പതിനഞ്ച്. സ്വാത്തവകാശം ലഭിക്കുന്ന പുരുഷന്മാരെപ്പറ്റി ഇതുവരെ നാം വിവരിച്ചു. സ്ത്രീകളുടെ കൂട്ടത്തിൽ അവകാശം ലഭിക്കുന്നവർ ഇനി പറയുന്നവരാണ്.
1. മകൾ, 2. മകന്റെ മകൾ, 3. ഉമ്മ, 4. ഉമ്മാമ, 5. സഹോദരി, 6. ഭാര്യ, 7. സ്വാതന്ത്രയാക്കിയ സ്ത്രീ.
മകന്റെ മകനും മകളും അവകാശികളാണ്. എന്നാൽ മകളുടെ മകനും മകളും അവകാശികളല്ല. ഇവർ മറ്റൊരു കുടുംബത്തിലെ അംഗങ്ങളും ഈ കുടുംബത്തിലെ സാമ്പത്തിക ചുമതല ഇല്ലാത്തവരുമാണ് എന്നതാണ് കാരണം. ഉപ്പയുടെ മരണശേഷം ഉമ്മയുടെ സംരക്ഷണ ബാധ്യതകൾ പുത്രന്മാർക്കും പിന്നീട് അവരുടെ പുത്രന്മാർക്കുമാണെന്ന് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. പെറ്റു വളർത്തിയ ഉമ്മക്കും സംരക്ഷിച്ച പിതാവിനും 1/6 അവകാശമുണ്ട്. അവർക്കു രണ്ടുപേർക്കും ഈ അവകാശം ഏതു പരിസ്ഥിതിയിലും ഏതായാലുമുണ്ട്. എന്നാൽ സാമ്പത്തിക ബാധ്യത പിതാവിനാണ് എന്നതിനാൽ ആ ബാധ്യത പരിഗണിച്ച് പിതാവാണ് കൂടുതൽ നൽകുന്നത് അഥവാ അസ്വാബയിൽ ഉൾപ്പെടുത്തുന്നു. മരിച്ച ആൾക്ക് മക്കളില്ലാത്ത സന്ദർഭത്തിലാണ് പിതാവിന് ഈ അവകാശം ഉമ്മയുടെ ഇരട്ടി (1/3) ലഭിക്കുന്നത്. മരിച്ച ആൾക്ക് മക്കളുണ്ടെങ്കിൽ മാതാവിന്നും പിതാവിന്നും തുല്യമായിത്തന്നെയാണ് സ്വത്ത് ലഭിക്കുക. അതെ 1/6 തന്നെ.
ഇവിടെ 'സഹോദരികൾ' എന്നതിൽ, മുമ്പ് പറഞ്ഞതുപോലെ മൂന്നുവിധം സഹോദരികളും ഉൾപ്പെടുന്നു. അവകാശിയായ ഉമ്മാമ എന്നതിൽ പിതാമഹിയും മാതാമഹിയും ഉൾപ്പെടുന്നു. പിതാവിന്റെ സഹോദരന്മാരായ പിതൃവ്യന്മാരും അവരുടെ മക്കളും അവകാശികളാകുമെന്ന് അവകാശികളായ പുരുഷന്മാരെ എണ്ണിയപ്പോൾ (നമ്പർ 14) നാം വിവരിച്ചിട്ടുണ്ടല്ലോ.
എന്നാൽ പിതാവിന്റെ സഹോദരികൾ (അമ്മായിമാർ) അവകാശികളാവുകയില്ല. കാരണം ഈ അമ്മായിമാർ മറ്റൊരു കുടുംബത്തിലെ അംഗങ്ങളും ഇയാളുടെ സംരക്ഷണ ബാധ്യതയില്ലാത്തവരുമാണ്. എന്നാൽ പിതൃവ്യന്മാരും അവരുടെ പുത്രന്മാരും അപ്രകാരമല്ല. ഒരു നബി വചനം കാണുക.
اَلْحِقُوا الْفَرَائِضَ بِأَهْلِهَا فَمَا بَقِيَ فَهُوَ لِأَوْلَى رَجُلٍ ذَكَرٍ (متفق عليه)
"നിശ്ചിത ഓഹരികൾ അതിന്റെ ഉടമസ്ഥർക്ക് എത്തിക്കുക. എന്നിട്ട് ബാക്കിവരുന്നത് ഏറ്റവും അടുത്ത പുരുഷന്നുള്ളതാണ്."
