ചോദ്യങ്ങളും മറുപടിയും
ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെപ്പറ്റി ചോദ്യകർത്താവ് ഉന്നയിച്ച അഞ്ചു ചോദ്യങ്ങളെ സംബന്ധിച്ചു മറുപടി പറയുമ്പോൾ മൊത്തത്തിലെങ്കിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഈ ലേഖനത്തിൽ ഇത്രയും വിവരിച്ചത്. ഇനി നമുക്ക് ചോദ്യകർത്താവിന്റെ ചില പ്രധാന പ്രശ്നങ്ങളിലുള്ള സംശയങ്ങൾ ചർച്ചചെയ്യാം. സത്യം കണ്ടെത്തുവാൻ അല്ലാഹു സഹായിക്കട്ടെ.
1. ഒരു മകളും ഒരു മകന്റെ മകളുമായാൽ ആ പൗത്രിക്ക് അവകാശമുണ്ടെന്നും അതേസമയം രണ്ടു മകളും രണ്ടു മകന്റെ മകളുമുണ്ടായാൽ അതേ പൗത്രിക്ക് അവകാശമില്ലെന്നും (സ്വത്തു ബാക്കിയുണ്ടെങ്കിലും) നിലവിലുള്ള നിയമത്തിൽ ഏകകണ്ഠമായി എഴുതിവെക്കാൻ കാരണമെന്ത്? അതാദ്യമായി പറഞ്ഞ ഇമാമ് ആരാണ്? ഖുർആനിലോ ഹദീസിലോ അതിന്ന് വല്ല തെളിവുമുണ്ടോ?
ഈ ചോദ്യത്തിൽ ചില അവ്യക്തതകളുണ്ട്. അത് വരുത്തിയത് മനപൂർവ്വമോ അല്ലേ എന്നറിഞ്ഞുകൂടാ. പുത്രിയും പൗത്രിയും ഓരോന്ന് വീതമായാൽ പൗത്രിക്ക് അവകാശമുണ്ടെന്നും ഇവർ ഈരണ്ടുവീതമായാൽ അവകാശം തടയപ്പെടുമെന്നും ധ്വനിപ്പിക്കുന്നവിധമാണ് ഈ ചോദ്യം. പുത്രിമാരെ പോലെ പൗത്രിമാരും ഒന്നിൽ കൂടുതലായതുകൊണ്ടാണ് അവർക്കു അവകാശം ലഭിക്കാതെ വന്നത് എന്നും ഈ ചോദ്യം ധ്വനിപ്പിക്കുന്നു. കാര്യം അങ്ങനെയല്ല.
മറിച്ചു പുത്രിമാർ ഒന്നിലധികമുണ്ടായതുകൊണ്ടാണ് പൗത്രിമാർ അവകാശിക ഇല്ലാതായത്. പുത്രി ഒന്നേയുള്ളുവെങ്കിൽ പൗത്രിമാർ എത്രയുണ്ടായാലും അവർക്കു അവകാശം ലഭിക്കും. അപ്പോൾ പുത്രിയുടെ എണ്ണമാണിവിടെ പരിഗണിക്കുന്നത്. പൗത്രിമാരുടെ എണ്ണമല്ല. കാരണം ഒരു പുത്രിയുണ്ടായാൽ സ്വത്തിന്റെ 1/2യും ഒന്നിലധികമുണ്ടായാൽ 23മാണ് അവർക്കല്ലാഹു നൽകിയിട്ടുള്ളത്. ഒന്നിലധികം പുത്രിമാർ എത്രയായാലും അവർക്ക് 2/3 മാത്രമേ ലഭിക്കൂ. പുത്രിമാർക്ക് സ്വത്തിന്റെ 2/3 മാത്രമേ വിഹിതമുള്ളുവെന്ന് ഇതിൽനിന്നു ഗ്രഹിക്കാം. ഒരു പുത്രിയുള്ളപ്പോൾ പുത്രിമാർക്കു മൊത്തം അല്ലാഹു നീക്കിവെച്ച 2/3ൽ 1/2 (ഒരു പുത്രിയുടെ ഓഹരി) കഴിച്ചു ബാക്കിയുള്ള 1/6 പൗത്രിക്കു നൽകുന്നു. ഈ 16ന് അവകാശിയായി ഒരു പൗത്രിയേയുള്ളുവെങ്കിൽ അത് മുഴുവനും അവൾക്കുതന്നെ. ഒന്നിൽ കൂടുതൽ എത്ര പൗത്രിമാരുണ്ടായാലും ഈ 1/6 അവർ സമമായി ഭാഗിച്ചെടുക്കണം.