പരിഗണിക്കേണ്ട വസ്തുതകൾ

ഈ പറഞ്ഞ അനന്തരവകാശികൾക്കിടയിൽ നിന്ന് സഹോദരൻമാർ, പിതൃവ്യൻമാർ എന്നിവരെപ്പറ്റി ചില പരിഗണനകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതായത് പിതാവും മാതാവുമൊത്തവർ, പിതാവുമാത്രമൊത്തവർ മാതാവുമാത്രമൊത്തവർ എന്നിങ്ങനെയൊക്കെയും അവരുടെ മക്കളുമായി താഴോട്ട്വരുന്നത്. കുടുംബങ്ങൾ മൂന്നുവിധത്തിൽ വരുന്നു.

ഒരുദാഹരണം കാണുക. 

ഇവിടെ ഖാലിദിന് നാലു സഹോദരൻമാരുണ്ട്. സൗദും ജമീലും ഖാലിദിന്റെ മാതാവിന്നും പിതാവിന്നുമുള്ളവർതന്നെയാണ്. എന്നാൽ നൂഹ് ഖാലിദിന്റെ പിതാവായ ജാബിറിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രനാണ്. ഖാലിദിന്റെയും നൂഹിന്റെയും പിതാവ് ഒന്നുതന്നെയാണെങ്കിലും മാതാക്കൾ വേറെയാണ്. അപ്രകാരം അനസ് ഖാലിദിന്റെ മാതാവായ സൗദയുടെ ആദ്യ ഭർത്താവിലുണ്ടായ പുത്രനാണ്. ഖാലിദിന്റെയും അനസിന്റെയും മാതാവ് സൗദയാണെങ്കിലും പിതാവ് ഒന്നല്ല. ഈ പറഞ്ഞ മൂന്നുവിധം സഹോദരൻമാരും ഖാലിദിന്റെ സ്വത്തിൽ അവകാശികളാണ്. ക്വുർആൻ 4: 12, 176 എന്നീ വചനങ്ങൾ കാണുക. ഇവരിൽ ഉമ്മയും ഉപ്പയും ഒത്ത സഹോദരനെയും സഹോദരിയെയും തുല്യ അവകാശികളാക്കും, മറ്റു സഹോദര സഹോദരികൾക്ക് അനന്തരവകാശത്തിലെ പൊതു തത്വമനുസരിച്ച് ( للذكر مثل حظ الانثيين ) ഒരു പുരുഷന്ന് രണ്ടു സ്ത്രീകളുടെ വിഹിതത്തിന്നർഹവുമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഉമ്മയൊത്ത സഹോദര സഹോദരികളെമാത്രം ഈ പൊതുതത്വത്തിൽ നിന്നൊഴിപ്പിച്ചു നിർത്തിയതിലെ തത്വം നമ്മുടെ സജീവ ചിന്തക്ക് വിഷയമാക്കേണ്ടതാണ്.

