പന്ത്രണ്ട്: ഒരാളുടെ സ്വത്ത് മറ്റൊരു ആളുടെ ഉടമസ്ഥതയിലേക്ക് മാറുന്നത് നിയമാനുസൃതമായ ക്രയവിക്രയങ്ങൾ, ദാനം, ധർമ്മം, വസിയ്യത്ത് മുതലായ രീതിയിൽ കൂടിയാണല്ലോ. ഒരാൾ മരിക്കുന്നതോടെ അയാളുടെ സ്വത്തുമുഴുവൻ ഇവിടെ അയാൾ ഉപേക്ഷിക്കുകയാണ്. പിന്നെ അയാളുമായി ആ സ്വത്തിന് ബന്ധമില്ല. تَرْكَة (ഉപേക്ഷിക്കപ്പെട്ട സ്വത്ത്) എന്ന പദത്തിന്റെ നിഷ്പത്തിയായ تَرَكَ (ഉപേക്ഷിച്ചു) എന്ന പ്രയോഗമാണ് അനന്തരാവകാശത്തെപ്പറ്റി പ്രയോഗിച്ചിരിക്കുന്നത്. ഇങ്ങനെ അയാളുപേക്ഷിക്കുന്ന സ്വത്ത് ആരുടെ ഉടമസ്ഥതയിലേക്ക് നീങ്ങണമെന്നതിന് യുക്തിസഹമായ സമ്പൂർണ്ണ വ്യവസ്ഥകൾ അല്ലാഹുതന്നെ നിശ്ചയിച്ചരുളിയിട്ടുണ്ട്. അല്ലാഹുവിന്റെ ഈ നിശ്ചയത്തിലെ യുക്തിരഹസ്യവും പ്രയോജനവും ഇസ്‌ലാമിലെ ദായക്രമ വ്യവസ്ഥയിൻനിന്ന് വ്യക്തമായും ഏതൊരു നിഷ്പക്ഷമതിക്കും ബോധ്യപ്പെടുകയും ചെയ്യും. വിട്ടുപോകുന്ന സ്വത്തുകൾ അനന്തരമെടുക്കുന്ന അവകാശികളെ നിർണ്ണയിച്ചതിൽ അല്ലാഹു സ്വീകരിച്ച ചില തത്വങ്ങൾ ക്വുർആൻ മുഖേന നമുക്കിങ്ങനെ മനസ്സിലാക്കാം.
എ: മരിച്ച ആൾക്ക് ഉപകാരം ചെയ്യുവാൻ ഏറ്റവും ബാധ്യതയുള്ളവർ ആര് എന്ന പരിഗണന. സന്താനങ്ങൾ, പിതാക്കൾ എന്നിവർക്ക് അവകാശം പ്രഖ്യാപിച്ചശേഷം അല്ലാഹു പറയുന്നു:
آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ( ഓഹരി ) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ക്വുർആൻ 4:11)
ഈ ക്വുർആൻ വചനം രണ്ടുകാര്യം വ്യക്തമാക്കുന്നു. ഒന്ന്: കഷ്ടതാനിവാരണമല്ല കുടുംബത്തിൽ കൂടുതൽ ഉപകാരവും സംരക്ഷണവും ചെയ്യേണ്ടവർ ആരെന്നതാണ് സ്വത്ത് വിഭജനത്തിൽ പരിഗണിച്ചിട്ടുള്ളത്. അത് നിങ്ങളേക്കാൾ അല്ലാഹുവിനാണ് കൂടുതൽ അറിയുക. രണ്ട്: "അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല" എന്ന് പരിശുദ്ധ ക്വുർആനിൽ പലയിടത്തും അല്ലാഹു തന്നെ ഉണർത്തുന്നുണ്ടല്ലോ.
