ഒരു കുടുംബത്തിന്റെ ചിത്രം

എട്ട്: ഗൃഹത്തിലെ ഭരണതലവനും, സന്താനങ്ങളെ ചേർത്തു വിളിക്കപ്പെടേണ്ടവനും പുരുഷനാ(പിതാവ്)ണെന്നു നേരത്തെ പറഞ്ഞുവല്ലോ. ഈയടിസ്ഥാനത്തിൽ ഇസ്‌ലാമികമായി ഒരു കുടുംബത്തിന്റെ ചിത്രം സങ്കൽപിച്ചു നോക്കുക. വിവാഹത്തോടെയൊരു കുടുംബം ജനിക്കുന്നു. ഖാലിദിന്റെ മകൻ ജാബിറും സഈദിന്റെ മകൾ സാജിദത്തും തമ്മിലാണ് വിവാഹം നടക്കുന്നത്. ഇവിടെ ജാബിർ ഖാലിദിന്റെ കീഴിലും സാജിദത്ത് സഈദിന്റെ കീഴിലുമായിരുന്നു ഇതുവരെ ജീവിച്ചത്. ഇവർ തമ്മിലുള്ള വിവാഹത്തോടെ രണ്ടു കുടുംബത്തിലുള്ള വധൂവരൻമാർ ഒരു ഗൃഹത്തിലേക്ക് അത് വീടോ ഒരു മുറിയോ അതിൽ താഴെയുള്ള സൗകര്യമോ ആവാം - ചേക്കേറുകയാണ്. ഇരു കുടംബത്തിലെയും ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഭർത്താവ് നേരിട്ടും പെണ്ണിന്റെ കൈകാര്യ കർത്താവുമാണ് വിവാഹകർമ്മത്തിലെ മുഖ്യപങ്കാളികൾ. പുരുഷൻ സ്ത്രീക്ക് കൊടുക്കാൻ അവളെ തനിക്ക് വിവാഹം ചെയ്തുതന്ന രക്ഷകർത്താവിന്റെ പക്കൽ അല്ലെങ്കിൽ അവളുടെ പക്കൽ തന്നെ വിവാഹമൂല്യം (മഹ്റ്) ഏല്പിക്കുകയും ചെയ്യുന്നു. ഒരു കുടുംബക്രമത്തിന്റെ പ്രത്യേകതകളെ വിളിച്ചറിയിക്കുന്നതാണ് ഈ വിവാഹകർമ്മം അഥവാ സ്ത്രീ മറ്റൊരാളുടെ ചുമതലയിലാണിതുവരെ ജീവിച്ചതെന്നും, ആ ചുമതല ഇന്നുമുതൽ അയാൾ, തന്നെ നേരിട്ടേൽപിച്ചിരിക്കയാണെന്നും, ഇനി താനാകുന്നു അവളുടെ സാമ്പത്തികവും ഗൃഹപരവുമായ മുഴുവൻ ഉത്തരവാദിത്തവും വഹിക്കേണ്ടവനെന്നും അവളെ സംരക്ഷിക്കേണ്ടത് ഇനി താൻ സ്വന്തമാണെന്നും ഇവിടെ സാക്ഷികൾ മുഖേന വിവാഹക്കരാറിലൂടെ ഭർത്താവ് പ്രഖ്യാപിക്കുന്നു. പിന്നീടവളെ തന്റെ നിയന്ത്രണത്തിലുള്ള ഗൃഹത്തിലേക്ക് കൊണ്ടുപോകുന്നത് പൂർണ്ണ ഉത്തരവാദിത്തത്തോടെയും ആദരവോടെയുമാണെന്നുമുള്ള വസ്തുത വിവാഹമൂല്യം നൽകി സ്ത്രീയെ സ്വീകരിക്കുക മൂലം അയാൾ പ്രകടിപ്പിക്കുന്നു. അവളെ സംരക്ഷിക്കേണ്ടതിന്നാവശ്യമായ വഹ സമ്പാദിച്ചു കൊണ്ടുവരേണ്ട ചുമതല അവൻ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇനി സ്ത്രീയുടെ ഭാഗത്ത് നിന്ന് സ്ത്രീധനം വാങ്ങുമ്പോഴാവട്ടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മൃഗീയ സ്വഭാവമാണ് പുരുഷൻ പ്രകടിപ്പിക്കുന്നത്. സ്വന്തമായി സമ്പാദിച്ചു കുടുംബം സംരക്ഷിക്കാൻ തയ്യാറില്ലാതെ പെണ്ണിന്റെ ചിലവിൽ ജീവിക്കാനാണവൻ അതുമുഖേന ശ്രമിക്കുന്നത്. ഇസ്‌ലാം ഇതംഗീകരിക്കുന്നില്ല. നീതിയിലധിഷ്ഠിതമായ ഒരു തത്വസംഹിതക്കും ഇതംഗീകരിക്കാൻ സാധ്യവുമല്ല. ഒന്നിലധികം പുരുഷൻമാരെ സ്വീകരിച്ചിരുന്ന നികൃഷ്ട സമ്പ്രദായത്തിൽ ഗൃഹഭരണം സ്ത്രീയുടെ കയ്യിലായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിന്റെ അവിശിഷ്ടമായിരിക്കാം ഒരു പക്ഷെ സ്ത്രീധന സമ്പ്രദായവും. മറിച്ച് മഹ്റ് നല്കി സ്ത്രീയുടെ ബാധ്യത സ്വന്തം ചിലവിൽ ഏറ്റെടുക്കുകയാണ് ഇസ്‌ലാമിക വിവാഹരീതി.

