ദുരിതാശ്വാസം, ആതുരശുശ്രൂഷ, അഗതിസംരക്ഷണം എന്നീ മാർഗ്ഗങ്ങളിൽ ചിലവഴിക്കാനല്ല അനന്തര സ്വത്ത്. മറിച്ച് അത് ലഭിക്കേണ്ടതിനുള്ള അർഹത വേറെ നിലക്കാണ് എന്നു നാം ചർച്ച ചെയ്തുവല്ലോ. മരിച്ച ആളോട് ഉപകാരത്തിൽ ഏറ്റവും അടുപ്പമുള്ളവരെയാണ് അല്ലാഹു അർഹൻമാരാക്കി നിശ്ചയിച്ചിരിക്കുന്നത്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്കേറവും ഉപകാരപ്രദമായ മാർഗ്ഗത്തിൽ ചിലവഴിക്കാൻ അനുവദിക്കപ്പെട്ട തന്റെ സ്വത്ത് മരണശേഷവും അയാൾക്കേറവും ഉപകാരമുള്ള ബന്ധുക്കൾക്കുതന്നെയാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ വിവരിച്ച ഉദാഹരണത്തിൽ മരിച്ച ഖാലിദിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് മക്കളും മാതാപിതാക്കളുമാണല്ലോ. ഈ രണ്ടു വിഭാഗത്തിനും ഒരിക്കലും സ്വത്ത് തടയപ്പെടുന്ന പ്രശ്നമില്ല. എന്നാൽ ജൻമം നൽകി വളർത്തിയ മാതാപിതാക്കളെയാണല്ലോ മക്കളേക്കാൾ അടുപ്പമുള്ളവരായി പരിഗണിച്ച് സ്വത്ത് നൽകേണ്ടത് എന്ന് ചിലർ സംശയിച്ചേക്കാം. അല്ലാഹു അങ്ങനെയല്ല ചെയ്തത്. അതിന്നു പല കാരണങ്ങളുമുണ്ട്. അവ ഇപ്പോൾ വിശദീകരിക്കാനുദ്ദേശിക്കുന്നില്ല. അടുപ്പവും അകൽച്ചയും സംബന്ധിച്ച് പരിശുദ്ധ ക്വുർആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിൽ വേറെയും ചില പരിഗണനകൾ ചിന്തിക്കേണ്ടതുണ്ട്.
വളരെ അടുത്തവർ ജീവിച്ചിരിക്കുമ്പോൾ അകന്നവർക്ക് അവകാശമുണ്ടോ എന്നതാണ് നാമിപ്പോൾ ചർച്ച ചെയ്യുന്നത്. പരിശുദ്ധ ക്വുർആനും അറബിഭാഷയും അറിയുന്നതിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്ന മുഹമ്മദ് നബി (സ)യുടെ ഒരു വിധി നാം നേരത്തെ വിവരിച്ചുവല്ലോ. ഒരു മകളും മകന്റെ മകളുമുള്ളപ്പോൾ, മകൾക്കു പകുതിയും പൗത്രിക്ക് ആറിലൊന്നുമാണ് നബി(സ) വിധിച്ചത്. ഒരു പുത്രിക്ക് പകുതിയും രണ്ടോ അതിലധികമോ പുത്രിമാരുണ്ടായാൽ മൂന്നിൽ രണ്ടും നൽകണമെന്നാണ് (4:11)ൽ ക്വുർആൻ വിവരിച്ചത്. ഇവിടെ ഒരു പുത്രി മാത്രം ഇതിനാൽ അവളുടെ അവകാശം പൂർണ്ണമായി കൊടുത്തു. പെൺകുട്ടികൾക്കായി അല്ലാഹു മൊത്തം നീക്കിവെച്ച 2/3ൽ ബാക്കിയുള്ള 1/6ആണ് മകന്റെ മകൾക്ക് നബി(സ) കൊടുത്തത്. (മകൾ = 1/2 + മകന്റെ മകൾ = 1/6 = 2/3) അല്ലാതെ തന്റെ മരിച്ച പിതാവിന്റെ അവകാശമല്ല ഈ ആറിലൊന്ന് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അഥവാ ഈ കുട്ടിയുടെ മരിച്ച