ബി: "ഏറ്റവും അടുത്തവർക്കാണ് അവകാശത്തിൽ മുൻഗണന. അല്ലാഹു പറയുന്നു:
لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. ( ആ ധനം ) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു. (ക്വുർആൻ 4:7)
വളരെ സൂക്ഷ്മമായ കുറെ വസ്തുതകൾ ഈ ക്വുർആൻ വചനത്തിൽ അന്തർഭവിച്ചിട്ടുണ്ട്. ഒന്നാമതായി മാതാപിതാക്കളും വിട്ടുപോയ സ്വത്തിൽ സന്തതികൾക്ക് അവകാശമുണ്ടെന്നു വ്യക്തമാക്കുന്നു. മാതാപിതാക്കൾ എന്നത് അടുത്ത കുടുംബത്തിന്റെ വിവക്ഷയിൽ ഉൾപ്പെടുമെന്നിരിക്കെ അങ്ങനെ സാമാന്യമായി പറയാതെ മാതാപിതാക്കളെ വേരിട്ടു പറഞ്ഞ് പ്രത്യേകം ശ്രദ്ധേയമാണ്. പിന്നീട് അടുത്ത കുടുംബം വിട്ടുപോയതിൽനിന്ന് ഓഹരിയുണ്ടെന്നും സൂചിപ്പിക്കുന്നു. പിതൃ-സന്തതി ബന്ധം ഒന്നു വേറെതന്നെയാണെന്നും അതിനാൽ അവരെ കേവലം കുടുംബത്തിന്റെ കൂട്ടത്തിൽ എണ്ണിയാൽ പോരെന്നും സൂചിപ്പിക്കുകവഴി മക്കൾക്ക് ഒരു കാരണവശാലും സ്വത്ത് ലഭിക്കാതിരിക്കുന്ന പ്രശ്നമേയില്ലെന്ന് മനസ്സിലാക്കാം. അതുപോലെ മക്കളുടെ സ്വത്തിൽനിന്ന് നേരെപ്പുള്ള മാതാപിതാക്കൾക്കും ഓഹരി ലഭിക്കുന്നതാണ്. മാത്രമല്ല ഏറ്റവും അടുത്ത ബന്ധുക്കൾ ( الاقربين ) എന്ന ക്വുർആന്റെ പ്രയോഗവും പ്രത്യേകം ചിന്തനീയമാണ്. ക്വുർആനിൽ കുടുംബത്തെ മൊത്തം ഉദ്ദേശിച്ചു പറയുന്ന സ്ഥലങ്ങളിൽ ذو القربى എന്നാണ് പ്രയോഗിച്ചു കാണുന്നത്. ഉദാഹരണമായി:
وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا
കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും ( അവരുടെ അവകാശവും ) . നീ ( ധനം ) ദുര്‍വ്യയം ചെയ്ത് കളയരുത്. (ക്വുർആൻ 17:26)
وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം ( ഓര്‍ക്കുക ). ( എന്നാല്‍ ഇസ്രായീല്‍ സന്തതികളേ, ) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്. (ക്വുർആൻ 2:83)
സ്വത്തവകാശം വിവരിക്കുന്ന സൂറത്തുന്നിസാഇൽ തന്നെ ഈ പദപ്രയോഗം ഒരു സൂക്തത്തിൽ രണ്ട് സ്ഥലത്ത് കുടുംബം എന്ന അർത്ഥത്തിൽ മാത്രം പ്രയോഗിച്ച് കാണുക.
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.(ക്വുർആൻ 4:36)
ക്വുർആനിൽ വേറെ സ്ഥലങ്ങളിലും ഈ വിധത്തിലുള്ള പ്രയോഗങ്ങൾ കാണാം. എന്നാൽ الاقربون (അടുത്ത കുടുംബക്കാർ) എന്നു ക്വുർആനിൽ പ്രയോഗിച്ച സ്ഥലങ്ങൾ പരിശോധിച്ചാൽ അടുത്തടുത്ത എന്ന ക്രമം പാലിക്കണമെന്ന് വ്യക്തമായ സൂചന നൽകുന്നതായി കാണാം. ഉദാഹരണമായി സൂറത്തുന്നിസാഇലെതന്നെ മറ്റൊരു ആയത്തു കാണുക:
وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ ۚ وَالَّذِينَ عَقَدَتْ أَيْمَانُكُمْ فَآتُوهُمْ نَصِيبَهُمْ ۚ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيدًا
ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു. (ക്വുർആൻ 4:32)
ഇപ്രകാരം അവകാശികളല്ലാത്തവർക്ക് വസിയ്യത്തു ചെയ്യണമെന്നും അടുത്തബന്ധുക്കളിൽ നിന്ന് വിഷമമനുഭവിക്കുന്നവരെ പരിഗണിക്കണമെന്നും ഉണർത്തുന്ന വിധത്തിൽ الاقربون എന്നു പ്രയോഗിച്ചു കാണുക.
