുകൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു."(അബൂദാവൂദ്, നസാഈ)

വരികൾ നേരെയാക്കുക: "നിങ്ങൾ വരികൾ നേരെയാക്കുക, അത് നിസ്കാരം പൂർണ്ണമാകുന്നതിന്റെ ഭാഗമാണ്." (ബുഖാരി).

വിടവുകൾ അടക്കുക: "നിങ്ങൾ തോളുകൾ ചേർത്തുനിൽക്കുക, വിടവുകൾ അടക്കുക." (അബൂദാവൂദ്).

ഇമാമിന്റെ തൊട്ടുപിന്നിലായും പിന്നീട് വലതുഭാഗത്തായും നിൽക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്.

ഇമാമിനെ പിന്തുടരുക: "ഇമാം തക്ബീർ ചൊല്ലിയാൽ മാത്രം നിങ്ങൾ ചൊല്ലുക, അദ്ദേഹം റുകൂഇലേക്ക് പോയാൽ മാത്രം നിങ്ങൾ പോവുക." (ബുഖാരി).

ആമീൻ പറയുക: "ഇമാം ആമീൻ പറയുമ്പോൾ നിങ്ങളും പറയുക; മലക്കുകളുടെ ആമീനുമായി അത് ഒത്തുചേർന്നാൽ പാപങ്ങൾ പൊറുക്കപ്പെടും." (ബുഖാരി).

ശ്രദ്ധിച്ചു കേൾക്കുക: ഇമാം ഉറക്കെ ഓതുന്ന നിസ്കാരങ്ങളിൽ (സുബ്ഹി, മഗ്രിബ്, ഇശാ) ഓത്ത് ശ്രദ്ധിച്ചു കേൾക്കുക.

മഗ്രിബ് ജമാഅത്തിന് ശേഷം ബാക്കിയുള്ള റവാത്തിബ് സുന്നത്തുകളും ദിക്റുകളും പൂർത്തിയാക്കുക. 

ഫർള് നിസ്കാരം കഴിഞ്ഞാൽ സുന്നത്ത് നിസ്കരിക്കാനായി നിൽക്കുന്ന സ്ഥലം മാറുന്നത് നല്ലതാണ്.

മഗ്രിബിനും ഇശാഇനും ഇടയിലുള്ള സമയം വെറുതെ കളയാതെ ക്വുർആൻ പാരായണത്തിനോ ഉപയോഗിക്കുക.

ഭാഗം 2: ഇശാഅ്,തറാവീഹ്, വിത്ർ, മറ്റു രാത്രി ആരാധനകൾ

മഗ്രിബ് കഴിഞ്ഞ് ഇശാഅ് വരെ പള്ളിയിൽ ഇരിക്കുന്നത് അതിർത്തി കാക്കുന്ന സൈനികന്റെ പുണ്യത്തിന് തുല്യമാണ്. അല്ലാഹു മലക്കുകളോട് ഇപ്രകാരം പറയുമെന്ന് ഹദീസിലുണ്ട്:

"എന്റെ ദാസന്മാരെ നോക്കൂ, അവർ ഒരു നിർബന്ധ നിസ്കാരം പൂർത്തിയാക്കി അടുത്തതിനായി കാത്തിരിക്കുന്നു." (അല്ലാഹു നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനപൂർവ്വം സംസാരിക്കും).

നിങ്ങൾക്കായി മലക്കുകൾ പ്രാർഥിക്കും:

اللَّهُمَّ اغْفِرْ لَهُ ، اللَّهُمَّ ارْحَمْهُ

അല്ലാഹുവേ, ഇവന് നീ പൊറുത്തു കൊടുക്കേണമേ, ഇവനോട് നീ കരുണ കാണിക്കേണമേ

നബി പറഞ്ഞുനിങ്ങൾ നിസ്കാരം കാത്തിരിക്കുന്നിടത്തോളം കാലം നിങ്ങൾ നിസ്കാരത്തിൽ തന്നെയാണ്.

ഇശാ ബാങ്ക് കൊടുക്കുമ്പോൾ അത് ഏറ്റുപറയുകയും ബാങ്കിന് ശേഷം പ്രാർഥിക്കുകയും ചെയ്യുക. 

ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയമാണ്.

ഇഖാമത്തിന് ശേഷം ഒന്നാം സ്വഫിൽ നിന്ന് ഇശാഅ് നിസ്കരിക്കാൻ ശ്രമിക്കുക.

ഇശാഅ് ജമാഅത്തായി നിസ്കരിക്കുന്നത് രാത്രി പകുതിയോളം നിസ്കരിച്ച പ്രതിഫലം നൽകുന്നു.

