കുട്ടി പഠിക്കാനിരിക്കുമ്പോൾ പെട്ടെന്ന് ശ്രദ്ധ മാറുന്നു, പലതവണ പറഞ്ഞാലും പഠിച്ചതെല്ലാം മറക്കുന്നു, ക്ലാസിൽ മറ്റു കുട്ടികളെക്കാൾ പിന്നിൽ പോകുന്നു... ഇത്തരം പ്രശ്‌നങ്ങൾ പല മാതാപിതാക്കളും അനുഭവിക്കുന്നവയാണ്. എന്നാൽ ഇതെല്ലാം ‘മടി’ അല്ലെങ്കിൽ ‘ശ്രദ്ധക്കുറവ്’ മാത്രമല്ല, ചിലപ്പോൾ പഠനവൈകല്യത്തിന്റെ (Learning Disability) ലക്ഷണങ്ങളായിരിക്കാം.
ചില കുട്ടികൾക്ക് അടിസ്ഥാന പഠനത്തിൽതന്നെ സ്ഥിരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് സാധാരണയായി ‘പഠന വൈകല്യം’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ഇത് കുട്ടിയുടെ ബുദ്ധിശക്തിയുടെ കുറവല്ല, മറിച്ച് വിവരങ്ങൾ മനസ്സിലാക്കാനും പ്രോസസ്സ് ചെയ്യാനുമുള്ള പ്രത്യേക രീതിയിലുള്ള ബുദ്ധിമുട്ടാണ്.
എന്താണ് പഠന വൈകല്യം?
പഠന വൈകല്യം എന്നത് വായന, എഴുത്ത്, കണക്കുകൂട്ടൽ തുടങ്ങിയ അടിസ്ഥാന പഠന കഴിവുകളിൽ കാണുന്ന സ്ഥിരമായ ബുദ്ധിമുട്ടുകളെയാണ് സൂചിപ്പിക്കുന്നത്. വായന പ്രശ്നം (Dyslexia), എഴുത്തു പ്രശ്നം (Dysgraphia), ഗണിത പ്രശ്നം (Dyscalculia) തുടങ്ങിയവ പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്.
കുട്ടികളിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ:
വായനയിലെ ബുദ്ധിമുട്ട്
• അക്ഷരങ്ങൾ തിരിച്ചറിയാൻ വൈകുന്നത്.
• വാക്കുകൾ തെറ്റായി വായിക്കുന്നത്.
• വായനയുടെ വേഗം വളരെ കുറവ്.
എഴുത്തിലെ പ്രശ്‌നങ്ങൾ
• അക്ഷരങ്ങളും അക്കങ്ങളും മറിച്ചും തലതിരിച്ചുമൊക്കെ എഴുതുന്നത്.
• വാക്കുകൾ ഇടവിടാതെ എഴുതുന്നത്
• കൈയെഴുത്ത് വ്യക്തതയില്ലാതെ കാണുന്നത്
ഗണിതത്തിലെ ബുദ്ധിമുട്ട്
• അക്കങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട്
• ലളിതമായ കണക്കുകൾ പോലും ചെയ്യാൻ പ്രയാസം
• സമയം, പണം തുടങ്ങിയ ആശയങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട്
• പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത്
മൊഴി-ഭാഷാ ബുദ്ധിമുട്ടുകൾ
• വാക്കുകൾ കണ്ടെത്താൻ കൂടുതൽ സമയമെടുക്കുന്നത്.
• നിർദേശങ്ങൾ മനസ്സിലാക്കാൻ വൈകുന്നത്.
ഓർമശക്തി പ്രശ്‌നങ്ങൾ
• പഠിച്ചതെല്ലാം വേഗത്തിൽ മറക്കുന്നത്.
• ക്രമത്തിൽ കാര്യങ്ങൾ ഓർക്കാൻ ബുദ്ധിമുട്ട്.
എങ്ങനെ തിരിച്ചറിയാം?
• കുട്ടിയുടെ അധ്യാപകരുടെ അഭിപ്രായം ശ്രദ്ധിക്കുക.
• സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടനത്തിൽ കാര്യമായ വ്യത്യാസം കാണുക
• വീട്ടിൽ കുട്ടിയെ പഠിപ്പിക്കുമ്പോൾ കാണുന്ന സ്ഥിരമായ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുക
പഠന വൈകല്യം കണ്ടെത്തുന്ന സമയം പല മാതാപിതാക്കൾക്കും ആശങ്കയും കുറ്റബോധവും നിറഞ്ഞ ഒരു ഘട്ടമാണ്. “എന്റെ കുട്ടിക്ക് എന്താണ് പ്രശ്‌നം?’’, “ഇത് മാറുമോ?’’ എന്ന ചോദ്യങ്ങൾ അവരെ അലട്ടും. ഈ സാഹചര്യത്തിൽ ഏത് രീതിയിലാണ് അവരുടെ പ്രതികരണമെന്നത് പ്രധാനമാണ്.
മാതാപിതാക്കൾ ചെയ്യേണ്ടത്
• കുട്ടിയെ ഒരിക്കലും കുറ്റപ്പെടുത്താതിരിക്കുക.
• ക്ഷമയോടും പിന്തുണയോടും സമീപിക്കുക.
• സാവധാനത്തിൽ ആവർത്തിച്ചു പറഞ്ഞുകൊടുക്കുക.
• കുട്ടിയുടെ അധ്യാപകരുമായി നിരന്തരം കാര്യങ്ങൾ പങ്കുവെക്കുകയും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുക.
• കുട്ടിയുടെ കഴിവുകൾ കണ്ടെത്തി, ചെറിയ പുരോഗതികളിൽ നന്നായി പ്രോത്സാഹിപ്പിക്കുക.
• പ്രാർഥനയിലൂടെ ശുഭാപ്തി വിശ്വാസം വളർത്തിയെടുക്കുവാൻ പ്രാപ്തരാക്കുക.
• പ്രത്യേക പരിശീലനവും (വിഷ്വൽ ടീച്ചിംഗ് പോലുള്ളവ) തെറാപ്പികളും പരിഗണിക്കുക.
• ആവശ്യമെങ്കിൽ സൈക്കോളജിസ്റ്റിന്റെ അല്ലെങ്കിൽ പ്രത്യേക വിദ്യാഭ്യാസ വിദഗ്ധന്റെ സഹായം തേടുക.
പഠനവൈകല്യമുള്ള കുട്ടികൾക്ക് ശരിയായ മാർഗനിർദേശവും പിന്തുണയും ലഭിച്ചാൽ മികച്ച രീതിയിൽ മുന്നേറാൻ കഴിയും. അതിനാൽ തുടക്കത്തിൽതന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകുന്നത് അത്യന്താപേക്ഷിതമാണ്. ഓരോ കുട്ടിയും വ്യത്യസ്തനാണ്; അവരെ മനസ്സിലാ ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തം. രക്ഷിതാക്കളെന്ന നിലയിൽ മക്കൾക്കുവേണ്ടി ആത്മാർഥമായി പ്രാർഥിക്കുകയും വേണം.