അമീർ

ചതഞ്ഞതും നഗ്‌നവുമായ കുഞ്ഞു പാദങ്ങൾ
പൊടിയിലൂടെയും നിരാശയിലൂടെയും
കിലോമീറ്ററുകൾ നടന്നു.
ചെരിപ്പില്ല, വെള്ളമില്ല, മുകളിൽ തണലില്ല.
വിശപ്പും പ്രതീക്ഷയും, കുഞ്ഞുമനസ്സിന്റെ
ശുദ്ധമായ സ്‌നേഹവും മാത്രം.
സഹായത്തിനായി അവൻ കൈ നീട്ടി,
സന്തോഷത്താൽ ചെറുകണ്ണുകൾ വിടർന്നു.
ഭക്ഷണപ്പൊതി മുറുകെ പിടിച്ച്
പുഞ്ചിരിയോടെ അവൻ നന്ദി പറഞ്ഞു,
പട്ടാളക്കാരന്റെ കൈയിൽ ചുംബിച്ചു.
മരണം അരികെ എന്നറിയാതെ
കുറച്ചു നേരം കാത്തു നിന്നു.
വെടിയുണ്ടകൾ പ്രായമോ പേരോ ചോദിക്കുന്നില്ല.
നീതി തീയിലും ജ്വാലയിലും എരിഞ്ഞ് തീർന്നു.
അവൻ ഒരു പോരാളിയായിരുന്നില്ല,
കൈയിൽ ആയുധമില്ലതാനും.
വഞ്ചനയെന്തെന്നറിയാത്ത ബാലനാണവൻ.
പോരാടുവാനല്ല; ഒരു നേരത്തെ ആഹാരത്തിന്
വേണ്ടിയായിരുന്നു അവൻ നടന്നത്.
പ്രത്യാശയായിരുന്നു അവന്റെ വഴിക്കാട്ടി,
എന്നിട്ടും അവർ അവന്റെ ശ്വാസമെടുത്തു.
എത്ര ക്രൂരമായ കൊലപാതകം!
നിഷ്‌കളങ്കതയുടെ നിലവിളികൾ
ഹൃദയങ്ങളിൽ നിലനിൽക്കുമെന്നറിയുക.
എല്ലാ കണ്ണുനീരും കാണുന്ന,
എല്ലാ നിലവിളികളും കേൾക്കുന്ന,
ഏറ്റവും നീതിമാനായ, അത്യുന്നതനായ ഒരു നാഥനുണ്ട്.
ആളിക്കത്തുന്ന ജ്വാല പോലെ അവന്റെ കൽപന വന്നാൽ
ഒരു സ്വേച്ഛാധിപതിയും നിലനിൽക്കില്ല.
തിന്മയുടെ സൈന്യം മഞ്ഞുപോലെ ഉരുകിത്തീരും;
അർക്കരശ്മികൾ വിതറപ്പെടുമ്പോൾ
മാഞ്ഞു പോകുന്ന നിഴലുകൾ പോലെ,
തിരമാലകൾ ആഞ്ഞടിക്കുമ്പോൾ പൊളിയുന്ന
മണൽക്കൊട്ടാരങ്ങൾ പോലെ...