എനി പുത്രി മാർ ഒന്നിലധികമായാൽ അവർക്കു നീക്കിവെച്ച മുഴുവൻ ഓഹരി (2/3)ക്കും പുത്രിമാർ തന്നെ (മരിച്ച വ്യക്തിയുമായി ഏറ്റവും അടുത്ത ബന്ധുക്കൾ എന്ന നിലക്ക്) അർഹതരായതുകൊണ്ട് ഇനി മകന്റെ മകൾക്ക് അവർ ഒന്നോ ഒന്നിൽ കൂടുതലോ ആയാലും അവകാശ സ്വത്തില്ല. അവകാശത്തിന്റെ അർഹത ഏറ്റവും അടുപ്പം മൂലമാണെന്ന് നാം മുമ്പ് (നമ്പർ 12ൽ) വിവരിച്ചിട്ടുണ്ടല്ലോ. ഇവിടെ ഏറ്റവും അടുത്തവർ ഒന്നിലധികം പുത്രിമാർ) ജീവിച്ചിരിക്കുന്നതുകൊണ്ട് പുത്രിമാർക്കുനീക്കിവെച്ച് മുഴുവൻ സ്വത്തിന്നു അവർ തന്നെ അർഹരാവുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് പിന്നീട് അടുത്തവർക്ക് (മകന്റെ പെൺമക്കൾക്ക് സ്വത്ത് അവകാശമായി നൽകാൻ നിവൃത്തിയില്ല(നമ്പർ 12 നോക്കുക). അപ്പോൾ പൗത്രിക്കു അവകാശം ലഭിക്കുന്നതിൽ കാരണമായി വർത്തിക്കുന്നത് പുതിയാണ്. അഥവാ പുത്രിമാരുടെ എണ്ണമാണ്. ഒരു പുത്രി മാത്രമായാൽ അവർക്ക് 1/2 ലഭിക്കുന്നു. അവർ തന്റെ താഴെ സ്ഥാനത്തുള്ള പൗത്രിയെ (പൗത്രിമാരെ) സ്വത്തിൽനിന്നു തടയുകയില്ല. മരിച്ചു ഒന്നിലധികം പുത്രിമാരുണ്ടായാൽ, പുത്രിമാർക്കു നീക്കിവെച്ച 2/3 മുഴുവനും അവർക്കു തന്നെ ലഭിക്കുന്നതിനാൽ പൗത്രിമാർ സ്വത്തിൽനിന്ന് തടയപ്പെടുന്നു. ഇവിടെ സ്വഭാവികമായും ഒരു സംശയമുദിക്കുന്നു. പുത്രി ഒന്നു മാത്രമാകുമ്പോൾ പൗത്രിമാർക്കു (അവർ ഒന്നോ അധിലധികമോ ആയാലും അവകാശമുണ്ടെന്നും പുത്രിമാർ ഒന്നിന കൂടുതലായാൽ ആ പൗത്രി മാർക്ക് അവകാശമില്ലെന്നും വരാൻ കാരണമെ ഇങ്ങനെ നേരെ ചൊവ്വേ ചോദിച്ചാൽ കാര്യം വ്യക്തമാണ് പക്ഷെ, കാര്യം വ്യക്തമാക്കലല്ല മറ്റെന്തോ ആണ് ചോദ്യകർത്താവ് ലക്ഷ്യമാക്കുന്നതെന സംശയിക്കാൻ ന്യായമുണ്ട്. അതുകൊണ്ടായിരിക്കണം ചോദ്യം അൽപം കോടമാട്ടിയത്. അതു പുരോഹിതൻമാരുടെ സ്വഭാവമാണ്. അതുകൊണ്ട് ഈ ചോദ്യത്തിന്റെ പിന്നിൽ ഒരു പുരോഹിതന്റെ കരം പ്രവർത്തിച്ചിട്ടുണ്ടെന്നത പറഞ്ഞാൽ കുറ്റം പറയാവതല്ല.
