പത്ത്: ഒരാൾ മരിക്കുന്നതുവരെ തന്റെ സ്വത്തിന്റെ അവകാശി അയാൾതന്നെയാണ്. തന്റെ മരണശേഷം അവകാശം ലഭിക്കാത്ത, എന്നാൽ കഷ്ടതയനുഭവിക്കാൻ സാധ്യതയുള്ള ബന്ധുക്കളോ, തന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അയൽക്കാരോ, ദരിദ്രരും അമുസ്‌ലിംകളുമായ മാതാപിതാക്കളോ ഉണ്ടാകാനിടയുണ്ട്. ഈ പ്രശ്നങ്ങൾക്കും ഇസ്‌ലാം പ്രായോഗിക പരിഹാരം കണ്ടിട്ടുണ്ട്. അല്ലാഹു പറയുന്നു.
"നിങ്ങളിൽ ആർക്കെങ്കിലും മരണം ആസന്നമാവുമ്പോൾ അയാൾ ധനം വല്ലതും വിട്ടുപോകുകയാണെങ്കിൽ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും വേണ്ടി ന്യായപ്രകാരം വസിയ്യത്തു ചെയ്യൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് അതൊരു കടമയാണ്." (2:180) ഒരു അവകാശിക്കും വസിയ്യത്തിന്റെ ആനുകൂല്യമില്ല എന്ന നബിവചനം, നിയമപ്രകാരം അവകാശം ലഭിക്കാത്തവർക്കാണ് വസിയ്യത്ത് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്നു. ആ നിലക്ക് മരിച്ച സന്തതികളുടെ മക്കൾപോലെയുള്ളവർക്കുവസിയ്യത്തു മുഖേന (ആകെ സ്വത്തിന്റെ മുന്നിലൊന്നിൽ കവിയാതെ ആവശ്യാനുസൃതം) ധനം ലഭ്യമാക്കേണ്ടത് നിർബന്ധമായ ബാധ്യതയാണെന്ന് വ്യക്തമാണല്ലോ. അതിനാൽ ബോധവൽക്കരണമാണ് നാം നടത്തേണ്ടത്. അല്ലാതെ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ചട്ടുപിടിച്ചുകൊണ്ട് ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ പൊളിച്ചെഴുതാനും പൂർവ്വിക മുസ്‌ലിംകളെ അധിക്ഷേപിക്കാനും ശ്രമിക്കുകയല്ല വേണ്ടത്.