അന്യ സ്ത്രീ-പുരുഷ സമ്പർക്കം; ജാഗ്രത പാലിക്കുക.

മൗനം പാലിക്കാൻ ഒരിക്കലും പാടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഉണർത്തലും, ഉപദേശിക്കലും നിർബന്ധമായിരിക്കുകയാണ്. മാത്രവുമല്ല, അതിനെ സൂക്ഷിക്കലും വിട്ടുനിൽക്കലും അനിവാര്യവുമാണ്. ചില നാടുകളിൽ കുറച്ച് ജാഹിലുകളിൽ (അജ്ഞരിൽ) കണ്ടുവരുന്ന വിഷയമാണ് മഹ്റമുകളല്ലാത്ത സ്ത്രീ -പുരുഷന്മാർ തമ്മിൽ കൂടിക്കലരൽ എന്നത്. അവരുടെ പിതാക്കളിലും പൂർവ്വ പിതാക്കളിലുമുള്ള പതിവാണിതെന്നും, അവരുടെ ഉദ്ദേശ്യം നല്ലതാണെന്നുമൊക്കെയുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ട് പ്രസ്തുത വിഷയത്തിൽ യാതൊരു പ്രശ്നവും അവർ നോക്കിക്കാണുന്നില്ല. ഉദാഹരണത്തിനായി ഒരു സ്ത്രീ തന്റെ കുടുംബക്കാരിലുൾപ്പെടുന്ന ഭർത്താവിന്റെ സഹോദരൻ, സഹോദരിയുടെ ഭർത്താവ്, അമ്മാവന്റെ മക്കൾ തുടങ്ങിയവരുടെ കൂടെ യാതൊരു മറയും കുഴപ്പവുമില്ലാതെ ഇരിക്കുന്നതായി കാണാം.

ഒരു സ്ത്രീ അന്യപുരുഷന്മാരിൽ നിന്നും മറ സ്വീകരിക്കലും, മുഖം മറക്കലുമൊക്കെ ഖുർആനും സുന്നത്തും സലഫു സ്സ്വാലിഹുകളുടെ ഇജ്മാഉം അറിയിക്കുന്ന പ്രകാരം നിർബന്ധമായ കാര്യങ്ങളാണ് എന്നത് അറിയപ്പെട്ടതാണ്.

അല്ലാഹു പറയുന്നു : 

وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ [النور : ٣١]

"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര താഴ്ത്തിയിട്ടുകൊള്ളട്ടെ."[അനൂർ : 31]

അല്ലാഹു പറഞ്ഞു :

 يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا 

സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല.തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യമാകുന്നു. [അൽ അഹ്സാബ് : 53]

അല്ലാഹു പറഞ്ഞു :

يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا [الأحزاب : ٥٩]

 

നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [അൽ അഹ്സാബ് : 59]

മേൽവസ്ത്രത്തിന്റെ സ്ഥാനത്തു നിൽക്കുന്ന മുഖമക്കനയുടെ മുകളിലിടുന്ന തട്ടമാണ് ജിൽബാബ് കൊണ്ടുള്ള ഉദ്ദേശ്യം.

ഉമ്മു സലമ رضي الله عنها പറഞ്ഞു : ഈ ആയത്ത് ഇറങ്ങിയതു മുതൽ അൻസ്വാരീ വനിതകൾ പുറത്തിറങ്ങിയിരുന്നത് വസ്ത്രങ്ങൾ കൊണ്ടുള്ള കാക്കകൾ അവരുടെ തലയിൽ ഉള്ളതുപോലെയായിരുന്നു. (കടും കറുപ്പിനെ സൂചിപ്പിക്കുന്നതാണിത്.)

ഒരു സ്ത്രീയുടെ തലയും, മുടിയും, കഴുത്തും, മുഖവും, അവരുടെ മഹ്റമല്ലാത്തവരിൽ നിന്നും മറച്ചുവെക്കൽ നിർബന്ധമാണെന്ന് ഈ ആയത്തുകൾ സ്പഷ്ടമായി അറിയിക്കുന്നുണ്ട്. ഇവയെ അവർക്ക് മുന്നിൽ പ്രദർശിപ്പിക്കൽ ഹറാമുമാണ്. 

