ഒരു പുതിയ കുടുംബം പിറക്കുന്നു

ഒരു പിതാവിന്റെ പേരിലറിയപ്പെട്ട കുടുംബാംഗങ്ങൾ വംശവർദ്ധനവ് മുഖേന വികസിക്കുന്നു. കുടുംബത്തിലെ സ്ത്രീകളെ അന്യ കുടുംബത്തിലെ പുരുഷന്മാർ വിവാഹം ചെയ്യുന്നു. സ്വന്തം രക്തബന്ധുക്കളായ സഹോദര സഹോദരികൾ തമ്മിൽ വിവാഹം ചെയ്യുന്നത് മതമോ മനുഷ്യ പ്രകൃതിയോ അംഗീകരിക്കുന്നില്ല. അതിനാൽ അന്യ കുടുംബങ്ങളിലേക്ക് പെൺകുട്ടികളെ വിവാഹം ചെയ്തുയക്കുന്നു. ഇവിടെ മുതൽ ഒരു പുതിയ കുടുംബം ജന്മമെടുക്കുകയാണ്. ഈ വിവാഹത്തിലുണ്ടാകുന്ന കുഞ്ഞുങ്ങൾ മറ്റേ വീട്ടിലെ പുരുഷനോട് അഥവാ കുഞ്ഞുങ്ങളുടെ പിതാവിനോട് ചേർത്താണ് അറിയപ്പെടേണ്ടത്. ആദ്യത്തെ കുടുംബനായകന്റെ മകളുടെ മക്കൾ അവന്റെ പൗത്ര-പൗത്രിമാരാണെങ്കിലും പേരക്കുട്ടികൾ മറ്റൊരു വീട്ടിലെ പിതാവിന്റെ പ്രജകളാണ്. അയാളുടെ സംരക്ഷണത്തിലാണ് അവർ വളരേണ്ടത്. അയാളുടെ പേരിലാണ് അവർ വിളിക്കപ്പെടേണ്ടത്. ഉമ്മയുടെ വീട്ടിൽ ആ കുട്ടികൾ യഥാർത്ഥത്തിൽ അംഗങ്ങളല്ല. പിതാവിന്റെ വീട്ടിലാണ് അവരുടെ നിയമപരമായ അംഗത്വം. അവിടെ അവർക്ക് അധികാരമുണ്ട്. അവകാശമുണ്ട്. സ്വത്തവകാശമടക്കം ആനുകൂല്യങ്ങളുണ്ട്. തത്തുല്യമായ എല്ലാ ആനുകൂല്യങ്ങളും ഉമ്മയുടെ വീട്ടിൽ നിന്ന് അവർക്ക് ലഭിക്കേണ്ടതില്ല. ഉപ്പാപ്പയുടെ (ഉമ്മയുടെ പിതാവ്) സ്വത്തിൽ മകളുടെ മക്കൾക്ക് അവകാശമില്ലെന്ന് ഇസ്‌ലാം അനുശാസിച്ചത് കുടുംബ സംവിധാനത്തിലെ ഈ സവിശേഷതയും ഭദ്രതയും നിലനിർത്താനാണ്. ഈ വസ്തുത അറിയാതെയും ചിന്തിക്കാതെയുമാണ് ആൺമക്കളുടെ മക്കളെപ്പോലെ പെൺമക്കളുടെ മക്കളെയും പരിഗണിക്കാത്തത് അനീതിയാണെന്ന് പറയാൻ ചിലരെ പ്രേരിപ്പിക്കുന്നത്.

ഈ അല്പജ്ഞന്മാർ ഇസ്‌ലാമിലെ ദായക്രമത്തെ ജാഹിലിയ്യത്തായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്! അല്ലാഹു പറയുന്നു:

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا

നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ക്വുർആൻ 33:5)

ദത്തുപുത്രന്മാരെപ്പോലും വളർത്തുപിതാവിലേക്കോ മാതാവിലേക്കോ അല്ല മറിച്ച് സ്വന്തം പിതാവിലേക്ക് തന്നെയാണോ ചേർത്തു വിളിക്കേണ്ടതെന്നും, പിതാവിന്റെ പേരിൽ മക്കൾ അറിയപ്പെടുകയാണ് ഇസ്‌ലാമിന്റെ താല്പര്യമെന്നും ഇതിൽനിന്നു ഗ്രഹിക്കാവുന്നതാണ്. മാത്രമല്ല, പിതാവ് അജ്ഞാതനായ സാഹചര്യത്തിൽ പോലും വളർത്തു പിതാവിലേക്കോ മാതാവിലേക്കോ ചേർത്തു വിളിക്കരുതെന്ന കൽപ്പന ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. കുടുംബ ക്രമത്തിൽ ഒരു സാഹചര്യത്തിലും ലംഘിക്കപ്പെടാത്തത്ര ഭദ്രമായ നിയമങ്ങൾ ഇസ്‌ലാമിലുണ്ട് എന്നുകൂടി ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു.

ചുരുക്കത്തിൽ കുടുംബത്തിന്റെ നായകൻ പുരുഷനാണ്. അവന്റെ പേരിലാണ് ആ കുടുംബാംഗങ്ങൾ അറിയപ്പെടേണ്ടത്. ഇതാണ് ഇസ്‌ലാമിന്റെ നിർദ്ദേശം. ബുദ്ധിയുള്ളടത്തോളം ഇതുംതന്നെ. മറിച്ച് സ്ത്രീ കുടുംബം ഭരിക്കുന്ന സമ്പ്രദായം കിരാതമാണ്. ബഹു ഭർതൃത്വം നിലനിന്നിരുന്ന വികൃതമായ ഒരു ആചാരത്തിന്റെ സൃഷ്ടിയാണ് കുടുംബത്തിലെ സ്ത്രീയാധിപത്യം. സയ്യിദ് റശീദ് റിളാ തന്റെ പ്രസിദ്ധ ക്വുർആൻ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചത് പോലെ "അപരിഷ്കൃത സമൂഹത്തിൽ നിലനിന്നിരുന്ന സ്ത്രീ നേതൃത്വ സമ്പ്രദായം കുടുംബഭദ്രതക്കും ജീവിത വിജയത്തിനും നിരക്കാത്തതാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർക്കു ബോധ്യപ്പെടുകയും ഇസ്‌ലാം നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രഖ്യാപിച്ച പ്രകാരം പുരുഷന്മാരാണ് കുടുംബ നേതൃത്വമേറ്റെടുക്കേണ്ടതെന്ന് അവർ സമ്മതിക്കുകയും ചെയ്തു. (തഫ്സീറുൽ മനാർ 4:335) അതിനാൽ ആ പുരാതന കാടൻ കുടുംബ സമ്പ്രദായത്തിലേക്ക് തന്നെ നാം തിരിച്ചു പോകേണ്ടതില്ല എന്നുതന്നെയാണ് ഏതൊരു ബുദ്ധിയുള്ളവനും മനസ്സിലാക്കുന്നത്.