ഇശാഅ് ശേഷമുള്ള റവാത്തിബ് സുന്നത്തും ദിക്റുകളും പൂർത്തിയാക്കുക.

ഇശാ നിസ്കാരത്തിന് ശേഷം തറാവീഹ് നിസ്കാരം ആരംഭിക്കുന്നു. ഇത് റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട സുന്നത്ത് നിസ്കാരമാണ്.

തറാവീഹ് നിസ്കാരം

തറാവീഹ് നിസ്കാരത്തിൽ പൂർണ്ണമായി പങ്കെടുക്കുക. ഇമാമിനോടൊപ്പം നിസ്കാരം പൂർത്തിയാക്കുന്നത് രാത്രി മുഴുവൻ നിസ്കരിച്ച പ്രതിഫലം ലഭിക്കാൻ കാരണമാകും.

നിസ്കാരത്തിനിടയിലുള്ള വിശ്രമ വേളകളിൽ ദിക്റുകളിലും സ്വലാത്തുകളിലും മുഴുകുക.

വിത്ർ നിസ്കാരം

രാത്രിയിലെ അവസാന നിസ്കാരമായി വിത്റിനെ മാറ്റുക. വിത്ർ നിസ്കരിച്ച ശേഷം താഴെ പറയുന്ന ദിക്ർ മൂന്ന് തവണ ചൊല്ലുക (മൂന്നാം തവണ ശബ്ദം അല്പം നീട്ടി ചൊല്ലുക):

سُبْحَانَ الْمَلِكِ الْقُدُّوسِ

സർവ്വനാഥനും പവിത്രനുമായ അല്ലാഹു എത്രയധികം പരിശുദ്ധനാണ്

ഭാഗം 3: പുലരും വരെ പള്ളിയിൽ (ഇഅ്തികാഫ്)

തറാവീഹും വിത്റും കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം, സുബ്ഹി വരെ പള്ളിയിൽ തന്നെ ചെലവഴിക്കാൻ ശ്രമിക്കുക.

ഇഅ്തികാഫ് - അല്ലാഹുവിലേക്കുള്ള മടക്കം

പള്ളിയിൽ ആരാധനയ്ക്കായി മാത്രം ഭൗതിക ലോകത്തുനിന്ന് വിട്ടുനിൽക്കുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്.

"നബി മരിക്കുന്നത് വരെ റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു." (ബുഖാരി, മുസ്ലിം)

പ്രവാചകൻ പള്ളിയിൽ തനിക്കായി ഒരു ചെറിയ കൂടാരം (tent) കെട്ടുകയും അതിൽ ആരാധനകളിൽ മുഴുകുകയും ചെയ്യുമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവിടുന്ന് പുറത്തിറങ്ങാറില്ലായിരുന്നു.

നബി ഇഅ്തികാഫ് ഇരിക്കുമ്പോൾ തന്റെ ഹൃദയത്തെ പൂർണ്ണമായും ദുനിയാവിൽ നിന്ന് വേർപെടുത്തുമായിരുന്നു.

ആയിഷ  رضي الله عنها പറയുന്നു:"അവസാന പത്ത് പ്രവേശിച്ചാൽ നബി തന്റെ അരമുറുക്കി ഉടുക്കുകയും രാത്രിയെ സജീവമാക്കുകയും തന്റെ കുടുംബത്തെ ഉണർത്തുകയും ചെയ്യുമായിരുന്നു." (ബുഖാരി)

ഇഅ്തികാഫിന്റെ മര്യാദകൾ :

പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇഅ്തികാഫിന്റെ നിയ്യത്ത് ചെയ്യുക.

ലക്ഷ്യം: അല്ലാഹുവുമായുള്ള ബന്ധം പുതുക്കുക. ആളുകളുമായി സംസാരിക്കാനോ സോഷ്യൽ മീഡിയ ഉപയോഗിക്കാനോ ഉള്ള സമയമല്ല ഇത്.

എപ്പോൾ പുറത്തിറങ്ങാം?: മലമൂത്ര വിസർജ്ജനം, കുളി, പള്ളിയിൽ ലഭ്യമല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ എന്നിവയ്ക്ക് വേണ്ടി മാത്രം പുറത്തുപോകാം.

ചെയ്യേണ്ട കാര്യങ്ങൾ:

  • ക്വുർആൻ ഓതുക
  • ദിക്റുകൾ ചൊല്ലുക
  • സുന്നത്ത് നിസ്കാരങ്ങൾ വർദ്ധിപ്പിക്കുക
  • അല്ലാഹുവോട് കരഞ്ഞു പ്രാർത്ഥിക്കുക.

