പതിനാല്:
ജനനം നൽകിയ മാതാപിതാക്കൾക്കും ( الأصول ) ജനിച്ച മക്കൾക്കും ( الفروع ) സ്വത്തിൽ അവകാശമുണ്ട് എന്ന് പറഞ്ഞുവല്ലോ. ഏറ്റവും അടുത്തവർ, അവരുടെ അഭാവത്തിൽ പിന്നീട് അടുത്തവർ എന്നിങ്ങനെയാണ് അവകാശക്രമം. അപ്രകാരം പാർശ്വങ്ങളിലുള്ളവർക്കും ( الحواشي ) അവകാശമുണ്ട്. മരിച്ചയാളുടെ സഹോദര സഹോദരികൾ, മരിച്ചയാളുടെ പിതാവിന്റെ സഹോദര സഹോദരികൾ എന്നിവരാണ് പാർശ്വങ്ങളിലുള്ളവർ എന്നതുകൊണ്ട ഉദ്ദേശിക്കപ്പെടുന്നത്. ഇവർ കുടുംബാംഗങ്ങൾ തന്നെയാണ്. പക്ഷെ മരിച്ച ആളുമായുള്ള അടുത്തബന്ധവും ഉപകാര ബന്ധവും പരിഗണിച്ചുവേണം അവരുടെ അവകാശം കണ്ടെത്തേണ്ടത്. ഈ ഉദാഹരണം നോക്കുക.
പിതാവ് മരിച്ച ഖാലിദുമായി ഏറ്റവും അടുത്തത്. അതിനാൽ പിതാവില്ലാത്ത സാഹചര്യത്തിൽ മാത്രമേ ഖാലിദിന്റെ സ്വത്തിന് സഹോദരൻമാർ അവകാശികളാവുകയുള്ളൂ. ഈ സഹോദരങ്ങളും ജീവിച്ചിരിപ്പില്ലെങ്കിൽ അവരുടെ പുത്രൻമാരും പിന്നീട് അവരുടെ പുത്രൻമാരും അങ്ങനെ കീഴ്പ്പോട്ടും അവകാശം ലഭിക്കുന്നു. അപ്രകാരം പിതാവായ ജാബിർ ഇല്ലാത്തപ്പോൾ ഖാലിദിന്റെ പിതാമഹനും അങ്ങനെ മേൽപോട്ടും അവകാശം ലഭിക്കും. അതുപോലെ പാർശ്വങ്ങളിലുള്ള പിതൃവ്യൻമാരും അവകാശികളായിവരുന്നു.
ഇവിടെ യൂസുഫും യൂനുസും ഖാലിദിന്റെ പിതൃവ്യൻമാരാണ്. ഇവർ ഈ കുടുംബത്തിലെ അംഗങ്ങൾ തന്നെയാണെങ്കിലും ഖാലിദുമായുള്ള അടുപ്പത്തിലും ഉപകാരത്തിലും പുത്രൻമാരെപ്പോലെയോ പിതാവിനെപ്പോലെയോ ആവുകയില്ലല്ലോ. സ്വാഭാവികമായും ഇവർ രണ്ടുപേരും മറ്റു വീടുകളിലായിരിക്കും താമസിച്ചു വരിക. ഖാലിദിന്റെ സഹോദരൻമാരായ സൗദത്, ജമീൽ എന്നിവരെക്കാളും അകന്നുകൊണ്ടാണ് ഇവർ ജീവിക്കുക. ഇവർ ഖാലിദുമായി ബന്ധപ്പെടുന്നത് ഖാലിദിന്റെ പിതാമഹനായ ജമാലുദ്ദീൻ മുഖേനയാണ്. അതിനാൽ ഖാലിദുമായി നേരിട്ടു ബന്ധപ്പെടുന്ന പിതാവ്, പിതാവിലൂടെ കൂടി ബന്ധപ്പെടുന്ന സഹോദരൻമാർ, പിതാമഹൻ എന്നിവർക്കുശേഷമേ യൂസുഫിനെയും യൂനുസിനെയും പരിഗണിക്കേണ്ടതുള്ളൂ. ഉപകാരത്തിലും ബന്ധത്തിലും അടുത്തവരെയാണ് സ്വത്തവകാശത്തിൽ പരിഗണിക്കേണ്ടതെന്ന് ക്വുർആൻ 4:11ൽ പറഞ്ഞത് നേരത്തെ വിവരിച്ചിട്ടുണ്ട്. (നമ്പർ 12) പിതൃവ്യൻമാരില്ലാത്തപ്പോൾ അവരുടെ മക്കളും പിന്നീട് അവരുടെ മക്കളും അങ്ങനെ മേൽപോട്ടും ഈ ക്രമത്തിൽ അവകാശം ലഭിക്കുന്നു.
മരിച്ച വ്യക്തിയുടെ സ്വത്തിനവകാശികളാകുന്ന പുരുഷൻമാർ താഴെ പറയുന്നവരാണെന്ന് ഇത്രയും വിവരിച്ചതിൽനിന്ന് ഗ്രഹിക്കാമല്ലോ.
1. പുത്രൻമാർ, 2. പൗത്രൻമാർ, 3. പിതാവ്, 4. പിതാമഹൻ, 5. സഹോദരൻമാർ, 6. സഹോദരപുത്രൻമാർ, 7. പിതൃവ്യൻമാർ, 8. പിതൃവ്യപുത്രൻമാർ. ഇതിന്നുപുറമെ വൈവാഹിക ബന്ധം മുഖേന ഭർത്താവും, അടിമയെ മോചിപ്പിച്ച ആളും (അടിമ സ്വതന്ത്രനായശേഷം മരിച്ചാൽ) കൂടി ആകെ പത്ത് പുരുഷൻമാരാണ് അവകാശികൾ.