എന്നാണ് റമദാൻ ആരംഭം?
✅ സംശയം വേണ്ട സ്വഹീഹായ ഹദീസിൽ മാസപ്പിറവിയുടെ അടിസ്ഥാനം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
صوموا لرؤيته، وأفطروا لرؤيته، فإن غُمَّ عليكم، فصوموا ثلاثين يوماً
▪️ഇതിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ ഇവയാണ്
1 കാഴ്ചയാണ് അടിസ്ഥാനം.
2 ചക്രവാളത്തിൽ ഉണ്ടെങ്കിലും കാർമേഘം മൂടിയാൽ 30 തികച്ച് തൊട്ടടുത്ത ദിവസം ഒന്നായി കണക്കാക്കുകയാണ് വേണ്ടത്.
3 ചക്രവാളത്തിൽ ഉണ്ട് എന്നത് നോമ്പ് ആരംഭിക്കാൻ കാരണമാകുന്നില്ല. കാഴ്ച നിർബന്ധമാണ്.
അതുകൊണ്ട് നാം കാഴ്ചയെ അടിസ്ഥാനമാക്കിയാൽ മതി.
❓എന്നാൽ മറ്റു നിലപാടുകളും കാണുന്നു. ഏതെല്ലാമാണ് അത്?
മൂന്നു നിലപാടുകൾ പൊതുവേ ഇന്ന് കാണുന്നു.
ഒന്ന്: ഹിലാൽ ചക്രവാളത്തിൽ കാണേണ്ടതില്ല. കണക്ക് നോക്കി മാസപ്പിറവി നിശ്ചയിച്ചാൽ മതി.
👉 ഇത് പ്രമാണത്തിന് യോജിക്കുന്നതല്ല
രണ്ട്: മൂന്ന് സന്ദർഭങ്ങളിൽ കാഴ്ചയെ പരിഗണിക്കുക. മറ്റു മാസങ്ങൾ കലണ്ടർ നോക്കിയും ചെയ്യുക.
👉ഇതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ്.
മൂന്ന്: എല്ലാ മാസവും കാഴ്ചയെ അടിസ്ഥാനമാക്കുക.
👉 പ്രമാണത്തോട് യോജിക്കുന്നതും ഐക്യത്തിന്റെ വഴിയും ഇതാണ്.
❓ അപ്പോൾ ഈ വർഷം ശഅബാൻ 29 എന്നാണ്.
✅ കഴിഞ്ഞ പ്രാവശ്യം കേരളത്തിൽ റജബ് 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ 30 തികച്ച് ശഅ്ബാൻ ഒന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതനുസരിച്ച് ശഅബാൻ 29 വരിക മാർച്ച് ഒന്നിന് ശനിയാഴ്ചയാണ്.
ശനിയാഴ്ച സൂര്യൻ അസ്തമിച്ച ശേഷം ഒരു മണിക്കൂറിലധികം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ട്. കാണാൻ ഏറെ സാധ്യതയുണ്ട്. എല്ലാവരും നിരീക്ഷിക്കുക. അന്ന് ഹിലാൽ കണ്ടാൽ മാർച്ച് 2ന് ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്.
❓ കണക്ക് പ്രകാരം ഫെബ്രുവരി 28ന് ശഹബാൻ 29 കാണുന്നുണ്ടല്ലോ.
✅ അത് സ്വാഭാവികമല്ലേ? കലണ്ടറിൽ എല്ലാ അറബി മാസവും എന്നാണോ 29 വരുന്നത് അന്ന് ഹിലാൽ ചക്രവാളത്തിൽ ഉണ്ടെങ്കിൽ കാണാനുള്ള സാധ്യത പരിഗണിച്ച് അടുത്തദിവസം ഒന്നായി കണക്കാക്കും. കലണ്ടറിൽ അത്രയേ ചെയ്യാൻ കഴിയൂ.. 29ന് കണ്ടില്ലെങ്കിൽ ഹദീസ് പ്രകാരം 30 പൂർത്തിയാക്കും. അപ്പോൾ കാഴ്ചയനുസരിച്ച് കലണ്ടറിലെ 29 ന് ഒരു ദിവസത്തെ മുൻകടക്കും. അത്രയേ ഉള്ളൂ.
