അനുപാതത്തിലെ യുക്തി

ഏഴ്: ഇസ്‌ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് സ്ത്രീയുടെ ഓഹരി പുരുഷനെയപേക്ഷിച്ച് കുറവാണെന്ന വാദഗതി തികച്ചും ബുദ്ധിശൂന്യമായ ഒരു വൈകാരിക പ്രശ്നമാണ്. ഇസ്‌ലാം ഈ വിഷയം കുടുംബജീവിത വ്യവസ്ഥയെ പരിഗണിച്ചു കൊണ്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മനുഷ്യന്റെ സാമൂഹ്യബന്ധംപോലെ മനുഷ്യനിയമങ്ങളുടെ പരസ്പരബന്ധവും ഇസ്‌ലാം അതിസൂക്ഷ്മമായി പരിഗണിച്ചിരിക്കുന്നു. സ്വത്തു വിഭജനം നടത്തുമ്പോൾ സ്ത്രീക്കും പുരുഷനും കുടുംബജീവിതത്തിലും ഗൃഹഭരണത്തിലുമുള്ള ഭാഗധേയവും ബാധ്യതകളും അവഗണിക്കുന്നത് ബുദ്ധിയല്ല. സ്ത്രീയെ വിവാഹംവരെ പിതാവും ശേഷം ഭർത്താവുമാണ് സംരക്ഷിക്കേണ്ടത്. അതാണ് രക്ഷണത്തിന്നു വേണ്ടിയും സമ്പാദിക്കേണ്ടവനാണ്. ഈ വ്യത്യാസം പരിഗണിക്കാത്ത ദായക്രമം നീതിയല്ല. ദ്രോഹമാണ്.

പരസ്പരം അടുത്തും ഇടകലർന്നും ജീവിക്കുന്ന നമ്മുടെ സാമൂഹ്യക്രമത്തിൽ തന്റെ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയിലൊതുങ്ങുന്നില്ല ബാധ്യതകൾ. പൊതുകാര്യങ്ങളിലും വ്യക്തികൾ പങ്കാളികളാണ്. സ്ത്രീയും പുരുഷനും എല്ലാം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രാഷ്ട്രവികസനം, അനാഥ സംരക്ഷണം, ദാനധർമ്മങ്ങൾതുടങ്ങി ഗൃഹത്തിനുപുറത്തുള്ള ബാധ്യതകൾ ഏറെയുണ്ട്. ഇവയിൽ സ്ത്രീക്കു പങ്കാളിയാവണമെന്നത് ശരിയാണ്. ഗൃഹഭരണം പുരുഷന്മാരുടെ ഉത്തരവാദിത്വത്തിലാണെന്നു നാം കണ്ടു കഴിഞ്ഞു. പക്ഷെ താരതമ്യേന ഈ വിഷയങ്ങളിലും ചിലപ്പോൾ പുരുഷന്റെ ബാധ്യതയാണ് കൂടുതൽ. ഇതെല്ലാംകൂടി അനന്തരാവകാശ നിയമത്തിൽ അല്ലാഹു പരിഗണിച്ചിരിക്കുന്നുവെന്ന് ചിന്തിക്കുന്നവർക്ക് കണ്ടെത്താൻ പ്രയാസമില്ല. നാം നിനക്കാത്ത കാര്യങ്ങളറിയുന്നവനാണ് അല്ലാഹു. നമുക്കറിയാത്ത പലതും അവന്റെ നിയമകൽപ്പനകളിൽ അന്തർഭവിച്ചിരിക്കും എന്നതിൽ സംശയമില്ല. "അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്" എന്ന് അനന്തരാവകാശ നിയമങ്ങളുടെകൂടെയെന്നപോലെ പല സ്ഥലങ്ങളിലും ക്വുർആനിൽ കാണാം. അതുകൊണ്ട് ഓഹരിയുടെ അടിസ്ഥാനം സ്ത്രീയുടെതായി കാണുകയും പുരുഷന്റെ അധിക ബാധ്യത കണക്കിലെടുത്ത് സ്ത്രീയുടെ ഇരട്ടി അവന്ന് നിശ്ചയിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ

"നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങളോട് നിർദ്ദേശിക്കുന്നു. ആണിന്നു രണ്ടു പെണ്ണിന്റെ ഓഹരിക്ക് തുല്യമായതാണുള്ളത് എന്ന്"(ക്വുർആൻ 4:11)

... ۚ وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ...

"അവർ (അവകാശികൾ), ആണുങ്ങളും പെണ്ണുങ്ങളുമായ സഹോദരങ്ങളായാൽ പുരുഷന്നു രണ്ടു സ്ത്രീയുടെ ഓഹരിക്ക് തുല്യമായതുണ്ട്. (ക്വുർആൻ 4:176)

പുരുഷന്റെ ഈ അനുപാത വ്യത്യാസം സ്ത്രീയുടെ അവകാശത്തെ നിഷേധിച്ചതല്ല, മറിച്ച് സാമൂഹ്യക്രമത്തിലെ ഒരു അനിഷേധ്യ യാഥാർത്ഥ്യം അംഗീകരിച്ചതാണെന്ന് ഇപ്പോൾ വ്യക്തമായല്ലോ. ഇസ്‌ലാമിലെ പിന്തുടർച്ചാവകാശ നിയമം മുഖേന സ്ത്രീ അവഗണിക്കപ്പെട്ടു എന്ന ജല്പനങ്ങൾ ഇസ്‌ലാമിന്റെ ശത്രുക്കളുടെ പ്രചാരണങ്ങളല്ലാതെ മറ്റൊന്നുമല്ലതാനും.