പിതാവിന് ഇപ്പോൾ മരിച്ച തന്റെ ഉപ്പാപ്പയുടെ സ്വത്തിൽ നിന്നവകാശമുണ്ടായിരുന്നെങ്കിൽ മരിച്ച ഉപ്പാപ്പയുടെ നേരെ മക്കൾക്ക് 1/3 മാത്രമായിരുന്നു ലഭിക്കുക. ഇവിടെ നബി (സ) അവൾക്ക് 1/2 തികച്ചും നൽകിയതായി കാണാം. അപ്പോൾ പൗത്രിക്ക് ഇവിടെ ലഭിച്ച 1/6 തന്റെ മരിച്ച പിതാവിന്റെ പേരിലുള്ള അവകാശമല്ല, ഉപ്പാപ്പക്ക് ഒരു മകൾ മാത്രം അവകാശിയുള്ളതുകൊണ്ട് കിട്ടിയതാണ്. ഇനി ഈ ഉപ്പാപ്പക്ക് രണ്ടോ അതിലധികമോ പുത്രിമാരുണ്ടായിരുന്നെങ്കിൽ പുത്രിമാർക്ക് മൊത്തം നീക്കിവെച്ച 2/3ന്നു മുഴുവനും അവർ അർഹരാവുകയും ഈ പൗത്രിക്ക് ഒന്നും ലഭിക്കാതെ വരികയും ചെയ്യുമായിരുന്നു. ഒന്നിലധികം അമ്മായിമാരുണ്ടായതുകൊണ്ട് തനിക്ക് ഉപ്പാപ്പയുടെ സ്വത്ത് ലഭിക്കാതിരുന്നതിന് ഈ പൗത്രി പരാതിപ്പെടുന്നതിനർത്ഥമില്ല. മരിച്ച സഹോദരന്നു പുത്രൻമാരുണ്ടായതുകൊണ്ട് ജീവിച്ചിരിക്കുന്ന സഹോദരൻ അവകാശം നഷ്ടപ്പെട്ടു എന്നു പരാതിപ്പെടുന്നതിനു തുല്യമാണിത്. അതുപോലെ ഇവൾക്ക് പിതൃവ്യൻമാർ (മരിച്ചയാളുടെ ആൺമക്കൾ) ഉണ്ടായിരുന്നാലും ഈ പൗത്രി സ്വത്തിനർഹയല്ല. ഇത്തരം സന്ദർഭങ്ങളിൽ ഈ പെൺകുട്ടി പരാതിപ്പെടുന്നത് എത്ര അർത്ഥശൂന്യമാണോ അതുപോലെയാണ് ഈ വിഷയത്തിൽ ഇന്ന് ചിലരുടെ പരാതികളും വിമർശനങ്ങളെല്ലാം. ചോദ്യങ്ങൾ വിശദീകരിക്കുമ്പോൾ ഈ കാര്യം കൂടുതൽ മനസ്സിലാവും. ഉപ്പാപ്പക്ക് ഒരു മകൾ മാത്രമുള്ള സന്ദർഭത്തിൽ പൗത്രിക്ക് ലഭിച്ച 1/6 ആകെ പുത്രിമാർക്ക് നീക്കിവെച്ച 2/3ൽ നിന്ന് നേരെയുള്ള ഒരു മകളുടെ (2/3) പൂർണ്ണത എന്ന് പറയാവുന്നതാണ് ( تكملة الثلثين ) ഈ പൂർണ്ണതക്ക് അവകാശികളായ പുത്രിമാരുണ്ടായിരുന്നാൽ പൗത്രിയെ അവകാശിയായി പരിഗണിക്കാൻ പറ്റുകയില്ല. ഇനി അവൾക്ക് അവശതകളുണ്ടെങ്കിൽ ആ നിലക്ക് പരിഗണിക്കാം. ഈ വിഷയത്തിൽ ക്വുർആന്റെ നിർദ്ദേശം നേരത്തെ പ്രതിപാദിച്ചിട്ടുണ്ടല്ലോ. (10,11 നമ്പറുകളിൽ) അഥവാ ക്വുർആൻ 2:180 പറഞ്ഞപ്രകാരം വസിയ്യത്ത് മുഖേന അവശത പരിഹരിക്കണം. അതിന്ന് സാധിച്ചില്ലെങ്കിൽ അനന്തര സ്വത്തുകൾ ഭാഗിക്കുന്ന കൈകാര്യകർത്താക്കൾ ക്വുർആൻ 4:8ൽ കൽപ്പിച്ചതുപോലെ ചെയ്യണം. ഇസ്ലാമിക കുടുംബ സംവിധാനത്തിൽ ഇത്തരം കുട്ടികളെ സംരക്ഷിക്കുവാൻ വ്യവസ്ഥയുണ്ട്. അത് നിർവ്വഹിക്കുക തന്നെ വേണം. ഈ നിലക്കുള്ള ഒരു സംരക്ഷണവും ലഭിക്കാനിടയില്ലാത്ത സാഹചര്യത്തിൽ ഇവരുടെ ബാധ്യത ഭരണകൂടത്തിനാണ്. നബി(സ) പറയുന്നത് കാണുക.