❓കണക്ക് പ്രകാരം ഫെബ്രുവരി 28ന് സൂര്യൻ അസ്തമിച്ച ശേഷം 26 മിനിറ്റ് ചന്ദ്രൻ ഉണ്ടല്ലോ. അപ്പോൾ കാണാൻ സാധ്യതയില്ലേ? ചന്ദ്രപ്പിറവി നിരീക്ഷിക്കാൻ അറിയിപ്പും നൽകണ്ടേ?
✅ നേരത്തെ പറഞ്ഞത് പ്രകാരം പ്രമാണമനുസരിച്ച് കാഴ്ചയാണല്ലോ മാസം ഉറപ്പിക്കുന്നതിന്റെ അടിസ്ഥാനം. അതനുസരിച്ച് മാർച്ച് ഒന്നിനാണ് ശഅ്ബാൻ 29 വരുന്നത്. അറബി മാസം 29നാണ് പ്രവാചകൻ ഹിലാൽ നിരീക്ഷിക്കാൻ കൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ശഅബാൻ 28ന് നോക്കാൻ ആഹ്വാനം ചെയ്യേണ്ടതില്ല.
❓ എന്നാലും 26 മിനിറ്റ് ഉണ്ടെങ്കിൽ കാണാൻ സാധ്യതയില്ലേ?
✅ ശാസ്ത്രീയമായി തന്നെ കാര്യങ്ങൾ അപഗ്രഥിക്കുന്നവർ ഇന്ന് ഫെബ്രുവരി 28ന് കാണാനുള്ള സാധ്യത വിരളമാണ് എന്നാണ് നിരീക്ഷിക്കുന്നത്.
👉 ഫെബ്രുവരി 28 ന് വെള്ളിയാഴ്ച സൂര്യൻ അസ്തമിക്കുമ്പോൾ ലൂണാർ ഡിസ്കിൻ്റെ (പൂർണചന്ദ്രൻ്റെ വലിപ്പം) 0.37 % മാത്രമാണ് പ്രകാശിതമാകുന്നത്.
👉 അതായത് ലൂണാർ ഡിസ്കിനെ ആയിരം ഭാഗമായി വിഭജിച്ചാൽ അതിൽ മൂന്നു ഭാഗം മാത്രം. പ്രകാശിത ഭാഗത്തിൻ്റെ വലിപ്പം എന്തായിരിക്കുമെന്ന് ഇതിൽ നിന്നും നമുക്ക് ഊഹിക്കാമല്ലോ.
👉ഈ ഘട്ടത്തിൽ ദൃശ്യയോഗ്യമായ നിലയിൽ ഹിലാൽ രൂപപ്പെടുന്നില്ല. നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാനാകാത്ത വിധം ചന്ദ്രൻ്റെ പ്രകാശിത ഭാഗം വളരെ വളരെ വളരെ നേർത്തതായിരിക്കുമെന്നർത്ഥം.
👉മാത്രമല്ല, വെള്ളിയാഴ്ച സൂര്യനസ്തമിക്കുമ്പോൾ ചന്ദ്രൻ ചക്രവാളത്തിൽ സൂര്യനസ്തമിച്ച ഭാഗത്ത് നിന്ന് കേവലം 5.7 ഡിഗ്രി മാത്രം ഉയരത്തിലായിരിക്കും. സൂര്യനസ്തമിച്ച ഭാഗത്ത് സൂര്യശോഭ മായാതെ നിൽക്കുന്നതിനാൽ ആ ശോഭയിൽ മുങ്ങിപ്പോകുന്ന വളരെ നേർത്ത ചന്ദ്രൻ്റെ പ്രകാശിത ഭാഗത്തെ കാണാൻ ബുദ്ധിമുട്ടാണ്.
👉 അതിനാൽ ഫെബ്രുവരി 28 ന് വെള്ളിയാഴ്ച മാസപ്പിറവി കാണൽ പ്രയാസമാണ്.
❓ ഇനി 28ന് കണ്ടതായി പ്രഖ്യാപിക്കപ്പെട്ടാൽ എന്താകും നിലപാട്
✅ കാഴ്ചയെ അടിസ്ഥാനമാക്കുന്നവർക്ക് ഇതിൽ എന്ത് സംശയിക്കാനിരിക്കുന്നു. കണ്ടു എന്ന് വിശ്വാസിയോഗ്യമായ വിവരം കിട്ടിയാൽ അംഗീകരിക്കും. മുൻമാസം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായിട്ടും കാർമേഘം മറഞ്ഞതുകൊണ്ട് കാണാതെ പോയതാണല്ലോ. അതുകൊണ്ട് ചില 28കൾക്ക് കാണാനുള്ള അപൂർവ്വ സാധ്യത ഉണ്ടാകാമല്ലോ.
❓ എന്നാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാൻ കണക്കനുസരിച്ച് തീരുമാനിച്ചാൽ എല്ലാവർക്കും ഐക്യപ്പെട്ട് ഒരു ദിവസം റമദാൻ തുടങ്ങിക്കൂടെ?
✅ ഇതിൽ യാതൊരു ആശയക്കുഴപ്പവുമില്ല നമ്മുടെ അറിവില്ലായ്മ കൊണ്ട് തോന്നുന്നതാണ് ആശയക്കുഴപ്പം. മാത്രവുമല്ല; കണക്ക് മാത്രം നോക്കിയാൽ പ്രവാചക വചനത്തെ ധിക്കരിക്കൽ കൂടിയാണ്.
❓ ശാസ്ത്രീയമായി പുരോഗമിക്കാത്ത കാലത്ത് നബി പറഞ്ഞത് നമ്മൾ ആധുനിക കാലത്തും അക്ഷരവായനക്ക് വിധേയമാക്കണോ? ആശയം എടുത്താൽ പോരെ?
✅ ആധുനിക സൗകര്യങ്ങളെ എല്ലാ മേഖലയിലും വൻതോതിൽ പ്രയോജനപ്പെടുത്തുന്ന ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം ഇപ്പോഴും ഈ വിഷയത്തിൽ എല്ലാ മാസവും ഉറപ്പിക്കുന്നത് കാഴ്ചയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ നിലപാടും ഇതാണ്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീങ്ങളും കാഴ്ചയാണ് അടിസ്ഥാനമാക്കി വന്നിട്ടുള്ളത്.
❓ എന്നാലും ഐക്യത്തിന് വേണ്ടി കണക്ക് അടിസ്ഥാനമാക്കി കൂടെ?
✅ പ്രമാണം മാറ്റിവെച്ച് ഒരു ഐക്യം ഇസ്ലാമിലില്ല. മാത്രവുമല്ല; കണക്ക് അംഗീകരിച്ചാൽ ഭിന്നിപ്പ് കൂടുകയാണ് ചെയ്യുക. കണക്കിൽ ആശയക്കുഴപ്പമില്ലെങ്കിലും കണക്കിനെ കണക്കാക്കുന്നതിൽ വ്യത്യസ്തമാനദണ്ഡങ്ങൾ പറയുന്നവരുണ്ട്. അവരെല്ലാം ഇന്ന് ഐക്യത്തിന്റെ പേരിൽ ഭിന്നിപ്പിന്റെ വാതിൽ തുറക്കുന്നവരാണ്. മഹാഭൂരിപക്ഷം മുസ്ലീങ്ങളും നോമ്പനുഷ്ഠിക്കുമ്പോൾ ഒരു ന്യൂനാൽ ന്യൂനപക്ഷം മാറി നിൽക്കുന്ന കാഴ്ച എത്ര ദയനീയമാണ്!
❓ കേരളത്തിൽ ഐക്യത്തോടെ നോമ്പ് ആരംഭിക്കാൻ എന്താണ് വഴി?
✅ പ്രമാണത്തിലേക്ക് എല്ലാവരും മടങ്ങിയാൽ മതി. കാഴ്ചയെ അടിസ്ഥാനമാക്കുക. കേരളത്തിൽ മഹാഭൂരിപക്ഷവും ഇന്ന് ഈ നിലപാടിലാണ് ഉള്ളത്. മറ്റുള്ളവർ കൂടി ഇതിലേക്ക് വന്നാൽ മതി.