ഇഅ്തികാഫ് മുറിയുന്ന കാര്യങ്ങൾ:

  • കാരണമില്ലാതെ പള്ളിയിൽ നിന്ന് പുറത്തുപോവുക.
  • ഭാര്യാഭർത്തൃ ബന്ധം (ലൈംഗിക ബന്ധം).
  • മദ്യപാനം അല്ലെങ്കിൽ ബോധക്ഷയം.

പള്ളിയിൽ തന്നെ കഴിയുന്നതിലൂടെ ആ മഹത്തായ രാത്രിയിലെ ഒരു സെക്കന്റ് പോലും പാഴായിപ്പോകില്ല എന്ന് നമുക്ക് ഉറപ്പിക്കാം.

പള്ളി അല്ലാഹുവിന്റെ ഭവനമാണ്. അവന്റെ വീട്ടിൽ വന്ന് അവന്റെ സഹായം തേടുന്നവനെ അവൻ ഒരിക്കലും കൈവിടില്ല.

അത്താഴത്തിന്റെ ബറക്കത്ത്

സുബ്ഹിക്ക് മുൻപായി അത്താഴം കഴിക്കുക എന്നത് വലിയ പ്രതിഫലമുള്ള സുന്നത്താണ്.

നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും അത്താഴത്തിൽ ബറക്കത്തുണ്ട്. (ബുഖാരി, മുസ്ലിം)

ഒരു തുള്ളി വെള്ളം കുടിച്ചാണെങ്കിലും ഈ സുന്നത്ത് നിർവ്വഹിക്കാൻ ശ്രദ്ധിക്കുക. 

സുബ്ഹി ബാങ്കിന് തൊട്ടുമുൻപുള്ള സമയം പാപമോചനത്തിനായി (ഇസ്തിഗ്ഫാർ) ഉപയോഗിക്കുക 

സുബ്ഹി ജമാഅത്ത്

രാത്രി മുഴുവൻ ഉണർന്നിരുന്ന ശേഷം സുബ്ഹി നിസ്കാരം ജമാഅത്തായി തന്നെ നിർവ്വഹിക്കുക.

"ഒരാൾ ഇശാ നിസ്കാരം ജമാഅത്തായി നിർവ്വഹിച്ചാൽ അവൻ രാത്രിയുടെ പകുതി നിസ്കരിച്ചവനെപ്പോലെയാണ്. സുബ്ഹിയും ജമാഅത്തായി നിർവ്വഹിച്ചാൽ അവൻ രാത്രി മുഴുവൻ നിസ്കരിച്ചവനെപ്പോലെയാണ്." (മുസ്ലിം)

സുബ്ഹി ജമാഅത്തായി നിസ്കരിച്ച് അവിടെ തന്നെ ഇരുന്ന് സൂര്യോദയം വരെ ദിക്റുകളിൽ മുഴുകുകയും, അൽപം കയിഞ്ഞ് (15 മിനുട്ട്) രണ്ട് റക്അത്ത് (ളുഹാ) നിസ്കരിക്കുകയും ചെയ്യുന്നവർക്ക് ഒരു ഹജ്ജിന്റെയും ഉംറയുടെയും പൂർണ്ണമായ പ്രതിഫലം ലഭിക്കുമെന്ന് നബി   പഠിപ്പിച്ചിട്ടുണ്ട്.

ഭാഗം 4: അമൂല്യമായ ദിക്റുകളും ദുആകളും

റമദാനിലെ ലളിതമായ ദിക്റുകളും അവയുടെ പ്രതിഫലങ്ങളും

വിശ്വാസികൾക്കായി പാപമോചനം തേടൽ:

اللَّهُمَّ اغْفِرْ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ

അല്ലാഹുവേ, സത്യവിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും നീ പൊറുത്തുനൽകേണമേ

നിങ്ങളുടെ ദുആയിൽ ഈ വരികൾ ഉൾപ്പെടുത്തുക.

പ്രതിഫലം: ഭൂമിയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഓരോ വിശ്വാസിയുടെയും എണ്ണത്തിന് തുല്യമായ നന്മകൾ നിങ്ങൾക്ക് ലഭിക്കും.

سُبْحَانَ اللهِ وَبِحَمْدِهِ

"അല്ലാഹു എത്ര പരിശുദ്ധൻ, അവനെ സ്തുതിക്കുന്നതോടൊപ്പം."

ദിവസവും 100 തവണ ചൊല്ലുക.

പ്രതിഫലം: ഒരാളുടെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിൽ പോലും അല്ലാഹു അത് പൊറുത്തു കൊടുക്കും.

 سُبْحَانَ اللهِ

"അല്ലാഹു എത്ര പരിശുദ്ധൻ,”

100 തവണ ചൊല്ലുക.