സുന്നത്തിൽ നിന്നുള്ള തെളിവുകൾ :

പ്രവാചകൻ ﷺ പെരുന്നാൾ നമസ്കാര സ്ഥലത്തേക്ക് സ്ത്രീകളെ അയക്കണമെന്ന് കൽപ്പിച്ചപ്പോൾ അവർ പറഞ്ഞു : അല്ലാഹുവിന്റെ പ്രവാചകരേ! ഞങ്ങളിൽ ഒരാൾക്ക് ജിൽബാബില്ല. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു : "അവരുടെ സഹോദരി അവരെ തന്റെ ജിൽബാബിൽ നിന്നും ധരിപ്പിച്ചു കൊള്ളട്ടെ" [ബുഖാരി, മുസ്ലിം]

സ്വഹാബി വനിതകൾ തങ്ങളുടെ വീടുകളിൽ നിന്നും ജിൽബാബ് ധരിക്കാതെ പുറത്തു പോകാറില്ല എന്നും, ജീൽബാബ് ധരിക്കാതെ പ്രവാചകൻ അവരെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല എന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.

ഇരു സ്വഹീഹുകളിൽ (ബുഖാരി, മുസ്ലിം) സ്ഥിരപ്പെട്ട ഒരു ഹദീസിൽ ആയിഷ رضي الله عنها പറയുന്നു : 'സ്ത്രീകൾ നബി ﷺ യുടെ കൂടെ പ്രഭാത (ഫജർ) നമസ്കാരത്തിൽ മൂടുപടങ്ങൾ പുതച്ചു കൊണ്ട് പങ്കെടുത്തിരുന്നു. നമസ്കാരം കഴിഞ്ഞാൽ അവർ വീടുകളിലേക്ക് തിരിച്ചു പോകും. ഇരുട്ട് കാരണം ആരും അവരെ തിരിച്ചറിഞ്ഞിരുന്നില്ല.' ശേഷം മഹതി പറഞ്ഞു : 'സ്ത്രീകളുടെ കൂട്ടത്തിൽ നാം ഇന്നു കാണുന്നതുപോലെ പ്രവാചകൻ കണ്ടിരുന്നുവെങ്കിൽ ബനൂ ഇസ്രാഈലുകാർ അവരുടെ സ്ത്രീകളെ തടഞ്ഞതുപോലെ പ്രവാചകനും അവരെ തടയുമായിരുന്നു'

ഏറ്റവും നല്ല നൂറ്റാണ്ടുകാരായ, അല്ലാഹു അത്യധികം ആദരിച്ചവരായ, ഉൽകൃഷ്ട സ്വഭാവ-മര്യാദയുള്ളവരായ, പൂർണമായ ഈമാനിനും സൽകർമ്മങ്ങൾക്കും ഉടയവരായ സ്വഹാബാ വനിതകളുടെ പതിവായിരുന്നു ഹിജാബും മറ സ്വീകരിക്കലുമെല്ലാം.

ആയിഷ رضي الله عنها യിൽ നിന്ന് നിവേദനം : "പ്രവാചകന്റെ കൂടെ നമ്മൾ ഇഹ്റാമിലായിരിക്കെ നമുക്ക് മുന്നിലൂടെ ഒരു യാത്രാസംഘം കടന്നുപോയാൽ നാമോരോരുത്തരും മുഖത്തേക്ക് ജിൽബാബിനെ താഴ്ത്തുകയും അവർ വിട്ടുകടന്നാൽ നാം അതിനെ ഉയർത്തുകയും ചെയ്യുമായിരുന്നു."[അഹ്‌മദ്, അബൂദാവൂദ്, ഇബ്നു മാജ]

"നാമോരോരുത്തരും മുഖത്തേക്ക് ജിൽബാബിനെ താഴ്ത്തുമായിരുന്നു" എന്ന് ആയിഷ رضي الله عنها പറഞ്ഞ കാര്യം അറിയിക്കുന്നത് മുഖം മറക്കൽ നിർബന്ധമാണ് എന്നതാണ്. കാരണം, ഇഹ്റാമിൽ മതനിയമമായിട്ടുള്ളത് മുഖത്തെ വെളിവാക്കലാണ്. മുഖം വെളിവാക്കുന്നതിൽ നിന്നുള്ള ശക്തമായ തടസ്സം ഇല്ലായിരുന്നുവെങ്കിൽ അത് (മുഖം) അങ്ങനെ തന്നെ നിലനിൽക്കലാണ് നിർബന്ധം.