നിശ്ചിത ഓഹരി ലഭിക്കുന്ന കുടുംബങ്ങളും (اصحاب الفروض) കുടുംബ സംരക്ഷണം ഏറ്റെടുക്കേണ്ടവരും നിശ്ചിത ഓഹരി കഴിച്ചു ബാക്കി സ്വത്തവകാശികളാകുന്നവരും (العصبة) മായ രണ്ടു വിഭാഗത്തെ നമ്പർ 16 വിവരിച്ചിട്ടുണ്ടല്ലോ. ഇവരിൽ ഒന്നാം വിഭാഗത്തെ അതിഥികളെ പോലെയും രണ്ടാം വിഭാഗത്തെ ഗൃഹസ്ഥരെപ്പോലെയും സങ്കൽപിക്കുക. അതിഥികളെ സൽക്കരിച്ചുകഴിഞ്ഞു ബാക്കിയുള്ളതേ ഗൃഹസ്ഥൻ എടുക്കാറുള്ളുവല്ലോ. അതെത്രയായാലും ഗൃഹസ്ഥൻ തൃപ്തിപ്പെടുകയും വേണം. അതുപോലെ (أصحاب الفروض) നിശ്ചിത ഓഹരിക്കാരന്റെ ഓഹരി കഴിച്ചേ അസ്വബക്കാർക്കു ലഭിക്കുകയുള്ളു. ഇവിടെ പുത്രിയുടെയും പൗത്രിയുടെയും അവകാശമാണല്ലോ ചർച്ചാവിഷയം പെൺകുട്ടികൾ (ആൺമക്കളില്ലാത്തപ്പോൾ) നിശ്ചിത ഓഹരിക്കാരാണ്. ഒരു പെൺകുട്ടിയുള്ളപ്പോൾ 1/2യും ഒന്നിലധികം പെൺകുട്ടികളാണെങ്കിൽ 2/3ഉം അവർക്ക് നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു.
﴿ فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ﴾ ( النساء -١١)
"അവർ രണ്ടിലധികം സ്ത്രീകളുണ്ടെങ്കിൽ അവർക്ക് (പിതാവ്) വിട്ടുപോയ സ്വത്തിൽനിന്നുമൂന്നിൽ രണ്ടു ഓഹരിയുണ്ട്. അവൾ (പെൺകുട്ടി) ഒന്നേയുള്ളൂവെങ്കിൽ പകുതിയും ഓഹരിയുണ്ട്."
നേരത്തെ പറഞ്ഞപോലെ ഒരു പെൺകുട്ടിക്ക് 1/2ഉം ഒന്നിലധികം പെൺമക്കൾക്ക് 2/3ഉം ആണ് മൊത്തം നീക്കിവെച്ചിട്ടുള്ളതെന്നു ഈ ഖുർആൻ വചനത്തിൽ നിന്ന് വ്യക്തമാണ്. അപ്പോൾ ഒരു പുത്രിക്ക് 1/2 കൊടുത്തശേഷം 2/3ൻ്റെ ബാക്കിവരുന്ന അംശം 1/6 ആണ് മകൻ്റെ മകൾക്ക് കൊടുക്കുന്നത്. ഈ പൗത്രിമാർ എത്ര എണ്ണമുണ്ടായാലും അവർക്കെല്ലാം 1/6 മാത്രമേയുള്ളൂ താനും. ഈ വിഷയത്തിൽ നബി(സ)യുടെ ഒരു വിധി (رواه الجماعة) ഒന്നിലധികം പ്രാവശ്യം ഈ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ വിധിതന്നെ തിർമിദി ഉദ്ധരിക്കുന്നത്പ്രകാരമാണ്.
عن عبد الله بن مسعود قال: أقضى فيها كما قضى رسول الله صلى الله عليه وسلم للبنت النصف ولابنة الابن السدس تكملة الثلثين وللأخت ما بقى - وقال الترمذى حديث حسن صحيح وقد رواه أيضا شبعة عن أبى قيس ( سنن الترمذى - ٣٠/٢ ابواب الفرائض)
അബ്ദുള്ളാഹിബ്‌നു മസ്ഊദ് (റ)ൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു. ഞാൻ നബി(സ) വിധിച്ചപോലെ വിധിക്കും.