പ്രതിഫലം: ഇതിലൂടെ 1000 നന്മകൾ ലഭിക്കുകയും 1000 തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യുന്നു.

سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ

"അല്ലാഹു എത്ര പരിശുദ്ധൻ, അവനെ സ്തുതിക്കുന്നതോടൊപ്പം; മഹാനായ അല്ലാഹു എത്ര പരിശുദ്ധൻ."

പ്രതിഫലം: നാവിന് വളരെ എളുപ്പമുള്ളതും എന്നാൽ മീസാനിൽ (തൂക്കത്തിൽ) വലിയ ഭാരമുള്ളതുമായ രണ്ട് കലിമകൾ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരു മരം നട്ടുപിടിപ്പിക്കാൻ ഈ ദിക്ർ ചൊല്ലുക

 سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ

രാവിലെ ചൊല്ലേണ്ട പ്രാർഥനകൾ :

أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِ وَالْحَمْدُ لِلهِ، لاَ إِلٰهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمِ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ

ഈ പ്രഭാതത്തിൽ മുഴുവൻ ആധിപത്യവും അല്ലാഹുവിന് മാത്രമായിരിക്കെ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ ദിനത്തിലെ നന്മയും ശേഷമുള്ള ദിനങ്ങളിലെ നന്മയും ഞാൻ തേടുന്നു. ഈ ദിനത്തിലെ തിന്മയിൽ നിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. അല്ലാഹുവേ അലസതയിൽ നിന്നും വാർധ്യക്യത്തിലെ ദുരിതത്തിൽനിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. എൻറെ റബ്ബേ നരകത്തിലെയും ഖബറിലേയും ശിക്ഷയിൽ നിന്നും നിന്നോട് രക്ഷ തേടുന്നു.

اللّهُـمَّ بِكَ أَصْـبَحْنَا وَبِكَ أَمْسَـيْنَا ، وَبِكَ نَحْـيَا وَبِكَ نَمـُوتُ وَإِلَـيْكَ النُّشُورُ

അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കും.

أَصْـبَحْنَا عَلَـى فِطْـرَةِ الإسْلَام ، وَعَلَـى كَلِـمَةِ الإخْـلَاصِ ، وَعَلَـى دِينِ نَبِـيِّنَا مُحَـمَّدٍ وَعَلَى مِلَّةِ أَبِينَـا إِبْـرَاهِيـمَ حَنِيـفاً مُسْلِـماً وَمَـا كَـانَ مِنَ المُشْـرِكِيـنِ

ഇസ്ലാമിന്റെ ഫിത്റത്തിലും, ഇഖ്ലാസ്വിന്റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി യുടെ ദീനിലും, ഋജുമനസ്കനും മുസ്ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു.

اللّهُـمَّ إِنِّـي أَسْـأَلُـكَ العَـفْوَ وَالعَـافِـيةَ فِي الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلِي وَمَالـِي ، اللّهُـمَّ اسْتُـرْ عَـوْرَاتِي وَآمِـنْ رَوْعَاتِـي ، اللّهُـمَّ احْفَظْـنِي مِن بَـيْنِ يَدَيَّ وَمِنْ خَلْفـِي وَعَن يَمِـينِي وَعَن شِمـَالِي ، وَمِن فَوْقـِي ، وَأَعُـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتِـي

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ദീനിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാന്അഭയം തേടുന്നു.

اللّهُـمَّ عَافِـنِي فِي بَدَنِـي ، اللّهُـمَّ عَافِـنِي في سَمْـعِي ، اللّهُـمَّ عَافِـنِي فِي بَصَـرِي ، لَا إِلهَ إلاّ أَنْـتَ. اللّهُـمَّ إِنّـي أَعُـوذُبِكَ مِنَ الْكُـفْرِ ، وَالفَـقْرِ ، وَأَعـُوذُبِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ

(3 തവണ)

അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവേ കുഫ്റിൽനിന്നും ദാരിദ്ര്യത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു ഖബറിലേയും ശിക്ഷയിൽ നിന്നും നിന്നോട് രക്ഷ തേടുന്നു നിയെല്ലാതെ യാതൊരു ആരാധ്യനുമില്ല.

