തഖ്‌വയിൽ അധിഷ്ഠിതമായ ജീവിതം

📘 *ഇന്നത്തെ നേർവഴിയിലെ (#3786) പാഠങ്ങൾ* 

 

അല്ലാഹു നമുക്ക് നൽകിയിട്ടുള്ള ആയുസ്സ് വളരെ ബലഹീനവും എപ്പോൾ വേണമെങ്കിലും അവസാനിക്കാവുന്നതുമാണ്. നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കയറിനോട് ഇതിനെ ഉപമിക്കാം; അതിന് ബലക്കുറവുണ്ട്, അതിന്റെ ആവശ്യം കഴിഞ്ഞാൽ അത് ഉപേക്ഷിക്കപ്പെടും. അതുപോലെ, നമ്മുടെ ആയുസ്സും പെട്ടെന്ന് അവസാനിക്കുന്ന ഒന്നാണെന്ന തിരിച്ചറിവ് നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം. ഈ തിരിച്ചറിവ്, വഞ്ചനയുടെ ലോകത്തിന് അടിമപ്പെട്ട് ജീവിക്കുന്ന അവസ്ഥയിൽ നിന്ന് നമ്മെ തടയാൻ സഹായിക്കണം.

 

*📌 വിഷയം: തഖ്‌വയിൽ അധിഷ്ഠിതമായ ജീവിതം*

 

ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും, അതുപോലെ സന്തോഷത്തിന്റെ വേളകളിലും അല്ലാഹുവിന്റെ ദീനിന് അനുസൃതമായി നിലകൊള്ളാൻ നമ്മെ സഹായിക്കുന്ന അനിവാര്യമായ ഒന്നാണ് തഖ്‌വ (അല്ലാഹുവിനെ സൂക്ഷിക്കൽ). തഖ്‌വയിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുകയാണെങ്കിൽ, നാളെ പരലോകത്ത് നമ്മുടെ മക്കളും മാതാപിതാക്കളും കുടുംബവുമെല്ലാം നമുക്ക് അനുകൂലമായി ഭവിക്കുന്ന സാഹചര്യം അല്ലാഹു ഒരുക്കിത്തരും.

 

അല്ലാഹു ﷻ നമുക്ക് നൽകിയ സൗകര്യങ്ങളെയും അനുഗ്രഹങ്ങളെയും (സമ്പത്ത്, ആരോഗ്യം, സമയം) അവന്റെ മാർഗ്ഗത്തിൽ തന്നെ വിനിയോഗിക്കാനുള്ള ഈമാനികമായ ഒരു മനസ്സ് നമുക്കുണ്ടാകണം. അനുവദനീയമായ (മുബാഹ്) കാര്യങ്ങൾ പോലും നിയ്യത്തനുസരിച്ച് ആരാധനയായി മാറും.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله പറഞ്ഞു:

«كُلُّ مَا يُسْتَعَانُ بِهِ عَلَى طَاعَتِهِ فَهُوَ طَاعَةٌ»

*"അല്ലാഹുവിനെ അനുസരിക്കാൻ (ത്വാഅത്ത്) സഹായകമാകുന്ന രൂപത്തിൽ ഉപയോഗപ്പെടുത്തുന്ന ഏതൊരു കാര്യവും (അത് അനുവദനീയമായ കാര്യമാണെങ്കിൽ പോലും) അനുസരണ (ആരാധന) ആയിത്തീരുന്നതാണ്."*

 

നമുക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ അവനെ അനുസരിക്കാൻ വേണ്ടി ഉപയോഗിച്ചാൽ അതിലൂടെയും നമുക്ക് പ്രതിഫലം ലഭിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

അതുകൊണ്ട്, നമുക്ക് നിശ്ചയിക്കപ്പെട്ട ഈ ഹ്രസ്വമായ ആയുസ്സിനുള്ളിൽ, നാളത്തെ ശാശ്വതമായ ലോകത്തേക്കുള്ള വിജയത്തിന് ആവശ്യമായ വിഭവങ്ങൾ ഒരുക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കുക. അല്ലാഹുﷻ അതിനുള്ള സൗഭാഗ്യം നമുക്ക് പ്രധാനം ചെയ്യുമാറാകട്ടെ.