ഇസ്ലാമിക കുടുംബസംവിധാന നിയമങ്ങളും വ്യവസ്ഥകളും കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം ഇസ്ലാമിലെ ദായക്രമവും വിലയിരുത്തേണ്ടതെന്ന് നാം വിവരിച്ചിട്ടുണ്ടല്ലോ. ആ തത്വം ഇവിടെയും പ്രധാനമാണ്. പുരുഷൻമാർ കുടുംബത്തലവൻമാരായി വരുന്നുവെന്ന നിലക്ക് ആദ്യം ഭർത്താവും, പിന്നീട് പിതാവും ശേഷം പിതാമഹനുമായി മാറുന്ന ക്രമത്തിൽ സഹോദരൻമാർ പിതാവിന്റെ നേതൃത്വത്തിലുള്ള കുടുംബത്തിലെ അംഗങ്ങളും ക്രമേണ സ്വന്തം മക്കളോ പിതാവോ ഇല്ലാതെ വരുമ്പോൾ ഖാലിദിനെ സംരക്ഷിക്കേണ്ട ബാധ്യത ഈ കുടുംബത്തിലെ മറ്റു അംഗങ്ങളായ തന്റെ സഹോദരങ്ങളുടെ (പിതാവും മാതാവുമൊത്തവരും, പിതാവ് മാത്രമൊത്തവരുമായ പുരുഷന്മാരുടെ) ബാധ്യതയാണ്. അവർ കുടുംബനാഥന്മാരെന്ന നിലയ്ക്ക് ആ സംരക്ഷണത്തിന് സ്വാതന്ത്ര്യമുള്ളവരുമാണ്. അതുകൊണ്ട് ഈ സഹോദരങ്ങൾക്ക് സഹോദരികളെ അപേക്ഷിച്ച് ഒരു ഓഹരി കൂടിക്കൊടുക്കുവാൻ ഇസ്‌ലാം അനുശാസിക്കുന്നു. അഥവാ കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ സഹോദര സഹോദരികൾക്ക് ഓരോ ഓഹരിയും തങ്ങളുടെ സഹോദരനായ മരിച്ച ഖാലിദിന്റെ സംരക്ഷകൻ എന്ന നിലയ്ക്ക് പുരുഷന്മാർക്ക് ഒരു ഓഹരി അധികമായും നിശ്ചയിച്ചിരിക്കുന്നു. ഈ ഓഹരികൊണ്ടുമാത്രം ഖാലിദിനെ സംരക്ഷിക്കുവാൻ മതിയായാലും ഇല്ലെങ്കിലും സംരക്ഷണച്ചുമതല അവർക്കുതന്നെയാണ്. ഇനി വല്ല സാഹചര്യത്തിലും ഖാലിദിനെ സംരക്ഷിക്കേണ്ട ബാധ്യത തന്റെ സഹോദരിയുടെ ഭർത്താവ് ഏറ്റെടുക്കേണ്ടി വരികയാണെങ്കിൽ അദ്ദേഹത്തിന് ഖുർആൻ 2:180 നിർദ്ദേശിച്ച പ്രകാരം വസിയ്യത്തും, അതുമല്ലെങ്കിൽ 4:8 ൽ കൽപ്പിച്ച പ്രകാരം ധനംകൊടുത്തും പ്രശ്നം പരിഹരിക്കാവുന്നതാണ്. (നമ്പർ 10,11 നോക്കുക) അതിനാൽ ഈ സംരക്ഷണ ഉത്തരവാദിത്വം സഹോദരന്റേതാണ് എന്ന പരിഗണനയിൽ അവന്നു ഓഹരി നിശ്ചയിച്ചു. അളിയന്ന് ഇത് ബാധ്യതയല്ലാത്തതിനാൽ അയാൾക്കു നിശ്ചിത ഓഹരിയുമില്ല. ഈ വിഷയം ഖുർആൻ വിവരിക്കുന്നത് കാണുക.

 > ﴿ وَإِن كَانُواْ إِخْوَةٗ رِّجَالٗا وَنِسَآءٗ فَلِلذَّكَرِ مِثْلُ حَظِّ ٱلأُنثَيَيْنِ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّواْ وَٱللَّهُ بِكُلِّ شَيْءٍ عَلِيمٌ ﴾ (النساء ١٧٦)

 "ഇനി സഹോദരന്മാരും സഹോദരികളുമാണുള്ളതെങ്കിൽ ആണിന്നു രണ്ടു പെണ്ണിന്റെ ഓഹരിയാണുള്ളത്. നിങ്ങൾ പിഴച്ചുപോകാതിരിക്കാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് വിവരിച്ചുതരികയാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിയുന്നവനാണ്."

 മരിച്ചയാൾക്ക് പിതാവോ സന്താനങ്ങളോ ഇല്ലാതിരിക്കുന്ന സന്ദർഭത്തിലേ സഹോദരസഹോദരികൾ അവകാശികളായിവരികയുള്ളൂ എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് 'കലാലത്ത്' (പിതാവും മക്കളുമില്ലാതെ അനന്തരമെടുക്കുക) എന്നാണ് പേര്.