اللّهُـمَّ فاطِـرَ السَّمَاوَاتِ وَالأَرْضِ, عَالِـمَ الغَـيْبِ وَالشّـهَادَةِ, رَبَّ كُـلِّ شَـيءٍ وَمَلِيـكَهُ ، أَشْهَـدُ أَنْ لا إِلـهَ إِلاّ أَنْتَ ، أَعُـوذُ بِكَ مِن شَـرِّ نَفْسـِي وَمِن شَـرِّ الشَّيْـطَانِ وَشِـرْكِهِ ، وَأَنْ أَقْتَـرِفَ عَلَـى نَفْسـِي سُوءاً أَوْ أَجُـرَّهُ إِلَـى مُسْـلِم

ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടെയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാൻ അവൻ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. ഞാൻ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽനിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

يا حَـيُّ يا قَيّـومُ بِـرَحْمَـتِكَ أَسْتَـغِـيثُ ، أَصْلِـحْ لِي شَـأْنـِي كُلَّـهُ ، وَلَا تَكِلْـنِي إِلَى نَفْـسِي طَـرْفَةَ عَـين

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാൻ സഹായം അർഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്നനേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപിക്കരുതേ

اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزْقاً طَيِّباً، وَعَمَلاً مُتَقَبَّلاً

അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കർമവും ഞാൻ നിന്നോട് ചോദിക്കുന്നു.

سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضَـا نَفْسِـهِ ، وَزِنَـةَ عَـرْشِـهِ ، وَمِـدَادَ كَلِمـَاتِـهِ

(‘3 തവണ)

അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്വാഴ്ത്തുന്നു..

بِسْـمِ اللهِ الَّذِي لَا يَضُـرُّ مَعَ اسْمِـهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَـاءِ وَهُـوَ السَّمِـيعُ العَلـِيم

(3 തവണ )

അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവൻ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

സയ്യിദുൽ ഇസ്തിഗ്ഫാർ 

اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ

"അല്ലാഹുവേ, നീയാണെന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധനയ്ക്കർഹനില്ല. നീ എന്നെ പടച്ചു, ഞാൻ നിന്റെ ദാസനാണ്. എനിക്ക് കഴിയുന്നത്ര നിന്റെ കരാറിലും വാഗ്ദാനത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ ചെയ്ത തിന്മകളിൽ നിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങളെ ഞാൻ സമ്മതിക്കുന്നു, എന്റെ പാപങ്ങളെയും ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ, നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവൻ മറ്റാരുമില്ല."

അറിവോടെയും ഉറച്ച വിശ്വാസത്തോടെയും ഒരു രാത്രി ചൊല്ലുകയും അന്ന് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗാവകാശിയാണെന്ന് നബി പഠിപ്പിച്ചു.

 أَسْتَغْفِرُ اللهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ وَأَتُوبُ إِلَيْه

എന്നെന്നും ജീവിക്കുന്നവനായ അല്ലാഹുവോട് ഞാൻ പാപമോചനം തേടുന്നു” (3 തവണ)

അല്ലാഹു ഒരാളുടെ എല്ലാ പാപങ്ങളും പൊറുത്തു നൽകും.

اللَّهُمَّ أَجِرْنِي مِنَ النَّارِ

അല്ലാഹുവേ, നരകത്തിൽ നിന്നും നീ എനിക്ക് കാവൽ നൽകേണമേ."

സൂറത്തുൽ ഇഖ്ലാസ് -(3 തവണ):ക്വുർആൻ മുഴുവൻ ഓതിയ പ്രതിഫലം

رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ ﷺ نَبِيًّا

"അല്ലാഹുവിനെ രക്ഷിതാവായും, ഇസ്ലാമിനെ മതമായും, മുഹമ്മദ് നബി യെ പ്രവാചകനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു."

ഇത് ചൊല്ലുന്നവർക്ക് സ്വർഗ്ഗം വാജിബായി (നിർബന്ധമായി) എന്ന് നബി   പറഞ്ഞിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന:

ആയിഷ رضي الله عنها ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, ലൈലത്തുൽ ഖദ്ർ ഏത് രാത്രിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്?" നബി പറഞ്ഞു: "നീ ഇപ്രകാരം പറയുക:

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

(അല്ലാഹുവേ, നീ മാപ്പ് നൽകുന്നവനാണ്, മാപ്പിനെ ഇഷ്ടപ്പെടുന്നവനുമാണ്, അതിനാൽ എനിക്ക് നീ മാപ്പ് നൽകേണമേ.)" (തിർമിദി).