സ്ത്രീകളുടെ തനിച്ചുള്ള യാത്രകളെയും, അന്യപുരുഷന്മാർക്ക് സ്ത്രീ മുഖം വെളിവാക്കുന്നതിനെയും പറ്റി നമ്മൾ ആലോചിക്കുകയാണെങ്കിൽ ഇവയിൽ ധാരാളം കുഴപ്പങ്ങൾ ഉള്ളതായി നമുക്ക് കാണാം. അവയിൽ ചിലതാണ് :

സ്ത്രീയുടെ മുഖത്തിന്റെ വെളിവാകുന്നത് കൊണ്ടുണ്ടാക്കുന്ന ഫിത്ന, അതാവട്ടെ തിന്മയുടെയും കുഴപ്പത്തിന്റെയും ഏറ്റവും വലിയ പ്രേരകവുമാണ്. ഒപ്പം സ്ത്രീയുടെ ലജ്ജ നഷ്ടപ്പെടുകയും അതിലൂടെ ആണുങ്ങൾ ഫിത്നയിലകപ്പെടുകയും ചെയ്യുന്നു. ഇതിലൂടെ അന്യ പുരുഷന്മാരുടെ സാന്നിധ്യത്തിൽ വെച്ച് സ്ത്രീ തന്റെ മുഖത്തെ പ്രദർശിപ്പിക്കുന്നത് നിഷിദ്ധമാണ് എന്ന് വ്യക്തമാകുന്നു. അതോടൊപ്പം തന്റെ ശരീരത്തിലെ നെഞ്ച്, കഴുത്ത്, കണങ്കാലുകൾ പോലുള്ളവയെ അന്യപുരുഷന്മാരുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിക്കൽ നിഷിദ്ധമാകും. നിശ്ചയമായും, ഒരു സ്ത്രീ മുഖം കാണിക്കുന്നതിലും, യാത്ര ചെയ്യുന്നതിലും താൻ പുരുഷന്മാരെപ്പോലെയാണ് എന്ന് കരുതിയാൽ അവരോടൊപ്പം കൂടിക്കലരുമ്പോൾ അവൾക്ക് നാണവും ലജ്ജയും ഇല്ലാതാകും. ഇത് വലിയ ഫിത്നയും ഭയങ്കര കുഴപ്പവുമാണ്.

ഒരിക്കൽ പ്രവാചകൻ ﷺ പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ വഴിയിൽവെച്ച് സ്ത്രീകൾ പുരുഷന്മാരോട് ഇടകലർന്നതായി കണ്ടു. പ്രവാചകൻ പറഞ്ഞു : "സ്ത്രീകളേ! നിങ്ങൾ കാത്തിരിക്കുക, പുരുഷന്മാർ പോകുന്നതുവരെ നിങ്ങൾ വഴിയുടെ ഇടയിലൂടെ പോവാതെ ഇരുവശത്തും നിൽക്കുക." സ്ത്രീകളുടെ വസ്ത്രങ്ങൾ മതിലിനോട് ചേർന്ന രൂപത്തിൽ അവർ ഒട്ടിച്ചേർന്നുനിന്നു.

