എന്നാല്‍ നന്മയേയും തിന്മയേയും അസത്യത്തേയും സത്യത്തേയും നീതിയേയും അനീതിയേയും ധര്‍മ്മത്തെയും അധര്‍മ്മത്തെയും അല്ലാഹുവിന്‍റെ കാരുണ്യം തുല്യമായി ഗണിക്കുമെന്ന് ധരിക്കരുത്. നന്മക്ക് നല്ല പ്രതിഫലവും തിന്മക്ക് അതിനനുസരിച്ച് ശിക്ഷയും ഉണ്ടായിരിക്കുകയെന്നത് ധാര്‍മ്മിക സദാചാരമൂല്യങ്ങള്‍ അര്‍ഥവത്താകണമെങ്കില്‍ അത്യാവശ്യമാണ്.
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്‍റെതാണ്. തിന്മ ചെയ്യുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു പ്രതിഫലം നല്‍കുന്നതിനും, നന്മ ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ലതുകൊണ്ട് അവന്‍ പ്രതിഫലം നല്‍കുന്നതിനും വേണ്ടി (ക്വുര്‍ആന്‍ 53: 31).
ശിക്ഷയും രക്ഷയും നല്‍കുന്ന നീതിമാനും കാരുണ്യവാനുമായ അല്ലാഹു അവന്‍റെ മഹാകാരുണ്യം മൂലം മനുഷ്യരെയെല്ലാം മരണാനന്തരം അവസാനനാളില്‍ രണ്ടാമതും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. മനുഷ്യന് അവന്‍ അനശ്വരമായ ഒരാത്മാവാണ് പ്രദാനം ചെയ്തിട്ടുള്ളത്. എല്ലാം നശിച്ച ശേഷം അവസാനനാളില്‍ അവന്‍റെ കല്‍പനയുണ്ടാകുമ്പോള്‍, ആദ്യമനുഷ്യന്‍ തൊട്ട് അവസാനമുള്ള മനുഷ്യന്‍ വരെ, ഒരാളും വിട്ടുപോകാതെ ഭൂമിയില്‍ നിന്ന് ജഡത്തോടുകൂടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. അല്ലാഹുവിന്‍റെ ഇതിനുള്ള കഴിവിനെയാണ് ദൈവവശ്വാസികളായിട്ടുള്ളവരില്‍ തന്നെ വലിയൊരു വിഭാഗം നിഷേധിക്കുന്നത്.
പരിശുദ്ധ ക്വുര്‍ആന്‍ വളരെ ശക്തിയായി മനുഷ്യരെ ഉല്‍ബോധിപ്പിക്കുന്നത് അല്ലാഹു തീര്‍ച്ചയായും മനുഷ്യരെ മരണാനന്തരം ജഡത്തോടു കൂടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും അവരെയെല്ലാം പരലോകത്ത് ഒരുമിച്ച് കുട്ടി അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കുകയും ചെയ്യും എന്ന കാര്യമാണ്.
"അല്ലാഹു അല്ലാതെ വേറെ ഒരു ദൈവവുമില്ല; തീര്‍ച്ചയായും നിങ്ങളെ അവസാനനാളില്‍ ഒരുമിച്ചുകൂട്ടും. അതില്‍ യാതൊരു സംശയവുമില്ല. ആരാണ് അല്ലാഹുവേക്കാള്‍ വര്‍ത്തമാനത്തില്‍ കുടുതല്‍ സത്യം പുലര്‍ത്തുന്നവന്‍?" (ക്വുര്‍ആന്‍ 4: 87).
ഇങ്ങനെ മനുഷ്യരെയും ജിന്നുകളെയുമെല്ലാം പരലോ കത്ത് ഒരുമിച്ചുകൂട്ടി നന്മക്ക് നന്മകൊണ്ടും തിന്മക്ക് അതിനനുസരിച്ചും പ്രതിഫലം നല്‍കും. നന്മയുടെ പ്രതിഫലം അനേകമിരട്ടിയും മനുഷ്യന്‍ ഭാവനയില്‍ ദര്‍ശിക്കുന്നതി നേക്കാളെല്ലാം മഹത്തരവുമായിരിക്കും.