"മകൾക്ക് പകുതിയും, മകൻ്റെ മകൾക്ക് മൂന്നിൽ രണ്ടിൻ്റെ പൂർണ്ണതയായി ആറിലൊന്നുംബാക്കി സഹോദരിക്കും നബി(സ) വിധി നൽകി." (സുനനു തുർമുദി - 2.30 ഫറാഇളിൻ്റെ അദ്ധ്യായം)
ഇമാമുകളുടെ അഭിപ്രായവും ഇതുതന്നെയാണ്. ഇമാം മാലിക്(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ الموطأ ൽ പറയുന്നത് കാണുക.
وان لم يكن الولد للصلب إلا ابنة واحدة فلها النصف ولابنة ابنة واحدة أو أكثر من ذلك من بنات الأبناء، ممن هو من المتوفى بمنزلة واحدة السدس (الموطأ ۲۲۳)
"സ്വന്തം മക്കളായി ഒരു പെൺകുട്ടി മാത്രമേയുള്ളൂവെങ്കിൽ അവൾക്കു 1/2ഉം, മരിച്ചയാളുമായി ഒരേ പദവിയിലുള്ള ഒന്നോ അതിലധികമോ എത്രയായാലും പൗത്രിമാരുണ്ടായാൽ അവർക്ക് 1/6 ആകുന്നു.
ഈ വിധി ഖു: 4:11ൻ്റെ തത്വപ്രകാരമാണെന്നും ഇമാം മാലിക്(റ) വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ മരിച്ചയാൾക്ക് രണ്ടു പെൺമക്കളുണ്ടായാൽ ആകെ പെൺമക്കൾക്കു നിശ്ചയിച്ച 2/3 അവർ തന്നെ വീതിച്ചെടുത്തതിനാൽ പേരമക്കൾക്കു അവകാശം ഉണ്ടാകുന്നതല്ല. അവർക്കു അവരുടെ പിതാവ് സമ്പാദിച്ച സ്വത്തിലെ (അതുണ്ടെങ്കിൽ) അവകാശം ലഭിക്കുകയും ചെയ്യുമല്ലോ. ഇനി ഈ പിതാവിൽനിന്ന് ഇവർക്ക് ഒന്നും ലഭിക്കാനില്ലെങ്കിൽ, ഈ പിതാമഹൻ തൻ്റെ സ്വത്തിൻ്റെ 1/3ൽ കവിയാത്ത വിഹിതം (ഖു:2:180 പ്രകാരം) വസിയ്യത്ത് ചെയ്യേണ്ടതാണ്. സംഗതിവശാൽ ഉപ്പാപ്പക്ക് അതിന്നു സാധിച്ചില്ലെങ്കിൽ എന്തുവേണമെന്ന് അല്ലാഹു നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയം നേരത്തെ നമ്പർ 11,12ൽ വിവരിച്ചിട്ടുണ്ട്. നോക്കുക. അല്ലാഹു ഒന്നും മറന്നുപോയിട്ടില്ല.
( وَمَا كَانَ رَبُّكَ نَسِيًّا - ١٩:٢٦ )
ഈ പുതിയ "മതപണ്ഡിതന്മാരാണ്" മറക്കുന്നതും കോട്ടിമാട്ടുന്നതും വളച്ചൊടിക്കുന്നതുമെല്ലാം.
സ്വന്തം പുത്രിമാർ രണ്ടോ അതിലധികമോ ഉള്ളപ്പോൾ മകൻ്റെ പെൺമക്കൾക്ക് അവകാശമില്ലെന്ന് ഖുർആൻ 4:11ൻ്റെ അടിസ്ഥാനത്തിൽ പൂർവ്വികരായ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം മാലിക് തന്നെ പറയുന്നത് കാണുക:
فان لم يكن في الولد الصلب ذكر وكانتا اثنتين فأكثر من ذلك من البنات للصلب فإنه لا ميراث لبنات الابن معهن ( الموطأ ج ۲ ص ۳۲۳ )
"സ്വന്തം മക്കളിൽ ആൺകുട്ടികളില്ലാത്ത സ്ഥിതിയുണ്ടാവുകയും രണ്ടോ അധികമോ സ്വന്തം പെൺമക്കളുണ്ടാവുകയും ചെയ്താൽ അവരോടുകൂടി മകൻ്റെ പെൺകുട്ടികൾക്ക് അനന്തരവകാശമില്ല."