ഇങ്ങനെ രണ്ടാൾ (സ്ത്രീയും പുരുഷനും) വിവാഹിതരാകുന്നതോടെ പുരുഷന്റെ ചിലവ് വർദ്ധിക്കുകയായി. കുടുംബ പങ്കാളിയെ പോറ്റണം. കുഞ്ഞു ജനിച്ചാൽ പാലൂട്ടി വളർത്തൽ മാതാവാണ് ചെയ്യേണ്ടതെങ്കിലും ചിലവ് പിതാവാണ് നിർവ്വഹിക്കേണ്ടത്. 

وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക്‌ ( മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌ ) മര്യാദയനുസരിച്ച്‌ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത്‌ കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (ക്വുർആൻ 2:233)

 ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തിയാൽ പോലും കുഞ്ഞിനെ പാലൂട്ടി വളർത്തേണ്ടത് മാതാവും, അക്കാലത്ത് കുട്ടിയുടെ മാതാവിന്നും കുട്ടിക്കും ഭക്ഷണവും വസ്ത്രവും കൊടുക്കേണ്ടത് പിതാവുമാണ്. പാലൂട്ടി വളർത്തുന്ന കാര്യത്തിൽ രണ്ടുപേർക്കും പ്രയാസമുണ്ടെങ്കിൽ മാത്രം മറ്റൊരു സ്ത്രീയെ അതിന്നേർപ്പെടുത്താം. അല്ലാഹു പറയുന്നു:

أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ۚ وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ

നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്‌. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത്‌ വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി ( കുഞ്ഞിന്‌ ) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ. (ക്വുർആൻ 65:6)

പുരുഷൻ ഈ ബാധ്യത അവൻ അധ്വാനിച്ചുതന്നെ നിറവേറ്റണം. ഇതുകണക്കിലെടുത്തുകൊണ്ട് ഗൃഹഭരണത്തലവനായ പുരുഷന് തന്റെ പിതാവോ മാതാവോ, മരിക്കുമ്പോൾ അവരുടെ സ്വത്തിൽനിന്നു, തന്റെ സഹോദരിയായ, മറ്റൊരു ഭർത്താവിന്റെ സംരക്ഷണയിൽ ജീവിക്കുന്ന പെണ്ണിനെക്കാൾ ഇരട്ടിലഭിക്കുന്നു. അതുപോലെ ഈ ഗൃഹത്തിലെ സാമ്പത്തിക ബാധ്യതയില്ലാത്ത സ്ത്രീക്ക് (ഭാര്യക്ക്) അവളുടെ മാതാവോ പിതാവോ മരിക്കുമ്പോൾ തന്റെ സഹോദരൻ ലഭിക്കുന്നതിന്റെ പകുതിയേ ലഭിക്കൂ.

ഇനി, ഈ വീട്ടിലെ രക്ഷകർത്താവായ പിതാവ് (ജാബിർ) അല്ലെങ്കിൽ മാതാവ് (സാജിദത്ത്) മരിച്ചാൽ അവരുടെ സ്വത്തിൽ നിന്ന് മാതാപിതാക്കൾക്ക് ലഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാം. പിതാവും മാതാവും അവരുടെ ഈ കുട്ടിയെ വളർത്തുന്നതിൽ വിഷമിച്ചിട്ടുണ്ട്. സാമ്പത്തികച്ചിലവു പിതാവു വഹിച്ചപ്പോൾ ഗർഭധാരണം, പാലൂട്ടി വളർത്തൽ എന്നീ കാര്യങ്ങളിൽ മാതാവും പ്രയാസങ്ങളനുഭവിച്ചിട്ടുണ്ട്. അവ പരിഗണനീയം തന്നെ, അതിനാൽ പിതാവിന്നും മാതാവിന്നും മക്കളുടെ സ്വത്തിൽ ആറിലൊന്നു നിശ്ചയിച്ചു. അല്ലാഹു പറയുന്നു:

