ഇനി നമുക്ക് ചിന്തിക്കുക

ഇനി നമുക്ക് ചിന്തിക്കുക

ലോകത്തിന്‍റെ സ്രഷ്ടാവും സംരക്ഷകനും ഏകനാണ്. അവന്‍റെ മാത്രം നിയന്ത്രണത്തിലാണ് കാര്യങ്ങളെല്ലാം. അവന്‍ എല്ലായ്പ്പോളും ദത്തശ്രദ്ധനാണ്. ഉറക്കവും മയക്കവുമില്ലാതെ നിതാന്തജാഗ്രത പുലര്‍ത്തുന്നു. ഏത് കൂരിരുളിലും ലോകത്തിന്‍റെ ഏത് കോണിലും നടക്കുന്ന നിസ്സാരമായ ചലനങ്ങള്‍പോലും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. കാര്യങ്ങള്‍ തെര്യപ്പെടുത്താന്‍ അവന്നൊരു ശുപാര്‍ ശകനോ ഉപദേഷ്ടാവോ വേണ്ട, ശുപാര്‍ശകള്‍ കൊണ്ട് സ്വാധീനിക്കപ്പെടുന്നവനുമല്ല അവന്‍. തന്നെയുമല്ല അവന്‍ സൃഷ്ടികളോട് അതിരറ്റ ദയയും കാരുണ്യവുമുള്ളവന്‍. ലോകത്താര്‍ക്കും അവന്‍റെ കാരുണ്യത്തിന്‍റെയും കൃപയുടെയും നേരിയ ഒരംശംപോലുമില്ല.

അങ്ങനെയുള്ള ജഗന്നിയന്താവിനോട് നേരിട്ട് പ്രാര്‍ഥിക്കാതെ, ഇടയ്ക്ക് ശുപാര്‍ശകരെയാക്കുന്നത് അവനെ അവിശ്വസിക്കലല്ലെ? അവന്‍റെ സ്നേഹത്തെയും കാരു ണ്യത്തെയും അവമതിക്കലല്ലേ? അവനെ ക്രൂരനും കഠിനനും ഭീകരനുമായി കണക്കാക്കലല്ലേ? "അല്ലാഹുവെ കണക്കാക്കേണ്ട പോലെ അവര്‍ കണക്കാക്കിയിട്ടില്ല' (ക്വുര്‍ആന്‍ 6:91) എന്ന് ക്വുര്‍ആന്‍ കുറ്റപ്പെടുതുന്നത് എത്ര സത്യം!

താഴെ പറയുന്ന ദൈവവചനങ്ങള്‍ ശ്രദ്ധിക്കുക

എന്‍റെ ദാസന്മാര്‍ എന്നെ സംബന്ധിച്ച് നി ന്നോട് ചോദിക്കുന്നപക്ഷം ഞാന്‍ സമീപസ്ഥനാണ്; പ്രാര്‍ഥിക്കുന്നവന്‍റെ പ്രാര്‍ഥന, അവനെന്നോട് പ്രാര്‍ഥിക്കുന്ന പക്ഷം ഞാന്‍ സ്വീകരിക്കും. അതു കൊണ്ട് അവരെന്‍റെ ആഹ്വാനം സ്വീകരിക്കട്ടെ. അവരെന്നില്‍ വിശ്വസിക്കട്ടെ; അവര്‍ വിവേകികളായേക്കാം. (ക്വുര്‍ആന്‍ 2:186)

സത്യമായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്‍റെ മനസ്സ്. മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാമറിയുന്നു. നാം ജീവനാഡി യേക്കാള്‍ അവനോടടുത്തവനാകുന്നു. (ക്വുര്‍ആന്‍ 50:16).

അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുകയും ഇവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്ന് പറയുകയും ചെയ്യുന്നു. ചോദിക്കൂ: ആകാശഭൂമികളില്‍ ദൈവത്തിന് അറിഞ്ഞുകൂടാത്ത വിവരങ്ങള്‍ അവന് നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ? (ക്വുര്‍ആന്‍ 10:18).

സാക്ഷാല്‍ ദൈവത്തിലേക്ക് മദ്ധ്യസ്ഥന്മാരെ സ്വീക രിക്കുന്നതിന് പുറമെ മറ്റു ദൈവങ്ങളെ പ്രാര്‍ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നത് മേല്‍പറഞ്ഞതിനേക്കാള്‍ വലിയ അപരാധമാണ്. അല്ലാഹുവിന്‍റെ ഗുണങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കുന്നതും അല്ലാഹുവിനെയല്ലാതെ മറ്റുള്ളവരെ പ്രാര്‍ഥിക്കുന്നതുമെല്ലാം ഏകദൈവവിശ്വാസത്തിന് വിരുദ്ധമാണ്. ദൈവത്തില്‍ പങ്ക് ചേര്‍ക്കലാണ്. 'ശിര്‍ക്ക്' എന്നാണ് അതിന് സാങ്കേതിക പ്രയോഗം. സൃഷ്ടാവും സംരക്ഷകനും മറ്റും മറ്റും ഏകദൈവമാണെന്ന് വിശ്വസിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ മാത്രമായില്ല. അതിനനുയോജ്യമായി പ്രാര്‍ഥനകളും ആരാധനകളും വഴിപാടുകളുമെല്ലാം ഏകദൈവത്തിന് മാത്രം അര്‍പ്പിക്കണം. അക്കാര്യത്തിലാണ് ഏതു കാലഘട്ടത്തിലുമുള്ള മനുഷ്യര്‍ക്ക് അബദ്ധം പിണഞ്ഞിരുന്നത്. സ്രഷ്ടാവും സംരക്ഷകനും സംഹാരകനുമെല്ലാം അല്ലാഹു മാത്രമാണെന്ന് മുഹമ്മദ് നബി (സ്വ) യുടെ കാലത്തെ മക്കാനിവാസികളും സമ്മതിച്ചിരുന്നു. പക്ഷെ ആരാധനകളും വഴിപാടുകളും അല്ലാഹു അല്ലാത്തവര്‍ക്കും അവര്‍ അര്‍പ്പിച്ചുപോന്നു. ആ ശിര്‍ക്കിനെയാണ് വിശുദ്ധ ക്വുര്‍ആന്‍ ചോദ്യം ചെയ്തിട്ടുള്ളത്.