അവ്യക്തത വേറെയും
ചോദ്യത്തിൽ മറ്റൊരു അവ്യക്തത കൂടിയുണ്ട്. "....അതേസമയം രണ്ടു മകളും രണ്ടു മകൻ്റെ മകളുമായാൽ അതേ പേരക്കുട്ടിക്ക് അവകാശമില്ലെന്നും (സ്വത്തു ബാക്കിയുണ്ടെങ്കിലും)...."
പുത്രിമാർക്കു മൊത്തം നീക്കിവെച്ച 2/3ൽ നിന്നും ബാക്കിവന്ന 1/6 ആയിരുന്നു പൗത്രിക്കു കൊടുത്തത്. അത് പൗത്രി ഒന്നായതു കൊണ്ടല്ല അവർക്ക് ലഭിച്ചത്. മറിച്ച്, പുത്രി ഒന്നു മാത്രമായതുകൊണ്ടാണെന്ന് നാം മുമ്പ് വിവരിച്ചുവല്ലോ. അതുപോലെ പൗത്രിമാർ രണ്ടായതുകൊണ്ടല്ല അവർക്കു ലഭിക്കാതിരുന്നത് മറിച്ച് പുത്രിമാർ ഉണ്ടായതുകൊണ്ടാണ്. പൗത്രിമാർ ഒന്നായാലും രണ്ടായലും നിയമത്തിൽ മാറ്റമില്ല. മറ്റൊരാൾക്കുവേണ്ടി കരുതിവെച്ച ഒരു സീറ്റിൽ ഒഴിവു കണ്ടപ്പോൾ തൽക്കാലം ഒരാൾ തൻ്റെ കുട്ടിയെ ഇരുത്തുകയും, ആ സീറ്റിൻ്റെ യഥാർത്ഥ അവകാശി വന്ന് ഈ സീറ്റൊഴിഞ്ഞു തരാനും കുട്ടിയെ മടിയിലിരുത്താനും പറയുന്നത് ദ്രോഹമാണെന്നു പറയാമോ? അതുപോലെ പെൺമക്കളുടെ ഓഹരി (2/3)യിൽ ബാക്കിവന്നപ്പോൾ അത് പൗത്രിക്കു കൊടുക്കുകയും എന്നാൽ പെൺമക്കളുടെ ഓഹരിയായ 2/3 മുഴുവൻ അവകാശികളുമുണ്ടായപ്പോൾപൗത്രിയെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരോടു പറയുകയും, അവൾ ഉപ്പാപ്പയുടെഓഹരി (ഉപ്പാപ്പ മരിച്ചശേഷം) കാത്തിരിക്കേണ്ടതില്ലെന്നു പറയുകയും ചെയ്യുന്നത് ദ്രോഹമല്ല. അവൾക്കു ആവശ്യമായ സന്ദർഭങ്ങളിൽ വസിയ്യത്തു ചെയ്യുവാൻ ഖു:2:180ലും അതുമില്ലെങ്കിൽ സംരക്ഷിക്കുവാൻ ഖു:4:8ലും വ്യക്തമായ നിർദ്ദേശങ്ങളുണ്ടെന്ന് നാം പലവട്ടം ആവർത്തിച്ചുതുമുണ്ട്.
അനന്തിര സ്വത്ത് അനാഥകളെ സംരക്ഷിക്കാനോ അഗതികൾക്ക് ആഹാരം നൽകാനോ ഉള്ളതല്ലെന്ന് ഒന്നിലധികം പ്രാവശ്യം നാം വ്യക്തമാക്കിയിട്ടുണ്ട്. അതു അവകാശികൾക്കു വീതിച്ചു കൊടുക്കാനുള്ളതാണ്. അതാണ് അല്ലാഹുവിൻ്റെ നേരായമാർഗ്ഗം. ( الصراط المستقيم ) അല്ലാതെ, അനാഥകളെ സംരക്ഷിക്കുവാൻ ആരെങ്കിലും മരിച്ചിട്ടു അയാളുടെ സ്വത്തു ഭാഗിച്ചുകിട്ടാൻ കണ്ണുംനട്ടിരിക്കരുത്. അതു ജീവിച്ചിരിക്കുന്നവർ അവരവരുടെ സ്വത്തിൽ നിന്നു എടുത്തുചെയ്യേണ്ടതാണ്.