"അവന്ന് (മരിച്ചവന്നു) സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കൾക്ക് ഓരോരുത്തർക്കും അയാൾ വിട്ടുപോയ സ്വത്തിൽ ആറിലൊന്നിന്നവകാശമുണ്ടായിരിക്കുന്നതാണ്."(ക്വുർആൻ 4:11) 

ഇവിടെ മാതാപിതാക്കൾക്ക് മക്കളുടെ സ്വത്തിന്റെ കാര്യത്തിൽ തുല്യ പരിഗണന ലഭിച്ചിരിക്കുന്നു. ഇനി മരിച്ച ജാബിറിന്നു മക്കളില്ലെങ്കിൽ മാതാവിന്നു മൂന്നിലൊന്നും പിതാവിന്നു ബാക്കിയും (മാതാവിന്റെ ഇരട്ടി) നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:

"ഇനി അയാൾക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികൾ ആയിരിക്കുകയും ചെയ്താൽ അയാളുടെ മാതാവിന്നു മൂന്നിലൊന്നുണ്ടായിരിക്കുന്നതാണ്" (ക്വുർആൻ 4:11) ബാക്കി പിതാവിന്നാണെന്ന് സാരം. 
ഇവിടെ പിതാവിന് മുന്നിൽ രണ്ട് ലഭിക്കുന്നത് ഒന്നുകിൽ പെണ്ണിന്റെ ഇരട്ടി എന്ന നിലക്കാവാം, അല്ലെങ്കിൽ അനന്തരാവകാശികളിലെ ഏറ്റവും അടുത്ത ആൺ എന്ന നിലക്കാവാം. രണ്ടായാലും പിതാവിന് ഫലത്തിൽ മൂന്നിൽ രണ്ട് തന്നെ. മരിച്ചയാൾക്ക് മക്കളുള്ളപ്പോൾ മാതാവിന്നും പിതാവിന്നും ആറിലൊന്നുവിധം തുല്യമായി ലഭിക്കുന്നുവല്ലോ. മക്കളില്ലാത്തപ്പോഴും ഒരുവിധത്തിൽ തുല്യമായിത്തന്നെയാണെന്ന് വിചാരിക്കാം. ബാക്കി സ്വത്ത് കൂടി പിതാവിന് ലഭിക്കുന്നത് അനന്തരാവകാശികളിലെ അടുത്ത ആൺ എന്ന നിലക്കാണെന്നാണല്ലോ ഒരഭിപ്രായം.

ഇതുപോലെ മാതാപിതാക്കളുടെ സ്വത്തിൽ ആൺമക്കളും പെൺമക്കളും എന്തുകൊണ്ട് തുല്യമാകുന്നില്ല എന്നതാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. പിതാവ് മകളെ മറ്റൊരു പുരുഷന്റെ സംരക്ഷണത്തിൽ വിവാഹം ചെയ്ത് ഏൽപ്പിച്ചു കൊടുത്തിട്ടുണ്ട്. അവളെ സംരക്ഷിക്കേണ്ട ചുമതല ആ ഭർത്താവിന്റേതാണ്. ഇവരുടെ പുത്രിയായ ആ സ്ത്രീക്ക് വീടുഭരണത്തിന്നു വേണ്ടി ഒരു ചിലവുമില്ല. മകൻ മറ്റൊരു പെണ്ണിനെ (ഭാര്യയെ) സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. വീടു ഭരണ ഭാരം അവൻ വഹിക്കേണ്ടിവരുമല്ലോ. അപ്പോൾ മകന്നു കൂടുതൽ സ്വത്തിന്റെ ആവശ്യകത വ്യക്തമാണ്. അതു(പ്രകൃതിസാഹചര്യം മാത്രം ലഭിക്കുന്ന) സഹോദരിയുടെ രക്ഷക്കുകൂടി സഹായകരമാണ്. മക്കൾക്ക് പിതാവിനോടും മാതാവിനോടുമുള്ള ബന്ധമല്ലല്ലോ മാതാപിതാക്കൾക്ക് മകനോടും മകളോടുമുള്ളത്. അതെ "അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്" എന്നു അല്ലാഹു ഉണർത്തുന്നു. അപ്പോൾ ഈ നിശ്ചയത്തിൽ അല്ലാഹുവെറേയും തത്വങ്ങൾ ഉദ്ദേശിച്ചിരിക്കാം.