❓ കേരളത്തിലെ ഭൂരിപക്ഷം സമസ്തക്കാരല്ലേ? അവരെ ഇക്കാര്യത്തിൽ പിന്തുടരുന്നത് ശരിയാണോ?
✅ നമ്മൾ സമസ്തയെയല്ല പിന്തുടരാൻ ആവശ്യപ്പെടുന്നത്. പ്രമാണത്തെയാണ്. പ്രമാണത്തിൽ ഉള്ളത് സമസ്തക്കാർ ചെയ്യുന്നുവെങ്കിൽ അക്കാര്യത്തിൽ എതിർത്തു നിൽക്കേണ്ട എന്ത് ആവശ്യമാണുള്ളത്?
❓പിന്നെ എന്തിനാണ് മുജാഹിദുകൾക്ക് പ്രത്യേക ഹിലാൽ വിങ്ങ് സമസ്ത പറയുന്നത് കേട്ടാൽ പോരേ?
✅ ചില ഖ്വാളിമാർ മുൻകാലത്ത് ചക്രവാളത്തിൽ ഇല്ലാത്ത ചന്ദ്രനെ കണ്ടതായി നോമ്പും പെരുന്നാളും പ്രഖ്യാപിച്ചിരുന്നു. അത് നമുക്ക് അംഗീകരിക്കാൻ കഴിയില്ല. പിന്നീട് കാഴ്ചയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും സൂക്ഷ്മതലത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വന്നേക്കാം. അതുകൊണ്ടാണ് പ്രത്യേകം ഹിലാൽ വിങ്ങ് രൂപീകരിച്ചത്.
അടുത്തകാലത്തൊന്നും അവർ കാണാൻ സാധ്യതയില്ലാത്ത ദിവസം കണ്ടു എന്ന് പ്രഖ്യാപിച്ചിട്ടില്ലാത്തതുകൊണ്ട് കേരളത്തിൽ ഇനി ഭിന്നത വരാൻ സാധ്യത കുറവാണ്. എല്ലാ മാസവും എല്ലാവരും കാണാൻ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ പ്രശ്നം. പിറവി ദർശിക്കാൻ വേണമെങ്കിൽ ശാസ്ത്രീയമായ സംവിധാനങ്ങൾ എല്ലാ സംഘടനകളും ഒന്നിച്ചുണ്ടാക്കുകയും ചെയ്യാം.
❓വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എല്ലാ മാസവും കാണാൻ എന്തു മാർഗ്ഗമാണ് ഒരുക്കിയിരിക്കുന്നത്?
✅ തീര പ്രദേശങ്ങളിലെല്ലാം പ്രത്യേക വിങ്ങ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. വർഷങ്ങളായി അവർ എല്ലാ മാസവും നോക്കിവരുന്നു. ഇടവേളകളിൽ അവരെ സംസ്ഥാനതലത്തിൽ വിളിച്ചുചേർത്ത് പിറവി ദർശിക്കേണ്ടതിന്റെ ശാസ്ത്രീയമായ അറിവും പ്രാമാണികമായ കാഴ്ചപ്പാടും പകർന്നു നൽകുന്ന പ്രത്യേക വർഷോപ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. അതിന് പ്രത്യേകം ചുമതലപ്പെടുത്തിയ ടീമും ഉണ്ട്.
❓എന്നാൽ കഴിഞ്ഞ റജബ് 29ന് 50 മിനിറ്റിൽ അധികം ഉണ്ടായിട്ടും എന്തേ നിങ്ങൾ കാണാതെ പോയത്?
✅ ഭൂരിപക്ഷം സ്ഥലത്തും മേഘമൂടി. കാണാൻ പറ്റിയില്ല. വിസ്ഡം മാത്രമല്ല അന്ന് നോക്കിയ ആർക്കും കാണാൻ സാധിച്ചിട്ടില്ല.
👉 വിശുദ്ധ റമദാനിലേക്ക് എല്ലാവർക്കും ഒന്നിച്ച് പ്രവേശിക്കാനുള്ള തൗഫീഖ് അല്ലാഹു നൽകുമാറാകട്ടെ.