പുകവലി; അപകടവും, ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളും

തീർച്ചയായും ഇസ്ലാം കടന്നുവന്നത് ശരീരത്തെ ശുദ്ധീകരിക്കാനും, അതിനെ മ്ലേച്ഛമാക്കുന്ന കാര്യങ്ങളിൽ നിന്ന് സംസ്കരിക്കാനും, ഉപദ്രവമുണ്ടാക്കുന്നവയിൽ നിന്ന് സംരക്ഷിക്കാനും വേണ്ടിയാണ്. അല്ലാഹു പറയുന്നു : 

لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ [آل عمران : ١٦٤]

തീര്‍ച്ചയായും, സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാല്‍, അല്ലാഹു അവര്‍ക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്; അവന്‍റെ 'ആയത്തു' [ലക്ഷ്യം]കള്‍ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, മുമ്പ് അവര്‍ വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു. [ആലു ഇംറാൻ : 164]

അതുകൊണ്ടുതന്നെ ആ ശരീരത്തിന് ഉപകരിക്കുന്ന വിശിഷ്ടമായ വസ്തുക്കളെ അല്ലാഹു അനുവദനീയമാക്കുകയും, അതിന് ഉപദ്രവമുണ്ടാക്കുന്ന മോശമായ വസ്തുക്കളെ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു :

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَٰٓئِثَ [الأعراف : ١٥٧]

അവര്‍ക്ക്‌ അദ്ദേഹം (അന്ത്യപ്രവാചകൻ) നല്ല (വിശിഷ്‌ട) വസ്‌തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്‌തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. [അഅ്‌റാഫ് : 157]

പ്രവാചകൻ അരുളി

((لا ضَررَ ولا ضِرَار))

"ദ്രോഹം ചെയ്യാനോ പരസ്പരം ഉപദ്രവിക്കാനോ പാടില്ല"

ആരോഗ്യമുള്ള ബുദ്ധി സ്വീകാര്യ യോഗ്യമായ പ്രമാണങ്ങളോട് യോജിക്കുന്നതും, ശരീരത്തെ ഉപദ്രവിക്കുന്ന മോശമായ കാര്യങ്ങളെ നിരസിക്കുന്നതുമാണ്. അതുപോലെ ശുദ്ധപ്രകൃതി ശരീരാരോഗ്യത്തെ കളങ്കപ്പെടുത്തുന്നതും, മലിനപ്പെടുത്തുന്നതുമായ കാര്യങ്ങളെ വിസമ്മതിക്കുന്നതുമാണ്.

ഇത്തരത്തിൽ വ്യാപിക്കുകയും, ഉപദ്രവമുണ്ടാക്കുകയും, വിനാശകാരിയായി മാറുകയും ചെയ്തിട്ടുള്ള ഒരു പരീക്ഷണമാണ് വ്യത്യസ്ത ഇനത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ. ഇത് ശരീരത്തിനും, ബുദ്ധിക്കും, ആരോഗ്യത്തിനും, സമ്പത്തിനും ഒരുപോലെ ഉപദ്രവമാണ്. കുടുംബക്കാർക്കും കുട്ടികൾക്കും ഉൾപ്പെടെ ഇതിന്റെ ഉപദ്രവമുണ്ടാകുന്നു. ശുദ്ധ പ്രകൃതിയിലുള്ള മനുഷ്യൻ എന്തായാലും ഓടിപ്പോകുമാറ് ദുർഗന്ധമുണ്ടാക്കുന്ന ഒരു വസ്തുവും കൂടിയാണിത്.

പുകയില എന്നത് ഒരു വൃത്തികെട്ട വസ്തുവാണ്. അല്ലാഹുവാകട്ടെ വൃത്തികെട്ട വസ്തുക്കളെ നിഷിദ്ധമാക്കിയിട്ടുമുണ്ട്. അല്ലാഹു പറയുന്നു :  

അവര്‍ക്ക്‌ അദ്ദേഹം (പ്രവാചകൻ) നല്ല (വിശിഷ്‌ട) വസ്‌തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്‌തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. [അഅ്‌റാഫ് : 157]

പുകയില ഉപയോഗിക്കൽ സമ്പത്തിനെ ആവശ്യമില്ലാതെ ദുരുപയോഗം ചെയ്യലാണ്. ദുർവ്യയം കാണിക്കുന്നവർ പിശാചുക്കളുടെ സഹോദരന്മാരാണ്. അല്ലാഹു പറയുന്നു :