'ശിര്‍ക്കില്‍ നിന്ന് വിമുക്തനാവാതെ ഒരു വ്യക്തി എത്ര നല്ല കര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ട് സാമൂഹ്യസേവനം ചെയ്തുകൊണ്ടും ഫലമില്ല. മനുഷ്യന്‍ ഏറ്റവും അധികം കടപ്പെട്ടിട്ടുള്ളത് തന്‍റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാ ഹുവിനോടാണ്. അവനെപ്പറ്റിയുള്ള വിശ്വാസവും അവനോടുള്ള കൂറും നിഷ്കളങ്കമാവുകയും അവന്‍റെ അവകാശാധികാരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുക മനുഷ്യന്‍റെ പ്രാഥമിക കടമയാണ്. അതുചെയ്യാതെ 'ശിര്‍ക്കു'മായി ജീവി ച്ചാല്‍, അവന്‍ എന്തു സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചാലും ദൈവത്തിങ്കല്‍ അസ്വീകാര്യമാണ്. ഈ ദൈവവചനങ്ങള്‍ ശ്രദ്ധിക്കുക:

"അല്ലാഹു എല്ലാ വസ്തുവിന്‍റെയും സ്രഷ്ടാവാണ്. അവന്‍ എല്ലാ വസ്തുവിന്‍റെയും മേല്‍നോട്ടം വഹിക്കുന്നവനുമാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെതാണ്. അല്ലാഹുവിന്‍റെ വചനങ്ങളില്‍ അവിശ്വസിച്ചവര്‍ തന്നെയാണ് നഷ്ടക്കാര്‍. ചോദിക്കുക: ഹേ, അവിവേകികളെ, അല്ലാഹു അല്ലാത്തവരെ ആരാധിക്കണമെന്നാണോ നിങ്ങളെന്നോടു പറയുന്നത്? "താന്‍ പങ്ക് ചേര്‍ക്കുന്ന പക്ഷം തന്‍റെ സല്‍ക്കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോവുന്നതും താന്‍ നഷ്ടക്കാരില്‍പ്പെട്ടവനായിത്തീരുന്നതുമാണെന്ന് നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും ബോധനം ലഭിച്ചിട്ടുണ്ട്. എന്നല്ല, അല്ലാഹുവിനെ മാത്രം ആരാധിച്ച് നീ നന്ദിയുള്ളവരില്‍ പെട്ടുകൊള്ളുക. ഭൂമി മുഴുവന്‍ അവസാന നാളില്‍ അവന് ഒരു പിടി മാത്രം. ആകാശങ്ങള്‍ അവന്‍റെ കയ്യില്‍ ഒരു ചുരുള്‍. അവന്‍ അതിപരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അവന്‍ ഉയര്‍ന്നവനാണ്." (ക്വുര്‍ആന്‍ 39: 62-67)

"അല്ലാഹു അവനില്‍ പങ്കുചേര്‍ക്കുന്നതിനെ പൊറുക്കുകയില്ല; തീര്‍ച്ച. അതല്ലാത്തത് അവനുദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നതായാല്‍ അവന്‍ വമ്പിച്ച പാപം സമ്പാദിച്ചു." (ക്വുര്‍ആന്‍ 4: 48)

അവസാനമായി അല്ലാഹുവിന്‍റെ ഉത്തമമായ നാമങ്ങളെ, അവന്‍റെ ഗുണങ്ങളെ ഉല്‍ഘോഷിക്കുന്ന ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ!

"അവനത് അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ, അവനത്രെ അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല. രാജാവ്, അതി പവിത്രന്‍, സമാധാന ദാതാവ്, അഭയം നല്‍കുന്നവന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍, അജയ്യന്‍, അലംഘ്യശക്തന്‍, മഹത്വമുടയവന്‍, അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു പരിശുദ്ധനാണ്.

"അവനത് അല്ലാഹു. ആസൂത്രകന്‍, (ഇല്ലായ്മയില്‍ നിന്ന്) സൃഷ്ടിക്കുന്നവന്‍, രൂപപ്പെടുത്തുന്നവന്‍, ഏറ്റവും ഉത്തമനാമങ്ങള്‍ അവനുള്ളത്! ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവനെ വാഴ്ത്തിടുന്നു. അവന്‍ അജയ്യനായ അഗാധജ്ഞന്‍" (ക്വുര്‍ആന്‍ 59:22-24)

അല്ലാഹു മാത്രമാണ് ആരാധ്യന്‍, അവനല്ലാതെ ഒരു ദൈവവുമില്ല. അവനോട് മാത്രം പ്രാര്‍ഥിക്കുക അവനെ മാത്രം ആരാധിക്കുക, അല്ലാഹു അക്ബര്‍,