സൂറതു ന്നൂറിലെ 31ാമത്തെ വചനം വിശദീകരിക്കുന്ന വേളയിൽ ഇബ്നു കഥീർ رحمه الله പറഞ്ഞു : " ആയതിനാൽ സ്ത്രീ തന്റെ മുഖത്തെ മഹ്റമുകളല്ലാത്തവർക്ക് വെളിവാക്കൽ ഹറാമും, അതിനെ മറക്കൽ നിർബന്ധവുമാണ്. അതുപോലെ അവരോടൊപ്പം തനിച്ചാകുന്നതും, ഇടകലരുന്ന തും, സലാം പറയാനായി അവർക്ക് കൈ കൊടുക്കുന്നതും ഹറാമായ കാര്യങ്ങളാണ്. തീർച്ചയായും അവളുടെ അലങ്കാരത്തിലേക്ക് നോക്കാൻ അനുവദിക്കപ്പെട്ടവരെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹു പറയുന്നു :

وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِىٓ إِخۡوَٰنِهِنَّ أَوۡ بَنِىٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيۡرِ أُوْلِى ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ [النور : ٣١]

"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." [അനൂർ : 31]

എന്നാൽ ഭർത്താവിന്റെ സഹോദരൻ, സഹോദരിയുടെ ഭർത്താവ്, മാതൃസഹോദരിയുടെയും മാതൃ സഹോദരന്റെയും പിതൃവ്യന്റെയും മക്കൾ, തുടങ്ങിയവർ മഹ്റമുകളിൽ പെടുന്നവരല്ല. അവർ ഈ സ്ത്രീയുടെ മുഖത്ത് നോക്കിയാൽ ഫിത്നയിൽ അകപ്പെടും എന്നതിനാൽ അവരുടെ അടുക്കൽ വെച്ച് തന്റെ ജിൽബാബ് ഉയർത്തലും അനുവദനീയമല്ല. 

ഉഖ്ബതു ബ്നു ആമിർ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : " സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക." അപ്പോൾ അൻസ്വാറുകളിൽ നിന്നും ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഹമ്'വിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ് ?. നബി ﷺ പറഞ്ഞു: "ഹമ്'വ് മരണമാണ്." [മുത്തഫഖുൻ അലൈഹി] ഹമ്'വ് എന്നാൽ ഭർത്താവിന്റെ സഹോദരൻ, ഭർത്താവിന്റെ അമ്മാവൻ തുടങ്ങിയവരാണ്. കാരണം, അവർ യാതൊരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കടന്നുവരുന്നവരാണ്. ഭർത്താവിന്റെ അടുത്ത കുടുംബമായി എന്നതുകൊണ്ട് മാത്രം അവർ മഹ്റമുകളാകുന്നില്ല. അതിനാൽ തന്നെ അവർ വിശ്വാസയോഗ്യരായ നല്ലവരാണെങ്കിലും ശരി

ഒരു സ്ത്രീ തന്റെ അലങ്കാരത്തെ അവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ല. കാരണം, മുമ്പ് സൂചിപ്പിച്ച ആയത്തിലൂടെ പെണ്ണിന് അലങ്കാരം പ്രദർശിപ്പിക്കൽ അനുവദിക്കപ്പെട്ടവരെ അല്ലാഹു ക്ലിപ്തമാക്കി പഠിപ്പിച്ചിട്ടുണ്ട്. ഭർത്താവിന്റെ സഹോദരൻ, ഭർത്താവിന്റെ അമ്മാവൻ, അമ്മാവന്റെ മകൻ തുടങ്ങിയവരൊന്നും തന്നെ ഇവരിൽ ഉൾപ്പെടുകയില്ല.

ഒരു ഹദീസിൽ നബി ﷺ പറഞ്ഞു: "മഹ്റമായ ഒരാൾ കൂടെയില്ലാതെ ഒരു സ്ത്രീ അന്യ പുരുഷനുമായി തനിച്ചാവാൻ പാടില്ല."[മുത്തഫഖുൻ അലൈഹി]

മഹ്റം എന്നതുകൊണ്ടുള്ള വിവക്ഷ: രക്തബന്ധം, വിവാഹബന്ധം, മുലകുടിബന്ധം എന്നിവ സ്ഥിരപ്പെടുത്തുന്നതിലൂടെ ഒരു സ്ത്രീക്ക് വിവാഹം ചെയ്യൽ നിഷിദ്ധമായ ആളുകൾ. ഉദാഹരണം: ഉപ്പ,സഹോദരപുത്രൻ, അമ്മാവൻ മുതലായവർ.