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്. (ക്വുർആൻ 2:180)
ധനം ചിലവഴിക്കേണ്ടതു ആർക്കാണ് എന്ന ചോദ്യത്തിനു മറുപടിയായി അല്ലാഹു പറയുന്നു:
يَسْأَلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَا أَنفَقْتُم مِّنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ
( നബിയേ, ) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ക്വുർആൻ 2:215)
മാതാപിതാക്കളോടൊപ്പം അടുത്ത ബന്ധുക്കളെ പ്രത്യേകം പരിഗണിക്കണമെന്നാണ് ഈ വചനങ്ങളിൽനിന്ന് നമുക്ക് മനസ്സിലാവുന്നത്. ക്വുർആനിനെ മറ്റാരെക്കാളും ഗ്രഹിച്ചത് മുഹമ്മദ് നബി(സ) തന്നെയാണല്ലോ. ഒരു സന്ദർഭത്തിൽ നബി(സ) നൽകിയ ഒരു വിധി താഴെ ഉദ്ധരിക്കുന്നു:
وقضى رسول الله صلى الله عليه وسلم فى بنت وبنت ابن واخت، للبنت النصف ولابنة الابن السدس وما بقى فللاخت. (رواه الجماعة )
"മകൾ, മകന്റെ മകൾ, സഹോദരി എന്നിവരുടെ പ്രശ്നത്തിൽ നബി(സ) വിധി പറഞ്ഞു: മകൾക്ക് പകുതിയും മകന്റെ മകൾക്ക് ആറിലൊന്നും, ബാക്കി സഹോദരിക്കും എന്നിങ്ങനെ. (അൽജമാഅത്ത്)
ഇവിടെ ഒരു മകളും മരിച്ചുപോയ മകന്റെ മകളും സഹോദരിയുമാണ് അവകാശികളായിട്ടുള്ളത്. പിതാവ് മരിക്കുന്നതിനു മുമ്പ് മകൻ മരിച്ചതിനാൽ മകന്നോഹരി നീക്കിവെച്ചിട്ടില്ല. ഒരാൾ മരിക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്നവർക്കേ സ്വത്തവകാശം ലഭിക്കാൻ അർഹതയുള്ളൂവെന്ന് ഈ സന്ദർഭത്തിൽ നിന്ന് വ്യക്തമാവുന്നു. ഈ വിഭജനത്തിൽ മകന്റെ മകൾക്കു സ്വന്തം മകളുടെയോ മകന്റെയോ പരിഗണന നബി(സ) നൽകിക്കാണുന്നില്ല. പിതാവ് ജീവിച്ചിരിക്കെ മകൻ മരിച്ചാൽ മരിച്ച മകന്റെ മക്കളെ അഥവാ പൗത്രൻമാരെ സ്വന്തം മക്കളുടെ സ്ഥാനം നൽകി സ്വത്തു നൽകാൻ ഇസ്ലാമിൽ നിയമമില്ലെന്ന് ഇതിൽ നിന്നു വ്യക്തമാണ്. മേലിൽ പ്രവാചകന്റെ വിഭജനത്തിൽ സ്വത്തിന്റെ പകുതി നേരെ മകൾക്കാണ് നൽകിയത്. മരിച്ചയാളാന്ന് ഒരു മകൾ മാത്രമായാലുള്ള പരിഗണനയാണത് കൊടുത്തത്. മരിച്ചമകനെ ഇവിടെ പരിഗണിച്ചിരുന്നുവെങ്കിൽ മൂന്നിലൊന്നു മാത്രമേ ഈ മകൾക്കു ലഭിക്കുമായിരുന്നുള്ളൂ. ബാക്കി മൂന്നിൽ രണ്ടു ഭാഗം മകനുള്ളതാണ്. (മരിച്ച)മകനെ അവകാശിയായി സങ്കൽപ്പിച്ചാൽ ആ ഓഹരിയുടെ അനുപാതം ഈ പൗത്രിക്കു ലഭിക്കേണ്ടതായിരുന്നു. പക്ഷെ നബി(സ) ഇവിടെ പൗത്രിക്ക് ആറിലൊന്നു മാത്രമാണ് നൽകിയത്. ഈ സംഭവത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവിനെയാണെന്നബി(സ) പരിഗണിച്ചത് എന്ന് മനസ്സിലാക്കാം.