 ഇനി, ഉമ്മയിൽ മാത്രം യോജിച്ച സഹോദരസഹോദരികളുടെ കാര്യെമടുക്കാം. ഇവരും പിതാവും മക്കളുമില്ലാത്ത സന്ദർഭത്തിൽ (കലാലത്ത്) അവകാശികളായിവരുന്നു. ഇവരുടെ അവകാശത്തെപ്പറ്റി ഖുർആൻ വിവരിച്ചതിങ്ങനെയാണ്.

 > ﴿ وَإِن كَانَ رَجُلٌ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ فَإِن كَانُوٓاْ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ﴾ (النساء ١٢)

 "അനന്തരാവകാശമെടുക്കപ്പെടുന്ന സ്ത്രീയോ പുരുഷനോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ ഓരോ ആൾക്കും ആറിലൊന്നു ലഭിക്കുന്നതാണ്. ഇനി അവർ (സഹോദര സഹോദരികൾ) അതിലധികമുണ്ടെങ്കിൽ മൂന്നിലൊന്നിൽ സമാവകാശികളായിരിക്കും."

 മാതാവൊത്ത സഹോദര സഹോദരികളുടെ അവകാശമാണിവിടെ വിവരിക്കുന്നത്. രണ്ടുതരം സഹോദര സഹോദരികളുടെ ഓഹരികൾ വിവരിക്കുമ്പോൾ ഈ വ്യത്യാസം ഗ്രഹിക്കുക പ്രയാസമില്ലല്ലോ. മറ്റു സഹോദര സഹോദരികളെപ്പോലെ ആണിന്ന് പെണ്ണിന്റെ ഇരട്ടിയെന്ന പരിഗണന അല്ലാഹു ഇവിടെ നൽകിയിട്ടില്ല. ഇതിലടങ്ങിയ യുക്തിരഹസ്യത്തെ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

മരിച്ച ഖാലിദിന്റെ പിതാവായ ജാബിർ, ഖാലിദിന്റെ മാതാവായ സൗദയെ വിവാഹം കഴിക്കുന്നതിന് മുമ്പോ ജാബിറിന്റെ മരണശേഷമോ സൗദയെ വിവാഹം ചെയ്തമറ്റൊരു ഭർത്താവായ വൈസിൽനിന്നുണ്ടായ ഒരു പുത്രനാണ് അനസ്. ഇയാൾ ഖാലിദിന്റെ മാതാവിന്നുള്ള മകനാണെങ്കിലും ഖാലിദിന്റെ പിതാവിനോടോ പിതാവിന്റെ കുടുംബത്തോടോ ചേർത്ത് വിളിക്കപ്പെടുന്നില്ല. ഖാലിദിന്റെ കുടുംബത്തിലെ അംഗവുമല്ല. അയാൾ മറ്റൊരു കുടുംബവുമായി ചേർക്കപ്പെടുകയും ആ കുടുംബാംഗമായി ഗണിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ഖാലിദിനെ സംരക്ഷിക്കേണ്ട ബാധ്യത, ഖാലിദിന്റെ പിതാവിന്നും, പിതാവിന്റെ മറ്റു മക്കൾക്കുമുള്ളതുപോലെ അനസിനില്ലാത്തതിനാൽ സംരക്ഷണത്തിനുവേണ്ടി കൂടുതൽ സംഖ്യ അവകാശമായി ലഭിക്കേണ്ടതില്ല. ഖാലിദിന്ന് ഒരു സഹോദരികൂടിയുണ്ടെങ്കിൽ മൂന്നിലൊന്ന് അവർ രണ്ടുപേരുംകൂടി വീതിച്ചെടുക്കണം. അഥവാ 1/6 ഒരാൾക്കു ലഭിക്കും. ഇനി കൂടുതൽ സഹോദരസഹോദരിമാരുണ്ടെങ്കിൽ മൂന്നിലൊന്നു അവരെല്ലാംകൂടി തുല്യമായി ഭാഗിച്ചെടുക്കണം. സംരക്ഷണ ഉത്തരവാദിത്വമില്ലാത്ത ഉമ്മയുടെ പിന്തുടർച്ചക്കാരൻ എന്ന നിലയ്ക്കാണ് ഇവിടെ അനസിനുള്ളത്. സംരക്ഷണ ഉത്തരവാദിത്വമുള്ള പിതാവിന്റെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് പിതാവൊത്ത സഹോദരന്ന് പെണ്ണിന്റെ ഇരട്ടി ലഭിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ മരിച്ച ആളുടെ സംരക്ഷണബാധ്യതയുള്ള പിതാവിന്റെ പ്രതിനിധികൾക്ക് (പിതാവൊത്ത സഹോദരസഹോദരികൾക്ക്) ഈ ബാധ്യത പരിഗണിച്ചു സ്വന്ത അവകാശം നിശ്ചയിച്ചു. എന്നാൽ ആ ബാധ്യതയില്ലാത്ത ഉമ്മയുടെ പ്രതിനിധികൾക്ക് (ഉമ്മയൊത്ത സഹോദരസഹോദരികൾക്ക്) മേൽ പരിഗണനയില്ലാതെയും വ്യക്തിയെ സംരക്ഷിച്ചിട്ടുണ്ട് എന്ന് തോന്നുന്ന പക്ഷം അവർക്കുവേണ്ടി ഖുർആൻ 4:10,11 പ്രകാരം വസിയ്യത്ത് മുഖേനയും, അതുമില്ലെങ്കിൽ ഖുർ: 4:8 പ്രകാരം കൈകാര്യം ചെയ്യുവാനും അല്ലാഹു അവസരം നൽകി. 'അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല.'