ഭാഗം 5: പ്രാർഥനയുടെ മര്യാദകൾ

അല്ലാഹുവിനോട് പ്രാർഥിക്കുമ്പോൾ ഉത്തരം ലഭിക്കാൻ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക:

  1. ദുആ തുടങ്ങുമ്പോൾ അല്ലാഹുവിനെ പുകഴ്ത്തുക (ഉദാ: അൽഹംദുലില്ലാഹ്). അല്ലാഹുവിന്റെ മനോഹരമായ നാമങ്ങൾ (അസ്മാഉൽ ഹുസ്ന) ഉപയോഗിച്ച് അവനെ വിളിക്കുകയും പ്രവാചകൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക.
  2. ഖിബ്ലയ്ക്ക് അഭിമുഖമായി തിരിഞ്ഞ്, ഹൃദയത്തിൽ വിനയത്തോടെ കൈകൾ ഉയർത്തി പ്രാർഥിക്കുക. 
  3. അല്ലാഹു എന്റെ പ്രാർഥന തീർച്ചയായും കേൾക്കുന്നുണ്ടെന്നും അവൻ എനിക്ക് ഉത്തരം നൽകുമെന്നും ഉറച്ചു വിശ്വസിക്കുക. 
  4. പാപങ്ങൾ നമ്മുടെ ദുആക്ക് തടസ്സമാകാതിരിക്കാൻ തുടക്കത്തിൽ തന്നെ പാപമോചനം തേടുക. "
  5. സ്വന്തം ആവശ്യങ്ങൾക്കൊപ്പം മാതാപിതാക്കൾക്കും, കുടുംബത്തിനും, ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കുക. നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കുമ്പോൾ മലക്കുകൾ നമുക്ക് വേണ്ടിയും പ്രാർഥിക്കുന്നു.

ദുആക്ക് ഉത്തരം ലഭിക്കുന്ന സുവർണ്ണ നിമിഷങ്ങൾ:

ഈ സമയങ്ങളിൽ പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക:

  1. നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പ്: നോമ്പുകാരന്റെ പ്രാർഥന അല്ലാഹു തള്ളിക്കളയുകയില്ല.
  2. അന്ത്യയാമം: ഫജ്റിന് മുമ്പുള്ള തഹജ്ജുദിന്റെ സമയം.
  3. സുജൂദ്: ഒരു അടിമ തന്റെ റബ്ബിനോട് ഏറ്റവും അടുക്കുന്ന നിമിഷം.
  4. ബാങ്കിനും ഇഖാമത്തിനും ഇടയിൽ: ഈ ഇടവേളയിലെ പ്രാർഥനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.

ദുആ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ :

പേരെടുത്ത് പറയുക: നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടിയാണ് ദുആ ചെയ്യുന്നതെങ്കിൽ അവരുടെ പേര് പറഞ്ഞ് തന്നെ അല്ലാഹുവിനോട് ചോദിക്കുക.

കുറ്റസമ്മതം നടത്തുക: "അല്ലാഹുവേ, ഞാൻ ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ട്, നീ എനിക്ക് പൊറുത്തുതരണമേ" എന്ന് വിനയത്തോടെ ഏറ്റുപറയുക.

രഹസ്യമായി ചോദിക്കുക: പള്ളിയിൽ ഇരിക്കുമ്പോൾ മറ്റാരും കേൾക്കാത്ത വിധം ഹൃദയം തുറന്ന് അല്ലാഹുവിനോട് സംസാരിക്കുക.

ഭാഗം 6: ഈ പത്ത് രാത്രികളിൽ മറന്നുപോകാതിരിക്കാൻ

1. കടങ്ങൾ വീടാനും വിഷമങ്ങൾ മാറാനും

അമിതമായ കടബാധ്യതയോ പ്രയാസമോ ഉള്ളവർ ഈ രാത്രികളിൽ താഴെ പറയുന്ന ദിക്ർ പതിവാക്കുക:

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ، أَصْلِحْ لِي شَأْنِي كُلَّهُ، وَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ

"എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വതിനെയും നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ (യാ ഹയ്യു യാ ഖയ്യൂം), നിന്റെ കാരുണ്യത്താൽ ഞാൻ നിന്നോട് സഹായം തേടുന്നു. എന്റെ എല്ലാ കാര്യങ്ങളും നീ ശരിയാക്കിത്തരേണമേ (നന്നാക്കിത്തരേണമേ). കണ്ണ് ചിമ്മുന്ന അത്രയും സമയം പോലും (ഒരു നിമിഷം പോലും) എന്നെ എന്റെ نفس-ലേക്ക് (എന്റെ സ്വന്തത്തിലേക്ക്) നീ കൈവിടരുതേ."

2. ശത്രുതകൾ തീർക്കുക 

അല്ലാഹു നമുക്ക് മാപ്പ് നൽകണമെങ്കിൽ, നാം മറ്റുള്ളവർക്ക് മാപ്പ് നൽകണം. ഈ പത്ത് രാത്രികളിൽ ഒന്നിൽ, നിങ്ങളുടെ മനസ്സിൽ ആരോടെങ്കിലും വിദ്വേഷമുണ്ടെങ്കിൽ അത് അല്ലാഹുവിനു വേണ്ടി പൊരുത്തപ്പെട്ടു കൊടുക്കുക.

