ഒമ്പത്: ഒരാൾ ന്യായമായ മാർഗ്ഗത്തിലൂടെ സമ്പാദിച്ച ധനം അയാളുടെ ജീവിതകാലത്തു അയാളുടേതുതന്നെ. സ്വന്തമായി ക്രയവിക്രയം ചെയ്യാൻ അയാൾക്കധികാരമുണ്ട്. അയാളുടെ മരണത്തോടെ സ്വത്ത് (കടം, മുന്നിലൊന്നു വസിയ്യത്ത്, സംസ്കരണച്ചിലവ് എന്നിവ കഴിച്ച്) അവകാശികളുടെ ഉടമയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇനിമുതൽ ആ സ്വത്ത് അവരുടേതാണ്. ദുരിതനിവാരണത്തിന്നോ, സാധുസംരക്ഷണത്തിന്നോ ഉള്ളതല്ല. (ഈ വിഷയം പിന്നീട് വിശദീകരിക്കുന്നുണ്ട്) അല്ലാഹു പറയുന്നു:
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ ധനത്തിൽ പുരുഷന്മാർക്ക് ഒരോഹരിയുണ്ട്. "മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ ധനത്തിൽ സ്ത്രീകൾക്കും ഒരോഹരിയുണ്ട്. അതുകൂടിയായാലും കുറഞ്ഞായാലും. അതു നിർണ്ണയിക്കപ്പെട്ട ഓഹരിയാകുന്നു."(4:7) ഈ വചനത്തിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് ഗ്രഹിക്കാം.
1. വിട്ടുപോയ സ്വത്തിലാണ് അനന്തരാവകാശമുള്ളത്. അഥവാ അയാൾ മരിക്കുന്നതിന് മുമ്പ് തന്റെ സ്വത്തിൽ മറ്റാർക്കും അവകാശമില്ല. ആ നിലക്ക് അയാൾ മരിക്കുന്നതിന് മുമ്പ് മരിച്ച ആർക്കും അയാളുടെ സ്വത്തിൽ അവകാശമില്ലെന്ന് വ്യക്തം. മരണസമയത്ത് ജീവിച്ചിരിക്കുന്ന അവകാശി (അതെത്ര ചെറിയകുട്ടിയായാലും, ശേഷം വളരെതാമസിയാതെ മരിച്ചാലും) സ്വത്ത് ലഭിക്കുന്നതാണ്.
2. പുരുഷന്മാരെയും സ്ത്രീകളെയും പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇസ്‌ലാം ഒരിക്കലും സ്ത്രീകളെ അവഗണിച്ചിട്ടില്ല.
3. ഇതു നിർണ്ണയിക്കപ്പെട്ട ഓഹരിയാകുന്നു എന്നു പറഞ്ഞതുകൊണ്ട് നമ്മുടെ യുക്തിക്കനുസരിച്ചു ഓഹരിയിൽ മാറ്റം വരുത്തിക്കൂടാ, അല്ലാഹുവിന്റെ നിർണ്ണയമാണ് അന്തിമം. 4:11ൽ ഇങ്ങനെ കാണാം.
"അല്ലാഹുവിന്റെ പക്കൽനിന്നു നിർബന്ധമായി നിശ്ചയിച്ച ഓഹരിയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ് തീർച്ച."(4:11)