إِنَّ ٱلۡمُبَذِّرِينَ كَانُوٓاْ إِخۡوَٰنَ ٱلشَّيَٰطِينِۖ وَكَانَ ٱلشَّيۡطَٰنُ لِرَبِّهِۦ كَفُورًا [الإسراء : ٢٧]

നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും. [ഇസ്റാഅ് : 27]

പുകയില ഉപയോഗം സ്വന്തം ദേഹത്തെ കൊല്ലലാണ്. അല്ലാഹു പറയുന്നു : 

وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ [النساء : ٢٩]

"നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലരുത്." [നിസാഅ്‌ : 29]

പുകവലി സ്വന്തം കരങ്ങളെ നാശത്തിലേക്ക് പതിപ്പിക്കലാണ്

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ [البقرة : ١٩٥]

"നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇട്ടേക്കുകയും ചെയ്യരുത്." [ബഖറ : 195]

പുകവലി നമസ്കാരത്തിന് മുമ്പ് ഉപയോഗിക്കുകയാണെങ്കിൽ നമസ്കരിക്കുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, അത് സ്വന്തം ഭാര്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, പുകവലിക്കാരനിൽ നിന്നും ആളുകൾ ഓടി അകലാൻ കാരണമാക്കുന്നു, ഇത് സന്താനോല്പാദനത്തിന് ബലക്ഷയം ഉണ്ടാക്കുകയും ചെറുപ്പത്തിലുള്ള കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നു, ഇത് പുകവലിക്കാരുടെ മക്കൾ തങ്ങളുടെ പിതാക്കളെ ഇക്കാര്യത്തിൽ അനുകരിക്കാൻ ഇടയാക്കുന്നു, ഇത് മാതാപിതാക്കളോട് ധിക്കാരം പ്രവർത്തിക്കാൻ കാരണമാക്കുന്നു, എത്രയെത്ര പുകവലിക്കാരാണ് ഈ വൃത്തികെട്ട പുകവലി കാരണത്താൽ സ്വന്തം മാതാപിതാക്കളോട് അനുസരണക്കേടും ധിക്കാരവും കാണിച്ചിട്ടുള്ളത് ?!.

കൂടാതെ കുടുംബക്കാർ ഇതിന്റെ ദുർഗന്ധത്തിൽ പ്രയാസപ്പെടുന്നു എന്നതിനാൽ ഇത് കുടുംബ ബന്ധത്തെ മുറിക്കുന്നു.

പുകയില ബുദ്ധിയെ ദുർബലപ്പെടുത്തുകയും, വ്യക്തിത്വത്തെയും ഗാംഭീര്യത്തെയും കളങ്കപ്പെടുത്തുയും ചെയ്യുന്നു, ഇത് ഹൃദ്രോഗങ്ങൾക്കും കണ്ണിലെ രോഗങ്ങൾക്കും ആമാശയ രോഗങ്ങൾക്കും ക്യാൻസറിനും കാരണമാകുകയും പല്ലുകളെയും നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുകവലി കാരണം മോശപ്പെട്ട കൂട്ടുകെട്ട് ഉണ്ടാവുകയും, ആരാധന നിർവഹിക്കാൻ ഭാരം തോന്നുകയും, ഹൃദയത്തിന് കാടത്തവും കുടുസ്സതയും ഉണ്ടാവുകയും ചെയ്യുന്നു. 

പുകവലിയുടെ ചില അപകടങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതിനെ ഇസ്ലാം കർശനമായി വിലക്കിയതാണ്. നേരായ ബുദ്ധിയോ ശുദ്ധമായ പ്രകൃതിയോ ഒരുനിലക്കും തന്നെ സ്വീകരിക്കാത്തതുമാണ് ഈ അപകടകാരിയെ. ഇത് ഒരിക്കലും പൗരുഷത്തെയോ വ്യക്തിത്വത്തെയോ കാണിക്കാനുള്ളതല്ല. പിന്നെ എങ്ങനെയാണ് അല്ലാഹു ആദരിച്ചിട്ടുള്ള മനുഷ്യന്ന് ഇത് ഉപയോഗിക്കുവാൻ സാധിക്കുക ??!!.

തീർച്ചയായും ഇത്തരം പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് പിശാച് അതിനെ പൗരുഷമാക്കിക്കാണിച്ചു കൊടുക്കുകയാണ്. പിശാച് മനുഷ്യനെ ഇവയിലുള്ള മാർഗ്ഗത്തെ അലങ്കാരമാക്കിക്കൊടുക്കുകയും, ഇതിന്റെ മാരകമായ അപകടങ്ങളെ മനസ്സിലാക്കാത്ത രൂപത്തിൽ ഈ തിന്മയെ ഭംഗിയാക്കിത്തരികയുമാണ് ചെയ്യുന്നത്.