"നീ മാപ്പ് നൽകുകയാണെങ്കിൽ അല്ലാഹു നിനക്കും മാപ്പ് നൽകും."

3. അൽപമെങ്കിലും ദിവസവും ധർമ്മം ചെയ്യുക

ദിവസവും ചെറിയൊരു തുക സ്വദഖ (Charity) നൽകാൻ മാറ്റിവെക്കുക. അത് ലൈലത്തുൽ ഖദ്റിലാണെങ്കിൽ 83 വർഷം തുടർച്ചയായി ധർമ്മം ചെയ്ത പ്രതിഫലം ലഭിക്കും.

4. അവസാന പത്തിലെ എല്ലാ രാത്രികളിലും ആരാധനകൾ ചെയ്യുക: എല്ലാ രാത്രിയിലും 2 റക്അത്ത് അധികമായി നിസ്കരിച്ചാൽ, 83 വർഷം നിസ്കരിച്ച പ്രതിഫലം ഉറപ്പാക്കാം.

ഭാഗം 7: സ്ത്രീകൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

കുടുംബത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നതും അവരെ നോക്കുന്നതും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചാണെങ്കിൽ അത് വലിയൊരു ആരാധനയാണ്. അല്ലാഹുവേ, നോമ്പുകാർക്ക് ഭക്ഷണം നൽകുന്നതിലൂടെ എനിക്കും പുണ്യം നൽകേണമേ" എന്ന് നിയ്യത്ത് ചെയ്യുക.

ഭക്ഷണം പാകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും നാവുകൊണ്ട് ദിക്റുകൾ (സുബ്ഹാനള്ളാഹ്, അൽഹംദുലില്ലാഹ്, ഇസ്തിഗ്ഫാർ) ചൊല്ലിക്കൊണ്ടിരിക്കുക.

പലപ്പോഴും ആർത്തവം കാരണം പത്ത് രാത്രികളിൽ നിസ്കരിക്കാൻ കഴിയാത്ത സ്ത്രീകൾ നിരാശരാകാറുണ്ട്. അവർക്കായി :

നിസ്കരിക്കാനോ നോമ്പ് നോൽക്കാനോ സാധിക്കാത്ത ദിവസങ്ങളിലും സ്ത്രീകൾക്ക് ലൈലത്തുൽ ഖദ്റിന്റെ പുണ്യം പൂർണ്ണമായും നേടാം. 

ദുആകൾ: നബി പഠിപ്പിച്ച പ്രധാന ദുആ (اللَّهُمَّ إِنَّكَ عَفُوٌّ...) ധാരാളമായി ചൊല്ലുക.

ദിക്റുകൾ: സുബ്ഹാനള്ളാഹി വബിഹംദിഹി, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകൾക്ക് യാതൊരു തടസ്സവുമില്ല.

ക്വുർആൻ പാരായണം: മുസ്ഹഫ് (അച്ചടിച്ച ക്വുർആൻ) നേരിട്ട് സ്പർശിക്കാതെ തന്നെ, മൊബൈൽ ഫോണിലോ ടാബ്ലറ്റിലോ ഉള്ള ക്വുർആൻ ആപ്പുകൾ നോക്കി നിങ്ങൾക്ക് ക്വുർആൻ പാരായണം ചെയ്യാവുന്നതാണ്. ഇതിന് യാതൊരു തടസ്സവുമില്ലെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.

ധർമ്മം: ഈ രാത്രികളിൽ പണമോ ഭക്ഷണമോ ധർമ്മം ചെയ്യുന്നത് തുടരുക.

ഇസ്തിഗ്ഫാർ: പാപമോചനം തേടി അല്ലാഹുവിലേക്ക് മടങ്ങുക.

സേവനം: നോമ്പ് തുറപ്പിക്കാനും അത്താഴം ഒരുക്കാനും സഹായിക്കുന്നത് വലിയ പുണ്യമാണ്.

നാവിനെ സൂക്ഷിക്കുക: നോമ്പ് ഉണ്ടെങ്കിലും അവസാന പത്ത് രാത്രികളിൽ പോലും പരദൂഷണം ,കള്ളം പറയൽ എന്നിവ സംഭവിക്കാം. മൗനം പാലിക്കുന്നതും ഒരു ഇബാദത്താണ്.

