നാസ്തികരുടെ അനുമാനം യുക്തിവിരുദ്ധം!

നാസ്തികരുടെ അനുമാനം യുക്തിവിരുദ്ധം!

സ്രഷ്ടാവും നിയന്താവുമായ ദൈവത്തിന്‍റെ ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ് കിടക്കുന്നു. ദൈവ ആസ്തിക്യത്തെ വിളിച്ചോതുന്ന എണ്ണിയാലൊടുങ്ങാത്ത ദൃഷ്ടാന്തങ്ങള്‍ ലോകം മുഴുവന്‍ പരന്ന് കിടക്കുന്നുവെങ്കിലും, ദൈവത്തിന്‍റെ ആസ്തിക്യം നിഷേധിക്കുന്നവര്‍ ദൈവം മനുഷ്യസൃഷ്ടിയാണെന്ന് വാദിക്കാറുണ്ട്. അവരുടെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു: "പ്രാചീന മനുഷ്യര്‍ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ കണ്ട് അമ്പരന്ന് പലതരം ദൈവങ്ങളെ പ്രാര്‍ഥിച്ചു. അഗ്നിയും സൂര്യനും ചന്ദ്രനും കാറ്റും പ്രകാശവുമൊക്കെ അവര്‍ക്ക് ദൈവങ്ങളായിരുന്നു. നാഗരികതയില്‍ മനുഷ്യന്നുണ്ടായ വളര്‍ച്ചയോടൊപ്പം അവന്‍റെ ദൈവങ്ങളുടെ എണ്ണവും കുറഞ്ഞുവന്നു. അങ്ങനെ പരകോടി ദൈവങ്ങള്‍ മൂന്നിലെത്തി. പിന്നെ മൂന്ന് ഒന്നാണെന്നായി. മുഹമ്മദ് നബി (സ്വ) ദൈവം ഒന്നു മാത്രമെയുള്ളൂവെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ കാലം മുന്നോട്ട് പോയിരിക്കുന്നു. ശാസ്ത്രം വളര്‍ന്നിരിക്കുന്നു. ഇനി ഒരു ദൈവത്തിന്‍റെയും ആവശ്യമില്ല."

ഇടി, മിന്നല്‍, കാറ്റ്, മഴ എന്നിത്യാദി പ്രതിഭാസങ്ങള്‍ പ്രാചീന മനുഷ്യരില്‍ പലതരം ദൈവങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങള്‍ ഉണ്ടാകുവാന്‍ കാരണമായി എന്നുവയ്ക്കുക. പക്ഷെ അതിന് മുമ്പ് ഒരു കാര്യം ഗൗനിക്കേണ്ടതുണ്ട്. ഇവയ്ക്കെല്ലാം മുമ്പ് ഈ പ്രപഞ്ചവും അവരുടെ അസ്തിത്വവും അവരില്‍ എന്ത് പ്രതികരണമാണുണ്ടാക്കിയത്. അവരൊക്കെ ഈ പ്രപഞ്ചം സ്വയം ഭൂവാണെന്നും, തങ്ങളെല്ലാം പദാര്‍ഥത്തിന്‍റെ കാലാന്തരത്തിലുള്ള പരിണാമത്തിലൂടെ ഉത്ഭുതരായവരാണെന്നും, മനസ്സിലാക്കിയ നാസ്തികരോ, പദാര്‍ഥവാദികളോ ആയിരുന്നിരിക്കാന്‍ വല്ല അവകാശവുമുണ്ടോ? ഒരിക്കലുമില്ല, എന്ന് ഏത് ഭൗതികവാദിയും സമ്മതിക്കും.

അസ്തിത്വവും പ്രപഞ്ചവും പ്രാചീന മനുഷ്യരിലുണ്ടാക്കിയ പ്രതികരണം, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെപ്പറ്റിയുള്ള വിശ്വാസമായിരുന്നു. അതായിരുന്നു അവരുടെ അടിസ്ഥാനവിശ്വാസം. സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസം നിലവിലിരിക്കെ തന്നെയായിരുന്നു പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ വിവിധ ദേവീദേവന്മാരുമായും ഉപദൈവങ്ങളുമായും ബന്ധിപ്പിച്ചുകൊണ്ട് അവര്‍ സങ്കല്‍പങ്ങള്‍ നിര്‍മ്മിച്ചുണ്ടാക്കിയത്. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശക്കാരായും ഇടയാളന്മാ രായുമാണ് വിവിധ ദൈവങ്ങളെ അവര്‍ സങ്കല്‍പിച്ചിരുന്നത്. 

ആദിമ മനുഷ്യന്‍റെ അടിസ്ഥാനവിശ്വാസം സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവത്തിലുള്ള വിശ്വാസമായിരുന്നു. കാലാന്തരത്തിലാണ് ബഹുദൈവ വിശ്വാസം ഉടലെടുത്തത്. ആഫ്രിക്കയിലെ ആയിരക്കണക്കിലുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ എണ്ണ മറ്റ ദേവീദേവന്മാരെയും മൂര്‍ത്തികളെയും ആരാധിക്കുന്നു. അതിനുപരിയായി അവരെല്ലാം പ്രപഞ്ചകര്‍ത്താവായ ദൈവത്തില്‍ വിശ്വസിക്കുന്നു. നമ്മുടെ പശ്ചിമഘട്ടത്തില്‍ താമസിക്കുന്ന ആദിവാസകളായ മുത്തന്മാര്‍, പണിയന്മാര്‍, ചോലനായ്ക്കന്മാര്‍ എന്നിങ്ങനെയുള്ളവരുടെയും നില ഇത് തന്നെ. അവരെല്ലാം വിവിധ ദേവീദേവന്മാരെയും മൂര്‍ത്തികളെയും ആരാധിക്കുന്നവരാണ്. പക്ഷെ എല്ലാവരും പടച്ചതമ്പുരാനില്‍ വിശ്വസിക്കുന്നവരാണ്.