وَمَن تَرَكَ مَالًا فَلِوَرَثَتِهِ وَمَن تَرَكَ كَلَّا فَإِلَيْنَا ( متفق عليه )
"ആരെങ്കിലും ധനം ഉപേക്ഷിച്ചിട്ട് മരിച്ചാൽ അതവന്റെ അനന്തരവകാശികൾക്കുള്ളതാണ്, എന്നാൽ ബാധ്യതകൾ ഉപേക്ഷിച്ചിട്ട് കൊണ്ടാണ് ഒരാൾ മരിച്ചതെങ്കിൽ ആ കാര്യം നമ്മുടെ അടുത്തേക്ക് വിടേണ്ടതാണ്." അനാഥകളുടെ സംരക്ഷണം മാത്രമല്ല അവരോട് മാന്യത പുലർത്തണമെന്നുകൂടി അല്ലാഹു കൽപ്പിക്കുന്നു.
كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ (الفجر ١٧)
"അല്ല, പക്ഷെ നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല." (84:17)
ഇന്നു നമുക്ക് ഒരു മുസ്ലീം ഗവൺമെന്റ് ഈ ബാധ്യത നിർവ്വഹിക്കാനില്ലാത്ത സാഹചര്യത്തിൽ മുസ്ലീം സമുദായത്തിന്റേതാണ് ഈ ബാധ്യത. നമ്മുടെ സമുദായം മറ്റു സാമൂഹ്യബാധ്യതകളെപ്പോലെ ഇത്തരം ബാധ്യതകൾ കുറെയെല്ലാം നിർവ്വഹിക്കുന്നുണ്ടെങ്കിലും വേണ്ടവിധം ബോധവൽക്കരണവും സംഘടിതമായ പ്രവർത്തനങ്ങളും ഇല്ല എന്നത് അവഗണിച്ചുകൂടാ. ഈ വിഷയത്തിൽ ഇനിയും നാം മുന്നോട്ട് വരേണ്ടതുണ്ട്. അതുകൊണ്ട് ബോധവൽക്കരണം ഊർജ്ജിതപ്പെടുത്തുകതന്നെവേണം.
മരിച്ച വ്യക്തിക്ക് ആൺമക്കളുള്ളപ്പോൾ പേരമക്കൾക്ക് അവകാശം ലഭിക്കുകയില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇവിടെ 'ആൺമക്കളുള്ളപ്പോൾ' എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മരിച്ച വ്യക്തിക്ക് പെൺമക്കൾ മാത്രമാണുള്ളതെങ്കിൽ, ഈ വ്യക്തിയുടെ മരിച്ച മകന്റെ മക്കൾക്ക് ഇദ്ദേഹത്തിന്റെ സ്വത്തിൽനിന്ന് അവകാശം ലഭിക്കുന്നതാണ്. അതായത് മരിച്ച വ്യക്തിക്ക് ആൺമക്കളുണ്ടെങ്കിൽ പൗത്രൻമാർക്ക് അവകാശമില്ല. പെൺമക്കളാണുള്ളതെങ്കിൽ പൗത്രൻമാർക്ക് അവകാശമുണ്ട് എന്നർത്ഥം. "അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല" എന്ന വചനം ഇവിടെ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. ഉപ്പാപ്പക്ക് പെൺമക്കൾ മാത്രമാണുള്ളതെങ്കിൽ പൗത്രൻമാർക്ക് അവകാശം ലഭിക്കുന്നു. എന്തുകൊണ്ടെന്നാൽ ഉപ്പാപ്പയുടെ മരണശേഷം ഈ പെൺമക്കൾക്ക് (പേരക്കുട്ടികളുടെ അമ്മായിമാർക്ക്) അവരെ സംരക്ഷിക്കാൻ സാധ്യമല്ലല്ലോ. കാരണം ഈ അമ്മായി മറ്റൊരുാളുടെ (ഭർത്താവിന്റെ) സംരക്ഷണയിലാണ് ജീവിക്കുന്നത്. അതിനാൽ ഈ പേരക്കുട്ടികളെ ഔദാര്യമായി ആരും ഏറ്റെടുക്കേണ്ടതില്ല എന്നായിരിക്കാം ഇതിലെ യുക്തി. അവർക്ക് അവകാശമായിത്തന്നെ ധനം ലഭിക്കുന്നുണ്ടല്ലോ. ഇനി ഉപ്പാപ്പക്ക് ആൺമക്കളുണ്ടെങ്കിൽ പേരക്കുട്ടികൾക്ക് സ്വത്തവകാശം ലഭിക്കുന്നില്ല. കാരണം ഈ പേരക്കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത ഈ ആൺമക്കൾക്ക് (പേരക്കുട്ടികളുടെ പിതൃവ്യൻമാർക്ക്) ആണുള്ളത്. ഈ സംരക്ഷണം പിതൃവ്യനിൽനിന്ന് സഹോദരപുത്രൻമാർക്ക് (പേരക്കുട്ടികൾക്ക്) കിട്ടുന്ന ഔദാര്യമല്ല, ഇസ്ലാമികമായ ഒരു അവകാശമാണ്.