﴿ كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴾ - الفجر
എന്ന കൽപ്പന ജീവിച്ചിരിക്കുന്നവരോടാണ്, മരിച്ചവരോടല്ലല്ലോ.
ജീവിച്ചിരിക്കുന്നവരെ താക്കീതു ചെയ്യുവാൻ വേണ്ടിയാണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചതെന്നിരിക്കെ - ﴿ لِّتُنذِرَ مَن كَانَ حَيًّا ﴾ - يس (നീ ജീവിച്ചിരിക്കുന്നവരെ താക്കീതു ചെയ്യുവാൻ) മരിച്ചു മണ്ണ് ചെയ്തശേഷം ഖബറിന്മേൽ പുരകെട്ടി അവിടെയിരുന്ന് ഖബറാളിക്കുവേണ്ടി ഖുർആൻ ഓതിക്കൊണ്ടിരിക്കുന്നതിനു തുല്യമാണ് അനാഥകളെയും അഗതികളെയും സംരക്ഷിക്കുവാൻ ജീവിച്ചിരിക്കുന്നവർക്കാണ് ബാധ്യത എന്നിരിക്കെ മരിച്ചവരുടെ സ്വത്തും കാത്തിരിക്കുന്നത്. പരിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വേണ്ടതുപോലെ ചിന്തിക്കാത്ത ചിലയാളുകളുടെ മുറവിളി കേൾക്കുമ്പോൾ ഇതാണ് ഓർമ്മവരുന്നത്.
ചോദ്യകർത്താവ് ബ്രാക്കറ്റിൽ "സ്വത്തുബാക്കിയുണ്ടെങ്കിലും" എന്നു ചേർത്തുകൊണ്ട് മനപൂർവ്വം ചിന്താക്കുഴപ്പം സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്. പുത്രികളും പുത്രൻ്റെ പുത്രിയുമുള്ളപ്പോൾ സ്വത്തിൽ ബാക്കിവരുന്ന ഒന്നിലധികം രൂപങ്ങൾ വരാൻ സാധ്യതയുണ്ട്. അതെല്ലാം ചർച്ച ചെയ്തു ലേഖനം ദീർഘിപ്പിക്കുവാനുദ്ദേശമില്ല. ചോദ്യകർത്താവു പറയുന്നത് രണ്ടു പുത്രിമാരും പുത്രൻ്റെ രണ്ടു പെൺകുട്ടികളുമുള്ളതാണല്ലോ. ആ നിലക്കു മരിച്ചയാൾക്കു ഈ നാലുപേരൊഴികെ അടുത്തതോ അകന്നതോ ആയ യാതൊരു ബന്ധുക്കളുമില്ലെന്നു സങ്കൽപ്പിച്ചുകൊണ്ടു മറുപടി പറയാം.
അപ്പോൾ രണ്ടു പെൺമക്കളാണ് നേരെയുള്ള അവകാശികൾ. അവർക്കു 2/3 കൊടുക്കണം. പുത്രൻ്റെ പെൺകുട്ടികൾക്കു നിയമപ്രകാരമുള്ള അവകാശമില്ല. കാരണം പുത്രിമാർക്കുള്ള 2/3 പൂർണ്ണമായും അവർക്കുനൽകിക്കഴിഞ്ഞുവല്ലോ. ഇനി ബാക്കിയുള്ള 1/3 ആർക്കുകൊടുക്കുമെന്നതാണ് പ്രശ്നം. അതു പൗത്രിക്കു കൊടുത്തുകൂടേ, അവർ അനാഥകളാണല്ലോ, അഗതികളാണല്ലോ, സംരക്ഷിക്കേണ്ടതുണ്ടല്ലോ എന്നൊക്കെയാണ്ചിലർ പറയുന്നത്. ശരി. അനാഥകളെ സംരക്ഷിക്കേണ്ടതുതന്നെ. സംശയമില്ല. ഈ കുട്ടികളുടെ സംരക്ഷണത്തിനായി ഖു:2:180ൽ പറഞ്ഞ പ്രകാരം ഉപ്പാപ്പ വസിയ്യത്തു ചെയ്യുകയോ, ഈ കുട്ടികളുടെ പിതാവ് മരിക്കുമ്പോൾ അവർക്ക് അനന്തരമായി ആവശ്യത്തിന് സ്വത്തു ലഭിച്ചിട്ടുണ്ടെങ്കിൽ അതെടുത്ത് ഈ കുട്ടികളെ സംരക്ഷിക്കുകയോ ചെയ്യാമല്ലോ. എനി ബാക്കിയുള്ള 1/3 സ്വന്തം പെൺകുട്ടികൾക്കു തന്നെ വീതിച്ചുകൊടുക്കുകയോ, ഈ പൗത്രികൾക്കുകൂടി ഒരംശം കൊടുക്കുകയോ ചെയ്യണം. ഈ പൗത്രികൾ അനാഥരും ദരിദ്രരും കൂടിയാണെങ്കിൽ ബാക്കിവന്ന 1/3 ഈ പൗത്രിമാർക്ക് ഖു:4:8ൽ പറഞ്ഞപ്രകാരം നൽകുകയും വേണം. എന്തുകൊണ്ടെന്നാൽ ആ ആയത്തിൽപറഞ്ഞ എല്ലാ പരിഗണനകളും ഈ കുട്ടികളിൽ ഒത്തിണങ്ങിയിട്ടുണ്ട്. അതായത് ഇവർ (1) ബന്ധുക്കളാണ്. (2) അനാഥരാണ് (3) ദരിദ്രരാണ്. അപ്പോൾ 1/3 ഇവർ രണ്ടുപേരും സമമായി ഭാഗിക്കുകയോ, അല്ലെങ്കിൽ പുത്രിമാരടക്കം നാലുപേരുംകൂടി വീതിച്ചെടുക്കുകയോ വേണം. സാഹചര്യവും സന്ദർഭവും ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം പൗത്രികളായ രണ്ടു പെൺകുട്ടികൾ കൂടുതൽ ദരിദ്രരാണെങ്കിൽ ഇവർക്കുകൂടി ഈ സ്വത്തുവിഹിതം നൽകണം. ഇതുപാടില്ലെന്നു മുസ്‌ലിംലോകത്ത് പ്രമുഖനായ ഒരു പണ്ഡിതനെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാണിക്കാൻ ഒരാൾക്കും സാധ്യമല്ല. മുസ്‌ലിം ശരീഅത്തിനെ അവഹേളിക്കാൻ ശ്രമിക്കുന്നവർ ആദ്യം ആ ശരീഅത്തിനെക്കുറിച്ച് ശരിയായ വിധം ഒന്നു പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവർക്കുപോലും ഈയൊരു ആരോപണം പറയാൻ ധൈര്യമുണ്ടാകില്ല. തീർച്ച.
( وَمَا كَانَ رَبُّكَ نَسِيًّا - ١٩:٦٤ )
"നിൻ്റെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല." എന്ന വചനം സദാ ഓർമ്മയിലിരിക്കട്ടെ. ചിലപ്പോൾ പൗത്രിമാർ അനാഥരോ, ദരിദ്രരോ ആയില്ലെന്നും വരാം.
ഈ നിയമം ആദ്യം നടപ്പിൽവരുത്തിയത് നബി(സ.അ)യും പിന്നീട് സ്വഹാബികളും, ശേഷം ഹദീസ് പണ്ഡിതന്മാരും കർമ്മശാസ്ത്ര പണ്ഡിതന്മാരുമാണെന്ന് നാം മനസ്സിലാക്കിയല്ലോ.
എന്നാൽ പരിശുദ്ധ ഖുർആൻ തങ്ങളുടെ ദേഹേച്ഛക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ചിലർ ഹദീസുകളെ തള്ളിപ്പറയുന്ന കൂട്ടത്തിൽ ഈ ഹദീസുകളെയും തള്ളിപ്പറഞ്ഞേക്കും. അത്തരംഹദീസ് നിഷേധികളെ മുസ്‌ലിംകൾ അവരുടെ ചരിത്രത്തിൽ പലപ്പോഴായി കണ്ടതുമാണ്. അവരുടെ ജൽപനങ്ങൾ ഇസ്‌ലാമിന്നു ബാധകമല്ല.