📌 വിഷയം: ഇഹ്സാനോടു കൂടി വർത്തിക്കുക
1️⃣ സ്രഷ്ടാവിനോടുള്ള ഇഹ്സാൻ (മുറാഖബ)
അല്ലാഹുവിനോടുള്ള ഇഹ്സാൻ എന്താണെന്ന് പ്രസിദ്ധമായ 'ഹദീസ് ജിബ്‌രീലിൽ' നബി ﷺ കൃത്യമായി നിർവചിക്കുന്നുണ്ട്. ജിബ്‌രീൽ عليه السلام എന്താണ് ഇഹ്സാൻ എന്ന് ചോദിച്ചപ്പോൾ നബി ﷺ മറുപടി പറഞ്ഞു:
«أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ»
"നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും, തീർച്ചയായും അവൻ നിന്നെ കാണുന്നുണ്ട് (എന്ന ബോധ്യത്തോടെ ആരാധിക്കലാണ്)." (ബുഖാരി, മുസ്‌ലിം)
നമ്മുടെ എല്ലാ കർമ്മങ്ങളും, അത് എത്ര ചെറുതായാലും വലുതായാലും, കൂരാകൂരിരുട്ടിലാണെങ്കിലും അല്ലാഹു നമ്മെ വീക്ഷിക്കുന്നുണ്ട് എന്ന ഈ ബോധ്യമാണ് (മുറാഖബ) ഇഹ്സാൻ. ഈ ബോധ്യമുള്ള ഒരു വിശ്വാസിക്ക് തിന്മ ചെയ്യാൻ സാധിക്കുകയില്ല.
അല്ലാഹു ﷻ പറയുന്നു:
﴿...وَمَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا...﴾ [يونس: 61]
"...നിങ്ങൾ ഏതൊരു കർമ്മം ചെയ്യുമ്പോഴും നാം നിങ്ങളുടെ മേൽ സാക്ഷികളായിട്ടല്ലാതെയില്ല..."
2️⃣ സൃഷ്ടികളോടുള്ള ഇഹ്സാൻ
അല്ലാഹുവിനോടുള്ള ഇബാദത്ത് പോലെത്തന്നെ പ്രധാനമാണ് അവന്റെ സൃഷ്ടികളോട് ഇഹ്സാനോടുകൂടി വർത്തിക്കൽ. വിശുദ്ധ ഖുർആനിൽ തൗഹീദിനോട് ചേർത്തുകൊണ്ടാണ് മാതാപിതാക്കളോടുള്ള ഇഹ്സാനെ അല്ലാഹു ﷻ പറഞ്ഞിരിക്കുന്നത്.
﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ...﴾ [النساء: 36]
"നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനോട് യാതൊന്നും പങ്കുചേർക്കരുത്. മാതാപിതാക്കളോട് ഇഹ്സാനോടെ (നല്ല നിലയിൽ) വർത്തിക്കുക. അടുത്ത ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും അടുത്ത അയൽക്കാരോടും അകന്ന അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ അടിമകളോടും (ഇഹ്സാനോടെ വർത്തിക്കുക)..."
3️⃣ എല്ലാ കാര്യങ്ങളിലും ഇഹ്സാൻ നിർബന്ധമാണ്
ഇഹ്സാൻ എന്നത് മനുഷ്യരോട് മാത്രമുള്ള ഒന്നല്ല, മറിച്ച് അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളോടുമുള്ള പെരുമാറ്റത്തിലും അത് ബാധകമാണ്.
നബി ﷺ പറഞ്ഞു:
«إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ...»
"തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളിലും ഇഹ്സാൻ നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ, നിങ്ങൾ (ശിക്ഷാർഹമായി) കൊല്ലുകയാണെങ്കിൽ, നല്ല നിലയിൽ കൊല്ലുക. നിങ്ങൾ (മൃഗത്തെ) അറുക്കുകയാണെങ്കിൽ, നല്ല നിലയിൽ അറുക്കുക..." (മുസ്‌ലിം)
ഒരു മൃഗത്തെ അറുക്കുന്ന സന്ദർഭത്തിൽ പോലും അതിനോട് ഇഹ്സാൻ കാണിക്കണമെന്ന് (കത്തി മൂർച്ച കൂട്ടുക, അതിനെ അനാവശ്യമായി വേദനിപ്പിക്കാതിരിക്കുക) കൽപ്പിച്ച ഇസ്‌ലാം, മറ്റുള്ള സന്ദർഭങ്ങളിൽ മനുഷ്യരോടും ഇതര ജീവികളോടുമുള്ള പെരുമാറ്റത്തിൽ എത്രമാത്രം ഇഹ്സാൻ പാലിക്കണമെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
സ്വർഗ്ഗവാസികളുടെ ഗുണമായ ഇഹ്സാൻ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിനോടുള്ള ഇബാദത്തിലും സഹജീവികളോടുള്ള പെരുമാറ്റത്തിലും പാലിക്കാൻ നാം പരിശ്രമിക്കുക. റഹ്മാനായ റബ്ബ് തൗഫീഖ് പ്രധാനം ചെയ്യട്ടെ.