ഇതോടൊപ്പം തന്നെ ചില ആളുകൾ മോശപ്പെട്ട ഈയൊരു സ്വഭാവത്തിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ അവർ മാനസികമായ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയും, ഖേദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരാകട്ടെ ഇത് നിരന്തരം ചെയ്യുവാനോ ഇതിന്റെ വാഹകരായി മാറാനോ ആഗ്രഹിക്കുന്നുമില്ല. എന്നാൽ ഈ പുകയിലയെപ്പറ്റി ഓർക്കുമ്പോഴോ കാണുമ്പോഴോ ക്ഷമ കൈക്കൊള്ളാൻ അവർക്ക് സാധിക്കുന്നില്ല.

ആയതിനാൽ പുകവലിയിൽ കുടുങ്ങി അമരുകയും, ആ വിഷത്തെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എന്റെ സഹോദരാ,... താങ്കളോടും എല്ലാ മുസ്ലീങ്ങളോടുമുള്ള ഗുണകാംക്ഷയെന്നോണം ഈ മാരകമായ അപകടത്തെ ഒഴിവാക്കാൻ സഹായകമാവുന്ന ചില കാര്യങ്ങൾ ഞാൻ ഉണർത്തുകയാണ്.

പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ

1. പുകവലിയുടെ അപകടത്തെ പൂർണമായും തിരിച്ചറിയുക, അത് നിന്റെ ശരീരത്തിനും കുടുംബത്തിനും ധനത്തിനും ഉപദ്രവമാണ്.

2. അല്ലാഹുവോടുള്ള പ്രാർത്ഥനയും, സഹായതേട്ടവും വർദ്ധിപ്പിക്കുക. ആരെങ്കിലും സത്യസന്ധമായി അല്ലാഹുവോട് സഹായം തേടിയാൽ അല്ലാഹു അവനെ സഹായിക്കുക തന്നെ ചെയ്യും.

3. ഇതിനെ ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനവും, ഉദ്ദേശ്യവും ഉണ്ടാക്കിയെടുക്കുക. കഴിവ് ഉണ്ടായിരിക്കെ എപ്പോഴൊക്കെ ഉറച്ച ഉദ്ദേശ്യം ഉണ്ടാക്കിയെടുത്തുവോ അപ്പോഴൊക്കെ അവന്റെ ഉദ്ദേശ്യം നടപ്പിലാകും. ഇൻ ഷാ അല്ലാഹ്. 

4. ഉപകാരപ്പെടുന്ന അറിവ് നേടുന്നതിലും, സൽകർമ്മം ചെയ്യുന്നതിലും, ദിവസവും ഖുർആൻ പാരായണം നടത്തുന്നതിലും, അദ്കാറുകൾ കൃത്യമായി പ്രാവർത്തികമാക്കുന്നതിലും, പള്ളിയിൽ അഞ്ച് നേരത്തെ നമസ്കാരം നിലനിർത്തുന്നതിലും, സുന്നത്ത് നമസ്കാരം, ദാനധർമ്മം, വൈജ്ഞാനിക സദസ്സുകളിൽ പങ്കെടുക്കൽ, എന്നിവ അധികരിപ്പിക്കുന്നതിലും വ്യാപൃതനാവുക.

5. ഇതിൽ നിന്ന് മുക്തനാകാൻ റമദ്വാൻ മാസത്തെ ഉപയോഗപ്പെടുത്തുക. പുകവലി പൂർണ്ണമായും ഒഴിവാക്കാനുള്ള ഏറ്റവും നല്ല അവസരമാണ് റമദ്വാൻ മാസം. അപ്രകാരം തന്നെ ശേഷമുള്ള ശവ്വാലിലെ ആറ് നോമ്പ്, തിങ്കൾ വ്യാഴം ദിവസങ്ങളിലെയും, എല്ലാ മാസങ്ങളിലുമുള്ള മൂന്ന് ദിവസങ്ങളിലെയും നോമ്പുകൾ എന്നിവയും അവസരങ്ങളാണ്.