നിശ്ചിത ഓഹരികൾ അതിന്റെ അവകാശികൾക്ക് നിർണ്ണയപ്രകാരം കൊടുത്ത് ബാക്കിയുള്ള സ്വത്ത് പിതൃവ്യന്മാർ പോലുള്ളവർക്കാണ് വീതിക്കേണ്ടത്. മരിച്ച വ്യക്തിയുടെ കുടുംബത്തിൽ അയാളുമായി ഏറ്റവും അടുത്തതു നിൽക്കുന്ന ജീവിച്ചിരിക്കുന്ന പുരുഷനാണ് അത് നൽകേണ്ടത്. കാരണം അയാളാണ് കുടുംബത്തിലെ നേതൃത്വം. സാമ്പത്തിക ബാധ്യതയും അയാൾക്കു നിശ്ചയിച്ചതാണെന്ന് വ്യക്തം. അതുകൊണ്ടാണ്, ഇസ്‌ലാമിലെ അനന്തരാവകാശ നിയമവും മറ്റു പൊതു നിയമങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണെന്ന് നാം നേരത്തെ പറഞ്ഞത്. വിശേഷിച്ച് ഗൃഹഭരണ വ്യവസ്ഥയും അനന്തരാവകാശ വിഭജനവും തമ്മിൽ അഭേദ്യ ബന്ധമാണുള്ളത്. ഈ കാര്യം ചിലർ ഗ്രഹിക്കുന്നില്ല.
ബന്ധം എന്നു പറയുമ്പോൾ രക്തബന്ധം, വിവാഹബന്ധം എന്നിങ്ങനെ രണ്ടുവിധത്തിലുണ്ട്. അവകാശത്തിന്റെ കാര്യത്തിൽ രക്തബന്ധം മാത്രമല്ല ഇസ്‌ലാം പരിഗണിച്ചത്. വിവാഹബന്ധവും കൂടി പരിഗണിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ പരസ്പര സംരക്ഷണത്തിലും സഹകരണത്തിലും കഴിഞ്ഞതിന്റെ പേരിൽ ആകാം ഭാര്യഭർത്താക്കന്മാർ മാത്രമേ അവകാശികളാവൂ എന്ന് നിശ്ചയിച്ചത്. അവർ തമ്മിലാണല്ലോ ഗൃഹജീവിതത്തിൽ സഹകരിച്ചിട്ടുള്ളത്. ഭർത്താവിനെപ്പോലെ ഭാര്യയും അവകാശിയാണ്. സാമ്പത്തിക ബാധ്യതയുള്ള ഭർത്താവിന് ഭാര്യയുടെ ഇരട്ടിയുണ്ടെന്ന് മാത്രം. അത് അവകാശസ്വത്ത് വിഭജനത്തിൽ ഇസ്‌ലാം പരിഗണിച്ച അടിസ്ഥാനതത്വമാണല്ലോ.
രക്തബന്ധുക്കളെ ഉലുൽ അർഹാം (أُولُوا الْأَرْحَامِ) എന്ന് വിളിക്കപ്പെടുന്നു. ആദർശബന്ധം സ്നേഹബന്ധം തുടങ്ങിയ ബന്ധങ്ങൾ മറ്റുനിലക്ക് പ്രധാനമാണെങ്കിലും സ്വത്തവകാശത്തിൽ കുടുംബബന്ധമാണ് പരിഗണിക്കുന്നത്. അല്ലാഹു പറയുന്നു:
﴿ وَٱلَّذِينَ ءَامَنُواْ مِن بَعْدُ وَهَاجَرُواْ وَجَٰهَدُواْ مَعَكُمْ فَأُوْلَٰٓئِكَ مِنكُمْ ۚ وَأُوْلُواْ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾ (الانفال ٧٥)
"അതിനുശേഷം വിശ്വസിക്കുകയും സ്വദേശം വെടിയുകയും നിങ്ങളോടൊപ്പം സമരത്തിലേർപ്പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തിൽപെട്ടവർ തന്നെയാണ്. എന്നാൽ രക്തബന്ധമുള്ളവർ അല്ലാഹുവിന്റെ രേഖയിൽ (നിയമപ്രകാരം) അന്യോന്യം കൂടുതൽ ബന്ധമുള്ളവരാകുന്നു. നിശ്ചയം അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനത്രെ." (ക്വുർആൻ 8:75)
﴿ ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ وَأُوْلُواْ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَٰجِرِينَ إِلَّآ أَن تَفْعَلُوٓاْ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًا ۚ كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًا ﴾ (الاحزاب ٦)
"നബി സത്യവിശ്വാസികൾക്ക് തങ്ങളുടെ സ്വന്തം ദേഹങ്ങളെക്കാൾ ബന്ധമുള്ള ആളാണ്. അദ്ദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവർ പരസ്പരം അല്ലാഹുവിന്റെ നിയമപ്രകാരം മറ്റു വിശ്വാസികളെക്കാളും പലായനം ചെയ്തവരെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഗുണവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽ പെടുകയില്ല. അതു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു." (ക്വുർആൻ 33:6)
ഇവിടെയെല്ലാം രക്തബന്ധത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്.