ഇസ്‌ലാമിക നിയമങ്ങളുടെ സാർവകാലികത

ഇസ്‌ലാമിക നിയമങ്ങളുടെ സാർവകാലികത

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. വിവിധ ഭാഷകളിലും ആചാരമര്യാദകളിലും ജീവിക്കുന്ന അവർ പലരൂപത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളും കുടുംബങ്ങളും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ശാന്തമായ പ്രയാണത്തിന് നിയമങ്ങളും മാർഗരേഖകളും അനിവാര്യമാണ്. അവ പാലിക്കപ്പെടുമ്പോഴാണ് ശക്തവും സംഘടിതവുമായ ഒരു ജനത രൂപപ്പെടുന്നത്.

മനുഷ്യരാൽ ഉണ്ടാക്കപ്പെട്ട നിയമങ്ങൾ സർവരാലും സുസമ്മതമായിത്തീരുകയോ സാർവകാലികവും സർവജനീനവുമായി അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്നലെകളിൽ സുന്ദരമായി അംഗീകരിക്കപ്പെട്ടിരുന്ന തത്ത്വങ്ങൾ ഇന്ന് ചരിത്രാവശിഷ്ടമായിത്തീരുന്നത് നാം കാണുന്നു.

മനുഷ്യേന്ദ്രിയങ്ങൾക്ക് പരിധിയും പരിമിതിയും ഉണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കുന്നതോടൊപ്പം മനുഷ്യബുദ്ധിയുടെ അതിരുകളും ഇത് നമ്മെ അറിയിക്കുന്നു. ചിലർക്ക് സദാചാരമായിത്തീരുന്നത് മറ്റു ചിലർക്ക് ദുരാചാരമായി കാണേണ്ടിവരുന്നു. ചില ദേശക്കാർക്ക് അനുകൂലമായ കാര്യങ്ങൾ മറ്റുചിലർക്ക് പ്രതികൂലമായിത്തീരുന്നു. മനുഷ്യബുദ്ധിക്ക് എത്രതന്നെ വികാസം സംഭവിച്ചാലും ഇത്തരം പരിമിതികളിൽ നിന്നും പുറത്തുപോകാനാവില്ല. എങ്കിൽ സ്ഥലകാലങ്ങൾക്ക് അതീതമായവന്റെ ആജ്ഞാനിർദേശങ്ങൾ അനിവാര്യമാണെന്ന് നാം അംഗീകരിക്കേണ്ടി വരുന്നു.

ജനങ്ങളെ വ്യത്യസ്ത മാർഗത്തിലേക്ക് വഴിനടത്തുവാനായി പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അല്ലാഹു നിയോഗിച്ചയച്ചു. പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്തത് ഇസ്‌ലാമായിരുന്നു. ജനങ്ങൾ സ്വർഗപാതയിൽ നിന്ന് വ്യതിചലിക്കുകയും അഭിപ്രായവ്യത്യാസത്തിൽ ആയിത്തീരുകയും ചെയ്തപ്പോഴാണ് പ്രവാചകന്മാരെ അയച്ചത്.

മുൻവേദ ഗ്രന്ഥങ്ങളിൽ പ്രവചിക്കപ്പെട്ട, സകല പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്ത മുഹമ്മദ് നബിﷺ അന്തിമദൂതനായി നിയോഗിതനായി. അതോടുകൂടി ഇസ്‌ലാമിനെ പൂർത്തീകരിക്കുകയും ഇസ്‌ലാമല്ലാത്ത മതം അല്ലാഹുവിങ്കൽ അസ്വീകാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

നിസ്സാരമായി ജനങ്ങൾ കണക്കാക്കുന്ന കാര്യങ്ങൾ മുതൽ ഗൗരവതരമായ വിഷയങ്ങളിൽ വരെ അല്ലാഹുവിന്റെ ദിവ്യബോധനം അനുസരിച്ചുള്ള നിയമങ്ങൾ ഇസ്‌ലാമിന് മാത്രം അവകാശപ്പെട്ടതാണ്. കുടുംബപരവും സാമൂഹികവും വൈയക്തികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങൾ മുതൽ ഇതരജീവികളോട് അനുവർത്തിക്കേണ്ട കാര്യങ്ങൾ വരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. യുദ്ധത്തിലും സമാധാനത്തിലും സന്ധിയിലും കൈകൊള്ളേണ്ട നിയമങ്ങൾ അതിൽ ഉണ്ട്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന കാര്യങ്ങളിൽ ഒന്ന് പോലും മനുഷ്യന് ഉൾക്കൊള്ളാൻ കഴിയാത്തതായി ഇല്ല. മതം വിരോധിച്ച കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നല്ലതാണെന്നോ ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് മോശമാണെന്നോ ഒരാൾക്കും പറയാൻ സാധ്യമല്ല. ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം ബാലിശമാണെന്ന,് മുൻവിധിയില്ലാതെ പഠിക്കുന്ന ഏതാരാൾക്കും ബോധ്യമാകും. അതിനുള്ള സൗകര്യമൊരുക്കുകയാണ് മുസ്‌ലിം കൂട്ടായ്മകൾ ചെയ്യേണ്ടത്.