6. പുകവലിക്കാരുടെ കൂടെയുള്ള സഹവാസവും, കൂടിയിരുത്തവും (പ്രത്യേകിച്ച് ഇത് ഉപയോഗിക്കുന്ന സമയത്ത്) പൂർണമായും ഒഴിവാക്കുക. അവരിൽ നിന്നും കഴിയുന്നത്ര അകലാൻ ശ്രമിക്കുകയും ചെയ്യുക.

7. പുകയില എന്ന വിഷത്തെ തടയാൻ സഹായിക്കുന്നതും, ശരീരത്തിന് പോഷണമുണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കുക.

8. ഹിജാമ (കൊമ്പ് വെക്കൽ ചികിത്സ) ഉപയോഗിക്കുന്നത് വർദ്ധിപ്പിക്കുക.

9. കരിഞ്ചീരകം, തേൻ, കൊട്ടം പോലുള്ള പ്രവാചകൻ ﷺ പഠിപ്പിച്ച ഔഷധങ്ങൾ ഉപയോഗിക്കുക.

10. ശരീരത്തെ വൃത്തിയാക്കുന്നതും, ഹൃദയത്തിന് ആശ്വാസം നൽകുന്നതുമായ പ്രകൃതി ഔഷധങ്ങളെ ഉപയോഗിക്കുക. ഉദാഹരണം : കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, മുനി സസ്യം.

11. സിവാക് ഉപയോഗിച്ച് പല്ലു തേക്കുക. അത് റബ്ബിന് തൃപ്തിയുണ്ടാക്കുന്നതും വായക്ക് ശുദ്ധിയുണ്ടാക്കുന്നതുമാണ്. ഇതിന്റെ കൂടെത്തന്നെ മോശമായ പുകവലിയുടെ ദുർഗന്ധത്തെ ഒഴിവാക്കുകയും ചെയ്യുക.

12. ഒഴിവു സമയത്തെ ഉപകാരമുള്ള കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെക്കുക. 

13. പടിപടിയായിക്കൊണ്ടല്ലാതെ നേരിട്ട് തന്നെ പുകവലിയിൽ നിന്നും മുക്തനാവുക. തിന്മയിൽ നിന്നും പെട്ടെന്ന് തന്നെ മുക്തനാവുക എന്നത് തൗബയുടെ നിബന്ധനയാണ്. ആരെങ്കിലും ഉറച്ച തീരുമാനമെടുത്താൽ അന്നേരം തന്നെ നിഷിദ്ധമായ കാര്യത്തെ ഒഴിവാക്കാൻ കഴിയും.

14. പുകവലിക്കാരെ പുകവലിക്കാൻ കാരണമാക്കുന്ന കോപം, അസ്വസ്ഥത തുടങ്ങിയ മാനസികമായ പ്രയാസങ്ങളെ ശരിയായ രീതിയിൽ തന്നെ ചികിത്സിക്കുക. പുകവലി ഒരിക്കലും ഇവയ്ക്ക് പരിഹാരമല്ല. മറിച്ച്, ഇവയെ അധികമാക്കുന്നതുമാണ്. അതുകൊണ്ട് കോപത്തെ അടക്കിപ്പിടിക്കുകയും പിശാചിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുകയും, മറ്റൊരു സ്ഥലത്തേക്ക് മാറുകയും, കുളിക്കുകയും, അല്ലാഹുവിനെ സ്മരിക്കുകയും, ഇവയെ മറപ്പിക്കുന്ന തരത്തിലുള്ള പണികളിൽ ഏർപ്പെടുകയും ചെയ്യുക.

15. നീ പുകവലി ഒഴിവാക്കുകയും ശേഷം അത് ആവർത്തിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്താൽ ഒരിക്കലും നിരാശപ്പെടരുത്. മറിച്ച് വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുക. തൗബ വർദ്ധിപ്പിക്കുകയും ചെയ്യുക.

16. പുകവലിയെ ഒഴിവാക്കാനുള്ള ചികിത്സ നടത്തുന്ന വിശ്വാസയോഗ്യമായ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

അല്ലാഹു ഈ മാരകമായ പുകവലിയിൽ പെട്ടുപോയവരെ മുക്തരാക്കുമാറാകട്ടെ.

ആമീൻ...

وصلى الله على نبينا محمد والحمد لله رب العالمين...

^^^^^^^^^^^^^^^^^^^^^^

 *എഴുതിയത് :* ഷൈഖ് ഡോ. അഹ്മദു ബ്നു ഖദ്ലാൻ അൽ മസ്റൂഈ حفظه الله

 *ആശയ വിവർത്തനം :* ഫായിസ് മഹ്മൂദ് അൽഹികമി