നാസ്തികരായ യുക്തിവാദികള്‍ പറയുന്നപോലെ, പ്രാചീന മനുഷ്യര്‍ തുടക്കത്തില്‍ ബഹുദൈവ വിശ്വാസി കളായിരുന്നുവെന്നും, വിജ്ഞാനം വര്‍ധിച്ചപ്പോള്‍ ദൈവങ്ങളുടെ എണ്ണം ചുരുങ്ങി ഒന്നിലെത്തിയെന്നും, ശാസ്ത്രീയ വിജ്ഞാനം ഇനിയും വര്‍ധിച്ചു വരുമ്പോള്‍ ആ വിശ്വാസവും ഇല്ലാതായിത്തീരുമെന്നുമെല്ലാം ഉള്ള വാദങ്ങള്‍ സത്യവിരുദ്ധവും യുക്തിവിരുദ്ധവുമാണ് എന്നത് വളരെ വ്യക്തമാണ്. ശാസ്ത്രീയ വിജ്ഞാനത്തിന്‍റെ പാരമ്യത്തിലെത്തിയ എത്രയോ ബഹുദൈവാരാധകരുണ്ട്. ശാസ്ത്രീയവിജ്ഞാനം തൊട്ട് തീണ്ടിയിട്ടില്ലാത്ത എത്രയോ ഏകദൈവ വിശ്വാസികളുണ്ട്; നിരീശ്വരവാദികളുണ്ട്. ശാ സ്ത്രീയവിജ്ഞാനം വര്‍ധിക്കുന്നതോടെ ദൈവവിശ്വാസം ഇല്ലാതായിത്തീരുമെന്നെല്ലാം പറയുന്നത് വെറുതെയാണ്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. മനുഷ്യര്‍ എവിടെയെല്ലാമുണ്ടോ, അവിടെയെല്ലാം ദൈവവിശ്വാസമുണ്ട്. മനുഷ്യന്‍റെ പ്രകൃതിയില്‍ അടങ്ങിയിട്ടുള്ള ഒരു ജന്മവാസനപോലെയാണ് പടച്ചതമ്പുരാനിലുള്ള വിശ്വാസം എന്നു പറയുന്നതാണ് ശരി. ധ്രുവപ്രദേശങ്ങളിലും മരുഭൂമികളിലും മധ്യരേഖാപ്രദേശങ്ങളിലും പര്‍വത ശിഖരങ്ങളിലും കാടുകളിലും ദ്വീപുകളിലും എല്ലാം ജീവിക്കുന്ന മനുഷ്യസമൂഹങ്ങളില്‍, ഒന്നും തന്നെ നിരീശ്വരവിശ്വാസികളായിരുന്നില്ല. എല്ലാവരും ഏതെങ്കിലും ഒരു തരത്തിലുള്ള ദൈവവിശ്വാസികളാണ്. സ്രഷ്ടാവായ ദൈവത്തെപ്പറ്റിയുള്ള ഒരു ബോധമെങ്കിലുമില്ലാത്ത സമൂഹങ്ങളില്ല.

"മനുഷ്യര്‍ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല, എന്നിട്ട് അവര്‍ ഭിന്നിക്കുകയാണുണ്ടായത്" (ക്വുര്‍ആന്‍ 10:19)

ഏകദൈവത്തില്‍ വിശ്വസിക്കുകയും ആ ദൈവത്തെ മാത്രം ആരാധിക്കുകയും ചെയ്തിരുന്ന ആദിമ മനുഷ്യ സമൂഹം കാലാന്തരത്തില്‍ ഭിന്നിക്കുകയാണുണ്ടായത്. കൂടെക്കൂടെ പൈശാചിക പ്രേരണകളും വ്യാമോഹങ്ങളും ദേഹേച്ഛകളും പലതരം ദൈവ സങ്കല്പങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കാന്‍ പ്രേരണനല്‍കി. ബഹുദൈവ വിശ്വാസത്തില്‍ നിന്ന് അനുക്രമമായി ഉരുത്തിരിഞ്ഞു വന്നതാണ് ഏക ദൈവവിശ്വാസമെന്ന വാദം ഒരിക്കലും ശരിയല്ല. തെളിവുകളുടെ യാതൊരു പിന്‍ബലവുമതിന്നില്ല. യുക്തിയും അതിനെ അംഗീകരിക്കുന്നില്ല. വാസ്തവം മറിച്ചാണ്. ഏകദൈവവിശ്വാസമാണ് ആദ്യമേയുള്ളത്. അതില്‍ നിന്ന് ജനങ്ങള്‍ ബഹുദൈവവിശ്വാസത്തിലേക്ക് വ്യതിചലിക്കുകയാണുണ്ടായത്. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമെല്ലാം, ബഹുദൈവവിശ്വാസങ്ങളിലേക്ക് വഴുതിപ്പോയ ജനങ്ങളെ, ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കുകയാണ് ചെയ്തിട്ടുള്ളത്.