ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം

ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം

"അല്ലാഹു അവനല്ലാതെ വേറെ ആരാധ്യനില്ല. ജീവനുള്ളവന്‍; സ്വയംപര്യാപ്തനായ സര്‍വ്വനിയന്താവ്. അവനെ ഒരുവിധ മയക്കവും ഉറക്കവും ബാധിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെതാണ്. അവന്‍റെ അനുവാദമില്ലാതെ അവന്‍റെയടുത്ത് ശുപാര്‍ശ ചെയ്യുന്നവന്‍ ആരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്ന് അറിയാം. അവന്‍റെ അറിവില്‍ നിന്ന് അവന്‍ ഉദ്ദേശിച്ചതലാതെ അവര്‍ യാതൊന്നും അറിയുന്നില്ല. അവന്‍റെ സിംഹാസനം ആകാശഭൂമികളെ ഉള്‍ക്കൊണ്ടിരിക്കുന്നു; അവയുടെ സംരക്ഷണം അവന് ഭാരമല്ല. അവന്‍ അത്യുന്നതനും മഹത്വമേറിയവനുമാകുന്നു (ക്വുര്‍ആന്‍ 2:255)

ദൈവത്തെ കേവലം ഒരു 'ശക്തി'യായി അവതരിപ്പിക്കുക പതിവുണ്ട്. 'നിര്‍ഗുണ പരമാത്മാ' എന്ന് പറയും പോലെ യാതൊരു ഗുണങ്ങളുമില്ലാത്ത അന്ധമായ ഒരു ശക്തിയാണ് ദൈവം എന്ന് അനുമാനിക്കുന്നവര്‍ക്ക് അവനെ ഭയപ്പെടേണ്ടതില്ല. അവര്‍ അവനേക്കാള്‍ ഉയര്‍ന്നവരാണ്. അവര്‍ക്ക് വ്യക്തിത്വമുണ്ട്. ജീവനുണ്ട്. ഗുണങ്ങളുണ്ട്. ചിന്തിക്കുവാനും മനസ്സിലാക്കുവാനും ഉള്ള കഴിവുകളുണ്ട്. വികാരവിചാരങ്ങളുണ്ട്. എന്നാല്‍ അവരുടെ സങ്കല്‍പത്തില്‍ ദൈവം ജീവനില്ലാത്ത, വിചാരവികാരങ്ങളില്ലാത്ത, ബുദ്ധിയും വിജ്ഞാനവുമില്ലാത്ത അന്ധമായ ഒരു നിര്‍ഗ്ഗുണ ശക്തി മാത്രമാണ്. അപ്പോള്‍ മനുഷ്യന്‍ ദൈവത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. മനുഷ്യന്‍റെ അഹന്തക്ക് പോഷണം നല്‍കുന്ന ഒരു ദൈവസങ്കല്പമാണിത്.

എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം -അല്ലാഹു - തീര്‍ത്തും വ്യത്യസ്തനാണ്. 'ജീവനുള്ളവന്‍;  'ഒരിക്കലും മരിക്കാത്ത ജീവനുള്ളവന്‍'; 

"ഒരിക്കലും മരിക്കാതെ ജീവിക്കുന്നവനില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക, അവന്‍റെ സ്തുതി പ്രകീര്‍ത്തനം ചെയ്യുക" (ക്വുര്‍ആന്‍ 25:58)

സൃഷ്ടികളുടെ ജീവനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിഭിന്നമാണ് അവന്‍റേത്. 

"അവനെപ്പോലെ യാതൊന്നുമില്ല" (ക്വുര്‍ആന്‍ 42:11)

എന്നത് അവന്‍റെ എല്ലാ ഗുണങ്ങള്‍ക്കും ബാധകമാണ്. അവന്‍ പരാശ്രയമുക്തനാണ്. സ്വയംപര്യാപ്തനാണ്. എ ല്ലാവരും അവനെ ആശ്രയിക്കുന്നു. അവന്‍ ആരെയും ഒന്നിനെയും ആശ്രയിക്കുന്നില്ല. ഒരു മയക്കവും ഉറക്കവും ബാധിക്കാതെ എപ്പോഴും എല്ലാം അറിഞ്ഞുകൊണ്ടും എല്ലാം നിയന്ത്രിച്ചുകൊണ്ടും സര്‍വ്വഥാ ജാഗരൂകനാണ് അവന്‍. അതുകൊണ്ടാണ് ഭൂമിയും സൂര്യനും ചന്ദ്രനും അനന്തമായ ആകാശത്ത് പരന്നുകിടക്കുന്ന കോടാനുകോടി നക്ഷത്രങ്ങളും എല്ലാം പരസ്പരം കൂട്ടിമുട്ടാതെ, വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്നത്.

"തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും നീങ്ങിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നു. അവയെ ങ്ങാനും നീങ്ങിപ്പോയാല്‍ അവനല്ലാതെ ആര്‍ക്കും അവയെ പിടിച്ചുനിര്‍ത്താന്‍ സാധ്യമാകയില്ല" (ക്വുര്‍ആന്‍ 35:41)

ആകര്‍ഷണ ശക്തിയെപറ്റിയും പ്രകൃതിയെപ്പറ്റിയുമെല്ലാം പല സിദ്ധാന്തങ്ങളും നമുക്ക് ആവിഷ്കരിക്കാം. പക്ഷെ, അവസാന വിശകലനത്തില്‍ എല്ലാ വസ്തുക്കളും ഏകനായ സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുന്നു. ഒരു വസ്തുവിനും സ്വയം നിലവില്‍ വരാനോ നിലനില്‍ക്കാനോ സാദ്ധ്യമല്ല. ഏറ്റവും ചെറിയത് മുതല്‍ ഏറ്റവും വലിയതു വരെയുള്ള എല്ലാ വസ്തുക്കള്‍ക്കും ഒരു റബ്ബ്  (സൃഷ്ടിച്ച് പരിപാലിച്ച് ലക്ഷ്യ ത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്ന നാഥന്‍) കൂടാതെ നിലവില്‍ വരാനോ നിലനില്‍ക്കുവാനോ സാധ്യമല്ലതന്നെ. മനുഷ്യര്‍ക്ക് അറ്റം കാണാന്‍ കഴിയാത്ത ഈ ദൃശ്യപ്രപഞ്ചത്തിന്‍റെയും അതിനപ്പുറമുള്ളതിന്‍റെയുമെല്ലാം സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്‍റെ അറിവില്‍ നിന്നും കഴിവില്‍ നിന്നും നിയന്ത്രണത്തില്‍ നിന്നും ഒരു പരമാണുവോ, അതിലും നിസ്സാരമായതുപോലുമോ ഒഴിവായിപ്പോവുകയുമില്ല.

'അല്ലാഹുവിന്‍റെ സിംഹാസനം ആകാശങ്ങളെയും ഭൂമിയെയും ഉള്‍ക്കൊള്ളുന്നു'. ഈ ലോകത്തിന്‍റെ സ്രഷ്ടാവെന്ന പോലെ അതിന്‍റെ നിയന്താവുമവന്‍ തന്നെ. സൃഷ്ടിക്കുന്നത് ഒരു ദൈവവും സംരക്ഷിക്കുന്നത് ഒരു ദൈവവും സംഹരിക്കുന്നത് മറ്റൊരു ദൈവവുമല്ല. അത്തരം തെറ്റുധാരണകള്‍ ദൂരീകരിക്കാനാണ് 'അവയുടെ സംരക്ഷണം അവന് ഭാരമല്ല', എന്ന് പറഞ്ഞത്. വ്യത്യസ്ത ദൈവങ്ങളുടെ നിയന്ത്രണത്തിലാണ് ഈ അനന്തകോടി ഗോളങ്ങള്‍ നീങ്ങുന്നതെങ്കില്‍ അരാജകത്വം കൊണ്ട് അവ എന്നോ നശിച്ചുകഴിഞ്ഞിട്ടുണ്ടാകും. ദൈവങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങളും അധികാര വടംവലിയും ലോകത്തിന്‍റെ നാശത്തില്‍ കലാശിച്ചിരിക്കും.

"അവയില്‍ അല്ലാഹുവിന് പുറമെ ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ തകര്‍ന്നിട്ടുണ്ടാവും" (ക്വുര്‍ആന്‍ 21:22) എന്ന ക്വുര്‍ആന്‍ വചനം ദൈവത്തിന്‍റെ ഏകത്വം തെളിയിക്കുന്ന യുക്തിപരമായ സമര്‍ഥനമാണ്.