 സഹോദരന്മാർ മൂന്ന് വിധത്തിലുണ്ടെന്ന് നാം വിവരിച്ചപോലെ പിതൃവ്യന്മാരെപ്പറ്റിയും നമുക്ക് ചർച്ചചെയ്യാം. മരിച്ചയാളുടെ പിതാവിന്റെ സഹോദരന്മാർ (പിതാമഹന്റെ മക്കൾ) ആണല്ലോ പിതൃവ്യന്മാർ എന്നു പറയുന്നത്.

             

ഇവിടെ ഖാലിദിന്റെ പിതാവായ ജാബിറിന്റെ ഉപ്പയും ഉമ്മയും ഒത്ത സഹോദരന്മാരായ യൂസുഫും യൂനുസും, അപ്രകാരം ജാബിറിന്റെ ഉപ്പയൊത്ത സഹോദരനായ ഉമറും മരിച്ച ഖാലിദിന്റെ സ്വത്തിൽ പിതാവിന്റെയും (ജാബിർ) പിതാമഹന്റെയും (ജമാലുദ്ദീൻ) അഭാവത്തിൽ അവകാശികളാണ്. ഇസ്‌ലാമിക ഗൃഹവ്യവസ്ഥപ്രകാരം ഈ പിതൃവ്യന്മാർ മരിച്ച ആളുടെ പിതാവും പിതാമഹനുമില്ലാത്തപ്പോൾ സംരക്ഷണബാധ്യതയുള്ളവരാണ്. ഖാലിദിന്റെ പിതാമഹിയായ ആമിനക്ക് മറ്റൊരു ഭർത്താവിലുണ്ടായ സൈദ് എന്ന ആൾ ഈ കുടുംബത്തിലെ അംഗമല്ല. അയാൾക്ക് ഖാലിദിന്റെ സംരക്ഷണ ബാധ്യതവരുന്നില്ല. അയാൾ ഖാലിദിന്റെ ഉമ്മാമയുടെ മകൻ മാത്രമാണ്. അയാൾക്ക് ഖാലിദിന്റെ സ്വത്തിൽ അവകാശവുമില്ല. മേൽപറഞ്ഞ രണ്ടു പിതൃവ്യന്മാരും അവകാശികളാണെന്നപോലെ അവരുടെ അഭാവത്തിൽ അവരുടെ മക്കളും അവകാശികളാവുന്നു. ഈ മൂന്നാമത്തെ ആൾ (ഉമ്മാമയൊത്ത പിതൃവ്യൻ) അവകാശിയല്ലെന്നപോലെ അയാളുടെ മക്കളും അവകാശികളാകുന്നില്ല.