പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന ഇസ്‌ലാമിന്റെ ആധാര ശിലയെപ്പോലും തള്ളിക്കളയാൻ മടിക്കാത്ത ഒരു ജനവിഭാഗത്തിന്റെ ആചാര വൈകൃതങ്ങളെ പൊക്കിപ്പിടിച്ച് ഇസ്‌ലാം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിക്കുന്ന മതവിരോധികൾ തന്ത്രം അനന്തരാവകാശ നിയമങ്ങളുടെ കാര്യത്തിൽ ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവരും പിന്തുടരുന്നത്. യാഥാർത്ഥ്യത്തിൽ ചെയ്യുന്നത്. നിയമപ്രകാരം അവകാശം ലഭിക്കാത്തവർക്ക് വസിയ്യത്ത് ചെയ്യേണ്ടതാണ് എന്ന ഇസ്‌ലാമിന്റെ കൽപ്പന സമുദായം അവഗണിച്ചിരിക്കുകയാണ്. കുടുംബത്തിൽ അവകാശികളല്ലാത്ത, അവശതയനുഭവിക്കുന്ന പലരും അവഗണിക്കപ്പെടുന്നതും ബോധവൽക്കരണത്തിന്റെ അഭാവം കൊണ്ടാണ്. നേരത്തെ ഉദ്ധരിച്ച ക്വുർആൻ (2:180)ലെ സൂക്തം വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ ക്വുർആൻ വ്യാഖ്യാതാവായ ഇബ്നുകഥീർ (ابن كثير) എഴുതുന്നത് നോക്കുക:
"അനന്തരാവകാശ നിയമപ്രകാരം സ്വത്തു ലഭിക്കാത്ത അടുത്ത ബന്ധുക്കൾക്ക് സ്വത്തിന്റെ മുന്നിലൊരുഭാഗത്തിൽ നിന്നു വസിയ്യത്തു ചെയ്യേണ്ടത് അനിവാര്യമാണ്. ഇബ്നുഉമർ(റ)ൽനിന്നു ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു വചനം ഇവിടെ ശ്രദ്ധിക്കുക. "ഒരാൾക്കു വസിയ്യത്തു ചെയ്യത്തക്ക വല്ലതുമുണ്ടെങ്കിൽ അതു തന്റെ അടുക്കൽ എഴുതി രേഖപ്പെടുത്താതെ രണ്ടു രാത്രി കഴിച്ചുകൂട്ടാതിരിക്കേണ്ടത് അയാളുടെ കടമയാണ് എന്ന നബി(സ) പറഞ്ഞിരിക്കുന്നു. "നിയമപരമായി അവകാശം ലഭിക്കാത്ത അടുത്ത ബന്ധുക്കൾക്ക് അവരുടെ കഴിവും കഴിവുകേടും പരിഗണിച്ചുകൊണ്ടായിരിക്കണം വസിയ്യത്തു ചെയ്യേണ്ടതെന്ന് ഉപര്യുക്ത ക്വുർആൻ വചനത്തിലെ بالمعروف എന്ന വാക്കു സൂചിപ്പിക്കുന്നു. ഈ വസിയ്യത്ത് സൂക്ഷ്മത പാലിക്കുന്നവരുടെ ബാധ്യതയുമാണെന്ന് ഗൗരവപൂർവ്വം അല്ലാഹു കൽപിക്കുന്നു. ഇത്രയും ശക്തമായ ഭാഷയിലും യുക്തിപൂർവ്വകമായും കൽപ്പിച്ച ഒരുത്തരവാദിത്തം പലരും ശ്രദ്ധിക്കാതെ പോകുന്നുവെന്നതാണ് അത്ഭുതം.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളിൽ മരിച്ച ആളോടുള്ള ബന്ധത്തിൽ ഏറ്റവും അടുത്തവർ എന്ന നിലക്കാണ് പരിഗണിക്കുന്നത്. അപ്പോൾ ഏറ്റവും അടുത്തവർ ഇല്ലാതെ വരുമ്പോൾ തൊട്ടടുത്തവർക്ക് അവകാശം ലഭിക്കുന്നു. ആ ബന്ധുവിന്റെ കഴിവും കഴിവുകേടും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. എന്നാൽ വസിയ്യത്തു മുഖേന സ്വത്തിന്നർഹരാവുന്നവരുടെ കഴിവും ദാരിദ്ര്യവും, കഷ്ടതകളും, സുഭിക്ഷതയുമെല്ലാം പ്രത്യേകം പരിഗണിക്കപ്പെടേണമെന്നാണ് ക്വുർആന്റെ നിർദ്ദേശം. അതുകൊണ്ടുതന്നെ വസിയ്യത്തിന്റെ ഓഹരിക്ക് നിർണ്ണയവുമില്ല. (എന്നാൽ 1/3ൽ കവിയാനും പാടില്ല) ഇതാണ് സാന്താവകാശ നിയമവും വസിയ്യത്തും തമ്മിലുള്ള വ്യത്യാസം. ഇത്തരം വസ്തുതകളുടെ നേരെ കണ്ണടച്ചുകൊണ്ട് ഇസ്‌ലാമിക നിയമങ്ങളിൽ പരിഷ്കരണം വേണമെന്നാവശ്യപ്പെടുന്നത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ഗുണകാംക്ഷകൊണ്ടല്ല എന്ന് സംശയിക്കാൻ ന്യായമുണ്ട്.