'ലാ ഇലാഹ ഇല്ലല്ലാഹ്' ഒരു ദൈവവുമില്ല. അല്ലാഹു അല്ലാതെ എന്ന പ്രഖ്യാപനമാണ് ഇസ്ലാമിന്‍റെ മാറ്റമില്ലാത്ത അടിസ്ഥാനം. മനുഷ്യാരംഭം മുതല്‍ എല്ലാ പ്രവാചകന്മാരും മനുഷ്യരോട് ഉത്ബോധനം ചെയ്തിട്ടുള്ള ഏറ്റവും മഹത്തായ വചനമാണത്. എല്ലാ വേദഗ്രന്ഥങ്ങളും ആ മഹാതത്വം, ആ അനശ്വരസത്യം മനുഷ്യരെ പഠിപ്പിക്കുന്നു. എത്ര മാറ്റത്തിരു ത്തലുകളും കൈകടത്തലുകളും നടന്നിട്ടുണ്ടെങ്കിലും പൗരാ ണിക വേദങ്ങളെല്ലാം പരിശോധിച്ചാല്‍, ഈ സത്യം ഇന്നും വ്യക്തമായി മനസ്സിലാക്കാം.
'ലാ ഇലാഹ ഇല്ലല്ലാഹ്', "ഒരു ദൈവവുമില്ല അല്ലാഹു അല്ലാതെ" എന്ന ഈ പ്രഖ്യാപനത്തില്‍ രണ്ട് കാര്യങ്ങളുണ്ട്.
ഒന്ന്, അത് മനുഷ്യര്‍ ആരാധിച്ചു പോരുന്ന എല്ലാ ദൈവ ങ്ങളെയും പാടെ നിഷേധിക്കുന്നു.
രണ്ട്, അല്ലാഹു മാത്രമാണ് ദൈവം എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
ആരാധന അര്‍പ്പിക്കപ്പെടുന്നത് എന്തോ, അതാണ് ദൈവം എന്നതുകൊണ്ടുള്ള വിവക്ഷ. ആരാധനയുടെ മജ്ജ പ്രാര്‍ഥനയാണ്, അല്ലെങ്കില്‍ പ്രാര്‍ഥന തന്നെയാണ് ആരാധന എന്നും പറയാം. പ്രാര്‍ഥിക്കപ്പെടുവാന്‍, അല്ലെങ്കില്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവനായി ആരുമില്ല, ഒന്നുമില്ല അല്ലാഹു അല്ലാതെ. മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും സ്രഷ്ടാവും പരിപാലകനുമായ സമാരാധ്യനായ ദൈവത്തെ കുറിക്കുന്ന അറബി പദമാണ് 'അല്ലാഹു'.
'അല്ലാഹു' എന്നു പറയുമ്പോള്‍ അത് മുസ്ലിംകള്‍ എന്നു പറയുന്ന ഒരു ജനവിഭാഗത്തിന്‍റെ ഒരു കുലദൈവമാണെന്ന് പലരും തെറ്റുധരിച്ചതുപോലെ തോന്നുന്നു. അമുസ്ലിംകള്‍ മാത്രമല്ല, മുസ്ലിംകളാണെന്നവകാശപ്പെടുന്നവരിലും ഒരു വലിയ വിഭാഗം അങ്ങിനെ ധരിച്ചു വശായിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യ പ്രപഞ്ചത്തെയും അതിന്നപ്പുറമുള്ളതിനെയും ശൂനണ്ടണ്ട്യതയില്‍ നിന്ന് സൃഷ്ടിച്ച് നിലനില്‍പ് നല്‍കി പരിപാലിച്ച് അനുക്രമം വളര്‍ത്തിക്കൊണ്ടു വരുന്ന, സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ സ്രഷ്ടാവായ പ്രപഞ്ചകര്‍ത്താവാണ് അല്ലാഹു. മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും മറ്റെല്ലാ ജനവിഭാഗങ്ങളുടെയും കറുത്തവരുടെയും വെളുത്തവരുടെയും പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും സകലചരാചരങ്ങളുടെയും എല്ലാം സ്രഷ്ടാവും പരിപാലകനുമാണ് അല്ലാഹു. ഏതെങ്കിലും ഒരു ഭാഷക്കാരുടെയോ ദേശക്കാരുടെയോ വര്‍ഗക്കാരുടെയോ സ്വന്തമല്ല; എല്ലാവരുടെയും യഥാര്‍ഥ ദൈവം അവന്‍ മാത്രമാണ്.
