പിതാവല്ല; പുത്രനുമല്ല

പിതാവല്ല; പുത്രനുമല്ല

ദൈവത്തെ പിതാവായും പുത്രനായും സങ്കല്‍പിക്കുന്നതിനെ കുര്‍ആന്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്. ക്വുര്‍ആനിലെ ഏറ്റവും ചെറിയ ഒരു സൂറ(അദ്ധ്യായ)ത്തിലെ ആശയം ഇവിടെ പകര്‍ത്തുന്നു;
"പ്രഖ്യാപിക്കുക, അവന്‍ അല്ലാഹുവാണ്. ഏകനാണ്. അല്ലാഹു അഖിലത്തിന്നും ആശ്രയവും പരാശ്രയമില്ലാത്തവനുമാകുന്നു. അവന്‍ ജനിപ്പിച്ചിട്ടില്ല; അവന്‍ ജാതനുമല്ല. അവനുതുല്യമായി യാതൊന്നുമില്ല." (ക്വുര്‍ആന്‍ 112)

അല്ലാഹുവിന്‍റെ നിസ്തുലതയും ഏകത്വവും, അവന്‍റെ സത്തയിലും ഗുണങ്ങളിലും ആസ്തിക്യത്തിലും പ്രവര്‍ത്തനങ്ങളിലും എല്ലാം ബാധകമാണ്. അവന് ഒരു സന്താനവുമില്ല; അവന്‍ ആരുടെയും സന്താനവുമല്ല. സന്താനത്തിന് പിതാവിന്‍റെ ഗുണങ്ങളും കഴിവുകളും ഏറെക്കുറെയുണ്ടായിരിക്കും. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ പിതാവിനേക്കാള്‍ കഴിവുകള്‍ ഉണ്ടായേക്കും. ആരെയും അല്ലാഹുവിന്‍റെ 'പുത്രന്‍' എന്ന് ഒരു അലങ്കാര രൂപത്തില്‍ പോലും വിശേഷിപ്പിക്കുവാന്‍ പരിശുദ്ധ ക്വുര്‍ആന്‍ അനുവദിക്കുന്നില്ല.അല്ലാഹു പറയുന്നു: 

"പരമകാരുണികന്‍ ഒരു സന്താന കൈക്കൊണ്ടിട്ടുണ്ടെന്ന്. ആകാശങ്ങള്‍ പൊട്ടിപ്പൊളിയുകയും ഭൂമി പിളരുകയും പര്‍വ്വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യുമാറുള്ള ഒരു മഹാപാതകമാണ് നിങ്ങള്‍ ചെയ്തിട്ടുള്ളത്; പരമകാരുണികന് ഒരു സന്താനത്തെ ആരോപിക്കുകവഴി. സന്താനത്തെ സ്വീകരിക്കുക പരമകാരുണികന് ഭൂഷണമല്ല. ആകാശ ഭൂമികളിലുള്ള ഏവരും പരമകാരുണികന്‍റെ അടുക്കല്‍ ഒരു ദാസനായി വരാതിരിക്കില്ല" (ക്വുര്‍ആന്‍ 19: 88-92).

വിശുദ്ധ ക്വുര്‍ആന്‍റെ അവതരണോദ്ദേശ്യങ്ങളില്‍ ഒന്ന് 'ദൈവപുത്രാ'രോപണം നടത്തിയവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കലാണ്. ക്വുര്‍ആന്‍റെ അവതരണോദ്ദേശ്യത്തെപ്പറ്റി അല്ലാഹു പറയുന്നു.

"അല്ലാഹു ഒരു സന്താനം കൈക്കൊണ്ടു എന്നു പറയുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുവാന്‍ വേണ്ടിയും. അതിനെക്കുറിച്ച് അവര്‍ക്ക് ഒരറിവുമില്ല; അവരുടെ പിതാക്കള്‍ക്കുമില്ല. അവരുടെ വായില്‍ നിന്ന് പുറപ്പെടുന്ന വാക്ക് മഹാപാതകം തന്നെ. അവര്‍ അസത്യമല്ലാതെ പറയുന്നില്ല." (ക്വുര്‍ആന്‍ 18: 4, 5).

ഒരു അലങ്കാര രൂപത്തില്‍ പോലും പറയാന്‍ പാടില്ലാത്ത ഒരു പ്രയോഗമാണ് 'ദൈവപുത്രന്‍' എന്നത്. സൃഷ്ടികള്‍ എത വലിയവരായാലും അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലയില്ലാതെ അതിന്നപ്പുറമുള്ള ഒരു ബന്ധം അല്ലാഹുവിനോട് ഉണ്ടായിരിക്കുവാന്‍ പറ്റുകയില്ല. അല്ലാഹുവിന്‍റെ കല്‍പനപ്രകാരം നിലവില്‍ വരികയും നിലനില്‍ക്കുകയും അവന്‍റെ കല്‍പനപ്രകാരം നശിക്കുകയും ചെയ്യുന്ന അല്ലാഹുവിന്‍റെ സൃഷ്ടിയെ അവന്‍റെ പുത്രനായി ആരോപിച്ചുകൂടാത്തതാണ്. പുത്രന് പിതാവിന്‍റെമേല്‍ സ്വാധീനവും അവകാശങ്ങളും, ചിലപ്പോള്‍ അധികാരവുമുണ്ടായിരിക്കും. പിതാവിനെ വിശ്രമിക്കുവാന്‍ വിട്ട് പൂര്‍ണ്ണമായ അധികാരവും നിയന്ത്രണവും കയ്യേല്‍ക്കുവാനും പുത്രന് സാധിക്കും. അല്ലാഹുവിന് തുല്യനെയോ അതിലും ഉപരിയായവനെയോ ആരോപിക്കലാണ് ദൈവപുത്ര സങ്കല്‍പം കൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹുവിന്‍റെ പരിശുദ്ധിക്കും നിസ്തുലതക്കും ഏകത്വത്തിനും ഒട്ടും യോജിക്കാത്ത 'ദൈവപുത്രന്‍' എന്ന സങ്കല്‍പത്തെ പരിശുദ്ധ കര്‍ആന്‍ വളരെ ശക്തിയായി തിരസ്കരിക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിമര്‍ശിക്കുന്നു.

"അവര്‍ പറയുന്നു: അല്ലാഹു ഒരു സന്താനത്തെ വരിച്ചിരിക്കുന്നുവെന്ന്. അവന്‍ എത്ര പരിശുദ്ധന്‍ ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെതാണ്. എല്ലാം അവന് കീഴ്പ്പെട്ടതാണ്. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സഷ്ടിച്ചവന്‍, അവന്‍ ഒരു കാര്യം വിധിച്ചാല്‍ 'ഉണ്ടാവുക' എന്ന് അതിനോട് അവന്‍ പറയുക മാത്രം മതി; അപ്പോള്‍ അതുണ്ടാകുന്നു." (ക്വുര്‍ആന്‍ 2: 116, 117).