സമയം പാഴാക്കരുത്: അവസാന പത്തിലെ ഷോപ്പിംഗുകൾ, പെരുന്നാൾ പലഹാര നിർമ്മാണം എന്നിവ പകൽ സമയത്തോ അല്ലെങ്കിൽ റമദാനിന്റെ ആദ്യ വാരങ്ങളിലോ പൂർത്തിയാക്കാൻ ശ്രമിക്കുക. രാത്രികൾ ആരാധനയ്ക്കായി മാത്രം മാറ്റിവെക്കുക.

നന്മയുടെ വിശാലമായ വഴികൾ

ഈ ഗൈഡ് ബുക്കിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു തുടക്കം മാത്രമാണ്. എന്നാൽ നന്മയുടെ വാതിലുകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്, അത് അല്ലാഹുവിനറിയാം.

നാം നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ഈ പുണ്യരാത്രികളിൽ വലിയ പ്രതിഫലമായി മാറും:

ഒരാളോടുള്ള പുഞ്ചിരി, ഒരു സലാം, അല്ലെങ്കിൽ ആരോടെങ്കിലും പറയുന്ന നല്ലൊരു വാക്ക്ഇവ പോലും ആയിരം മാസത്തെ നന്മയുടെ തൂക്കം നേടിയേക്കാം.

ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പോലും, "നന്മ ചെയ്യണമെന്ന ആത്മാർത്ഥമായ നിയ്യത്ത്" മാത്രം മതി അല്ലാഹുവിൽ നിന്ന് പ്രതിഫലം സ്വന്തമാക്കാൻ.

യഥാർഥത്തിൽ, "ഈ രാത്രികളിൽ എനിക്ക് എത്രത്തോളം നേടാം?" എന്ന നിങ്ങളുടെ ആഗ്രഹത്തിലാണ് കാര്യം. ഒരു കച്ചവടക്കാരന്റെ ആവേശത്തോടെ പുണ്യങ്ങൾക്കായി മത്സരിക്കുക. ചിലർക്ക് അത് നിസ്കാരത്തിലൂടെയാണെങ്കിൽ, മറ്റു ചിലർക്ക് അത് മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിലൂടെയോ പാവങ്ങളെ സഹായിക്കുന്നതിലൂടെയോ ആവാം.

നമ്മുടെ ചെറിയ പ്രവർത്തികളെ മലയോളം വലിയ പ്രതിഫലമായി അല്ലാഹു സ്വീകരിക്കട്ടെ.

സമാപനം: ഈ അവസരം പാഴാക്കരുത്

പ്രിയ വിശ്വാസീ,

ഈ പത്തു രാത്രികൾ അല്ലാഹു നമുക്ക് നൽകിയ വലിയൊരു സമ്മാനമാണ്. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ആ രാത്രി ഏതാണെന്ന് നമുക്കറിയില്ലെങ്കിലും, എല്ലാ രാത്രികളിലും നാം ആത്മാർത്ഥമായി പരിശ്രമിച്ചാൽ തീർച്ചയായും ആ പുണ്യം നമുക്ക് ലഭിക്കും. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ദിക്റുകളും ദുആകളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക. ഈ റമദാൻ നമ്മുടെ ജീവിതത്തിലെ അവസാനത്തേതാണെന്ന ബോധത്തോടെ ഓരോ നിമിഷവും ധന്യമാക്കുക. അല്ലാഹു നമ്മുടെ എല്ലാ ഇബാദത്തുകളും സ്വീകരിക്കട്ടെ.

"അല്ലാഹുവേ, ഈ പത്ത് രാത്രികളിൽ നീ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തേണമേ. ആമീൻ."

ഈ ചെറിയ പുസ്തകം നിങ്ങളുടെ കൈകളിലെത്തിയത് വെറുതെയല്ല. അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമായി ഇതിനെ കാണുക. ഈ പത്ത് രാത്രികൾ നമ്മെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കമാണ്. കഴിഞ്ഞുപോയ വീഴ്ചകൾക്ക് മാപ്പിരക്കാനും, വരാനിരിക്കുന്ന വർഷങ്ങളിൽ അല്ലാഹുവിന്റെ പ്രീതിയിൽ ജീവിക്കാനുമുള്ള വലിയൊരു അവസരം.

നമ്മുടെ പ്രാർഥനകളിൽ ലോകമെമ്പാടുമുള്ള മുസ്ലിം ഉമ്മത്തിനെ കൂടി ഉൾപ്പെടുത്തുക. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാൻ ഈ രാവുകളിൽ സമയം കണ്ടെത്തുക.

"അല്ലാഹുവേ, ഈ പത്തു രാത്രികളിലെ മുഴുവൻ നന്മകളും ഞങ്ങൾക്ക് നീ പ്രധാനം ചെയ്യേണമേ. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്ന ഭാഗ്യവാന്മാരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ." (ആമീൻ)