എല്ലാ മനുഷ്യമനസുകളില്‍ നിന്നും എല്ലാ സൃഷ്ടികളില്‍ നിന്നും പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ഥനകള്‍ അവങ്കലേക്കാണ് ഉയരുന്നത്. 'ദൈവമേ', 'ഓ ഗോഡ്', 'ഈശ്വരാ' എന്നെല്ലാം മനുഷ്യന്‍ വിളിക്കുമ്പോള്‍ അവന്‍ ഏതു വിഭാഗത്തില്‍പ്പെട്ടവനായാലും ഉദ്ദേശിക്കുന്നത് സ്രഷ്ടാവായ, പ്രപഞ്ച കര്‍ത്താവായ അല്ലാഹുവിനെയാണ്! ഏതു പേരില്‍ വിളിച്ചാലും മനുഷ്യനില്‍നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ഥന, അവരുടെ സ്രഷ്ടാവനിനോടുള്ളതാണ്. മറ്റുള്ള ക്രിത്രിമ ദൈവങ്ങളെ മനുഷ്യര്‍ കെട്ടിച്ചമച്ചുണ്ടാക്കി, പ്രാര്‍ഥിക്കാനുള്ള മനുഷ്യരുടെ വാഞ്ഛയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. പ്രകൃതിവിരുദ്ധവും സത്യവിരുദ്ധവുമായ ഈ പോക്കിന്, മനുഷ്യരുടെ യഥാര്‍ഥ ശത്രുവായ പിശാച് ആക്കം കൂട്ടുന്നു. അത്തരം ആരാധകളും പ്രാര്‍ഥനകളും ഫലസിദ്ധിയുള്ളതും നല്ലതുമാണ് എന്ന പ്രതീതി മനുഷ്യമനസ്സിലുണ്ടാക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിച്ച് പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
'ആരാധ്യനായിട്ട് ആരുമില്ല അല്ലാഹുവല്ലാതെ' എന്ന ലളിതമായ ഇസ്ലാമിന്‍റെ പ്രതിജ്ഞാവാക്യം യഥാര്‍ഥ മനുഷ്യ പ്രകൃതിക്ക് യോജിച്ചതാണെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയില്‍ മുഴുകിയവര്‍ക്ക് അത് വളരെ പ്രയാസമുള്ള കാര്യമായി അറിയപ്പെടുന്നു. അവരുടെ ബുദ്ധിയും വിജ്ഞാനവുമെല്ലാം ബഹുദൈവാരാധനയെ ന്യായീകരിക്കുവാനും സ്ഥാപിക്കുവാനും ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ സാക്ഷാല്‍ ദൈവം മാത്രമാണ് എന്ന സത്യം ഗ്രഹിക്കുവാന്‍ അവരുടെ ബുദ്ധിയും വിജ്ഞാനവുമൊന്നും സഹായകമാകുന്നില്ല. ലൗകികവിഷയങ്ങളെല്ലാം വളരെ ബുദ്ധിയോടും വിവേകത്തോടും കൈകാര്യം ചെയ്യുന്നവര്‍ ആരാധനയുടെ വിഷയം വരുമ്പോള്‍ അന്ധമായ അനുകരണത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ബുദ്ധിക്കും വിവേകത്തിനും ആരംഗത്ത് സ്ഥാനമില്ല എന്ന നിലപാടാണ് അധികമാളുകളും കൈക്കൊള്ളുന്നത്.