പിശാച് അവരെ വഴി പിഴപ്പിക്കാതിരിക്കാനും, കുഴപ്പമുണ്ടാക്കാതിരിക്കാനും, തിന്മയെ അവർക്ക് അലങ്കാരമാക്കി കാണിക്കാതിരിക്കാനും വേണ്ടി മാത്രണ് പ്രവാചകൻ ﷺ ഇതിനെ വിലക്കിയിട്ടുള്ളത്. നബി ﷺ പറഞ്ഞതായി സ്ഥിരപ്പെട്ടതാണ്: "ഒരു പുരുഷനും സ്ത്രീയും തനിച്ചാവരുത്. അങ്ങനെയായാൽ മൂന്നാമനായി പിശാച് അവരിലുണ്ടാകും."[ അഹ്മദ്]

ആരുടെയെങ്കിലും നാട്ടിലെ പതിവ് ഇതിന്നെതിരായിട്ടാണ് എങ്കിൽ ഈ പതിവിനെ ഒഴിവാക്കാൻ അവൻ അങ്ങേയറ്റം പരിശ്രമിക്കുകയും, ഇതിനെ തുടച്ചുനീക്കാൻ പരസ്പരം സഹായിക്കുകയും, ഇതിന്റെ തിന്മയിൽ നിന്ന് ഒഴിവാകുകയും ചെയ്യൽ നിർബന്ധമാണ്. അഭിമാനത്തെ സംരക്ഷിക്കാനും, നന്മയിലും തഖ്'വയിലും പരസ്പരം സഹായിക്കാനും, അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനയെ നടപ്പിൽ വരുത്താനും വേണ്ടിയാണ് ഇത്. അതോടൊപ്പം, മുമ്പ് അവരിലുണ്ടായതിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുകയും, നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും അതിൽ തുടരാനും അവർ പരിശ്രമിച്ചു കൊള്ളുകയും ചെയ്യട്ടെ. സത്യത്തെ സഹായിക്കുന്നതിലും നിരർത്ഥകതയെ തള്ളിക്കളയുന്നതിലും ഒരു ആക്ഷേപകന്റെ ആക്ഷേപവും അവരെ ബാധിക്കാതിരിക്കട്ടെ. ജനങ്ങളുടെ കളിയാക്കലും കൊച്ചാക്കലും അവരെ തടയാതിരിക്കട്ടെ. തൃപ്തിയോടെയും, അനുസരണത്തോടെയും, അല്ലാഹുവിന്റെ അടുക്കലുള്ളതിനോടുള്ള ആഗ്രഹത്തോടെയും, അവന്റെ ശിക്ഷയെ പറ്റിയുള്ള ഭയത്തോടെയും അവന്റെ മതത്തെ പിൻപറ്റൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്. ഏറ്റവും വലിയ സ്നേഹിതനും, അടുപ്പമുള്ളവനുമൊക്കെ ഈ കാര്യത്തിൽ എതിർത്തു നിന്നാലും ശരി. അല്ലാഹു മതനിയമമാക്കാത്ത പതിവുകളെയും, ദേഹേഛകളെയും പിൻപറ്റൽ ഒരിക്കലും അനുവദനീയമല്ല. കാരണം, ഇസ്ലാമാണ് സത്യമതവും, നേർമാഗ്ഗവും എല്ലാ കാര്യത്തിലുള്ള നീതിയും. ഉൽകൃഷ്ട സ്വഭാവങ്ങളിലേക്കും, സൽകർമ്മങ്ങളിലേക്കും, ഇവയെ എതിരാകുന്നവയെ നിരോധിക്കുന്നതിലേക്കുമുള്ള പ്രബോധനം ഈ മതത്തിലുണ്ട്.

وصلى الله على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين...

📚✒️📚✒️📚✒️📚✒️📚✒️📚

^^^^^^^^^^^^^^^^^^^^^^^^^^^^ 

 

✍🏻 എഴുതിയത് :

ശൈഖ് ഇ

ബ്നു ബാസ് رحمه الله

 

✍🏻 ആശയ വിവർത്തനം :

ഫായിസ് മഹ്‌മൂദ് അൽഹികമി